റായ്‌പൂർ: ഛത്തീസ്‌ഡിലെ ദന്തേവാഡ ജില്ലയിൽ ബുധനാഴ്‌ച മാവോയിസ്‌റ്റ് ആക്രമണത്തിൽ പൊലിഞ്ഞത് 11 ജീവനുകളാണ്. മാവോയിസ്‌റ്റ് ശക്തികേന്ദ്രമായ ഛത്തീസ്‌ഡിൽ നക്‌സൽ ആക്രമണങ്ങൾ നിത്യസംഭവമാണ്. സർക്കാർ തലത്തിൽ നിരവധി പ്രതിരോധ പ്രവർത്തനങ്ങളും സൈനിക നീക്കങ്ങളും നടത്താറുണ്ടെങ്കിലും ഛത്തീസ്‌ഗഡ് മാവോയിസ്‌റ്റ് ആക്രമണങ്ങളുടെ തലസ്ഥാനമായി തുടരുകയാണ്.
2019ൽ കേന്ദ്ര സർക്കാർ പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഒമ്പത് വർഷത്തിനിടെ മാത്രം മാവോയിസ്‌റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടത് മൂവായിരത്തിലധികം ആളുകളാണ്. ദന്തേവാഡ, ബസ്‌തർ, ബീജാപൂർ, കാങ്കർ, കൊണ്ടഗാവ്, നാരായൺപൂർ, രാജ്‌നന്ദ്ഗാവ്, സുക്‌മ എന്നീ ജില്ലകളാണ് പ്രധാനമായും ആക്രമണത്തിന് കേന്ദ്രമാകുന്നത്. ഛത്തീസ്‌ഗഡിലെ പ്രധാന മാവോയിസ്‌റ്റ് ആക്രമണങ്ങൾ പരിശോധിക്കാം.
ഏപ്രിൽ 2021: നക്‌സലുകളുമായുള്ള ഏറ്റുമുട്ടലിൽ 22 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ബീജാപൂർ, സുക്‌മ ജില്ലകളുടെ അതിർത്തിയിലുള്ള കാടുകളിൽ വച്ചാണ് ആക്രമണം നടത്തിയത്.
മാർച്ച് 2018: സുക്‌മ ജില്ലയിൽ മാവോയിസ്റ്റുകൾ നടത്തിയ ഐഇഡി സ്ഫോടനത്തിൽ ഒമ്പത് സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.
ഫെബ്രുവരി 2018: നക്‌സലുകളുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഛത്തീസ്‌ഗഢ് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. സുഖ്‌മയിലെ ഭേജിയിൽ ഫെബ്രുവരി 18നാണ് ആക്രമണം നടന്നത്.
ഏപ്രിൽ 2017: സുക്‌മയിൽ മാവോയിസ്‌റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ 24 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടു. ഏപ്രിൽ 24നാണ് ആക്രമണം നടന്നത്.
മാർച്ച് 2017: മാർച്ച് 12ന് സുക്‌മയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ 12 സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടു.
മാർച്ച് 2014: മാവോയിസ്റ്റ് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഈ ആക്രമണം നടന്നതും സുക്‌മ ജില്ലയിൽ തന്നെ.
ഫെബ്രുവരി 2014: ദന്തേവാഡ ജില്ലയിൽ മാവോയിസ്‌റ്റുകളുടെ ആക്രമണത്തിൽ ആറ് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.
മെയ് 2013: ദർഭ താഴ്‌വരയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ മുൻ സംസ്ഥാന മന്ത്രി മഹേന്ദ്ര കർമ്മ ഉൾപ്പെടെ 25 കോൺഗ്രസ് നേതാക്കൾ കൊല്ലപ്പെട്ടു.
മെയ് 2010: നാരായൺപൂർ ജില്ലയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ 26 സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടു.
മെയ് 2010: ബിജാപൂർ ജില്ലയിൽ നക്‌സലുകൾ ബുള്ളറ്റ് പ്രൂഫ് വാഹനം പൊട്ടിത്തെറിച്ചതിനെ തുടർന്ന് എട്ട് സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടു.
ഏപ്രിൽ 2010: മാവോയിസ്‌റ്റുകൾ 75 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടു. ദന്തേവാഡ ജില്ലയിൽ പതിയിരുന്നാണ് ആക്രമണം നടത്തിയത്.
സെപ്‌റ്റംബർ 2009: ബീജാപൂർ ജില്ലയിൽ മാവോയിസ്റ്റുകൾ നാല് ഗ്രാമവാസികളെ കൊലപ്പെടുത്തി.
ജൂലൈ 2009: ജൂലൈ 27ന് ദന്തേവാഡ ജില്ലയിൽ നക്‌സലുകൾ കുഴിബോംബ് പൊട്ടിച്ചതിനെ തുടർന്ന് ആറ് പേർ കൊല്ലപ്പെട്ടു.
ജൂലൈ 2009: ബസ്‌തർ ജില്ലയിൽ നക്‌സലുകളാൽ ഗ്രാമവാസി കൊല്ലപ്പെട്ടു.
ഡിആർജി ആസ്ഥാനത്തേക്ക് വാഹനത്തിൽ മടങ്ങുന്നതിനിടെ അറൻപുർ റോഡിൽ അക്രമികൾ സ്ഥാപിച്ച സ്ഫോടകവസ്‌തുക്കൾ പൊട്ടിത്തെറിച്ചാണ് ബുധനാഴ്‌ച ഛത്തീസ്‌ഗഡിൽ 10 ജവാന്മാർ ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടത്. മരിച്ച ഒരാൾ തദ്ദേശ സ്വദേശിയായ ഡ്രൈവറാണെന്നാണ് റിപ്പോർട്ട്. മരണസംഖ്യ സംബന്ധിച്ച പൂർണ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. മാവോയിസ്‌റ്റ് വിരുദ്ധ സുരക്ഷാസേനയെ ആക്രമിക്കുമെന്ന് കഴിഞ്ഞ ആഴ്‌ച ഭീഷണി സന്ദേശം വന്നിരുന്നെന്ന് വൃത്തങ്ങൾ പിന്നീട് അറിയിച്ചു. സംഭവത്തിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ അനുശോചനമറിയിച്ച് രംഗത്ത് വന്നു.