ബസ്‌തർ: ഛത്തീസ്‌ഗഡിലെ ബസ്‌തറിലെ വനങ്ങളിൽ നക്‌സൽ ദണ്ഡകാരണ്യ പ്രത്യേക സോണൽ കമ്മിറ്റിക്കുള്ള ആയുധവിതരണം പൂർണമായി വിച്ഛേദിച്ചതായി പൊലീസ്. മാവോയിസ്റ്റ് മേഖലകളിൽ സ്‌ഫോടകവസ്‌തുക്കൾ, മരുന്നുകൾ, ടെന്‍റ് മെറ്റീരിയലുകൾ, മറ്റ് അവശ്യവസ്‌തുക്കൾ എന്നിവയുടെ വിതരണം തടയാൻ പൊലീസ് സംഘങ്ങൾ പ്രത്യേക ഓപ്പറേഷനുകൾ നടത്തുന്നുണ്ടെന്നും ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. മാവോയിസ്റ്റ് ഭീഷണി നേരിടാൻ ഛത്തീസ്‌ഗഡ് പൊലീസ് തെലങ്കാന, ഒഡീഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുകയാണ്.
കഴിഞ്ഞയാഴ്‌ച കൊദ്‌നാറിൽ നിന്ന് ബസ്‌തറിലേക്ക് ബോംബുകളും സ്‌ഫോടക വസ്‌തുക്കളും മറ്റും കടത്താൻ ശ്രമിച്ച ഒമ്പത് പേരെ ബസ്‌തർ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ എന്നീ സംസ്ഥാനങ്ങളുമായി സംയുക്തമായി പ്രവർത്തിച്ച് നക്‌സലൈറ്റുകളുടെ വിതരണ ശൃംഖല ഇല്ലാതാക്കാനുള്ള പദ്ധതിയും തയാറാക്കിയിട്ടുള്ളതായി പൊലീസ് വ്യക്തമാക്കി.
സൗത്ത് ബസ്‌തർ മേഖലയിൽ ആയുധ താവളങ്ങൾ കണ്ടെത്തി ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തതായി ബസ്‌തർ ഐ.ജി സുന്ദർ രാജ് പി പറഞ്ഞു. പൊലീസിന്‍റെ നിരന്തരമായ സമ്മർദ്ദവും നിയന്ത്രണവും കാരണം, കൂടുതൽ രാജ്യ നിർമിത ആയുധങ്ങൾ ഉപയോഗിക്കാൻ മാവോയിസ്റ്റുകൾ നിർബന്ധിതരാകുന്നു. എന്നാൽ അത് പൊലീസിന് കാര്യമായ ഭീഷണിയല്ലെന്നും ഐജി കൂട്ടിച്ചേർത്തു.