കോർബ : ഛത്തീസ്‌ഗഡിലെ സര്‍ക്കാര്‍ ആശുപ്രതികളിലും സ്വകാര്യ ആശുപത്രികളിലും അധികൃതരുടെ ഒത്തുകളിയെ തുടര്‍ന്നുണ്ടായ ദുരന്തത്തിന്‍റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. സര്‍ക്കാര്‍ ആശുപത്രികളിലേക്ക് വരുന്ന രോഗികളെ ചികിത്സിക്കാതെ ഡോക്‌ടര്‍മാര്‍, സ്വകാര്യ ആശുപത്രികളിലേക്ക് പറഞ്ഞുവിട്ടതിനെ തുടര്‍ന്ന് ചികിത്സ ലഭിക്കാതെ മൂന്നുവര്‍ഷത്തിനിടെ 3112 പേരാണ് മരിച്ചത്. ഇ.ടി.വി ഭാരത് സംഘം നടത്തിയ അന്വേഷണത്തിലാണ് ഗുരുതരമായ സംഭവം പുറത്തായത്.
ട്രൈബൽ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം, ഛത്തീസ്‌ഗഡിലെ ആദിവാസികള്‍ ബഹുഭൂരിപക്ഷവും അധിവസിക്കുന്ന ജില്ലകളിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെയാണ് സംഭവം. 995 ഗർഭിണികൾ ഉൾപ്പെടെ 3112 പേരാണ് കൃത്യമായ ചികിത്സ ലഭിക്കാതെ മരിച്ചത്. ബൽറാംപൂർ, ബസ്‌തർ, ബീജാപൂർ, ദന്തേവാഡ, ജഷ്‌പൂർ, കാങ്കർ, കൊണ്ടഗാവ്, കോർബ, കൊരിയ, നാരായൺപൂർ, സുക്‌മ, സൂരജ്‌പൂർ, സർഗുജ എന്നീ പ്രദേശങ്ങളിലെ ആദിവാസി ജനവിഭാഗമാണ് പൊതുജനാരോഗ്യ സംവിധാനത്തില്‍ ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് മരിക്കുന്നത്.
ചികിത്സിച്ചത് ലൈസന്‍സില്ലാത്ത ആശുപത്രി
ശരിയായ ചികിത്സ ലഭിക്കാതെ മൂവായിരത്തിലേറെ പേര്‍ മരിച്ചിട്ടും അതിനെതിരെ ഊര്‍ജിതമായ നടപടി സ്വീകരിക്കാനോ ചികിത്സ ലഭ്യമാക്കാനോ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സർക്കാർ നടപടികളില്ലാത്തതിനെ തുടര്‍ന്നാണ് നിലവില്‍ ഈ തട്ടിപ്പ് സംഘം തഴച്ചുവളരുന്നത്. കൊർവ സമുദായത്തിൽപ്പെട്ട 56 കാരി സുനി ബായി ലൈസൻസില്ലാത്ത സ്വകാര്യ ആശുപത്രിയിൽ മരിച്ചതിനെ തുടര്‍ന്നാണ് ഇ.ടി.വി ഭാരത് അന്വേഷണം നടത്തിയത്. ഈ സ്‌ത്രീയെ സർക്കാർ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. ഇവരെ ചികിത്സിച്ച ഡോക്‌ടര്‍, അദ്ദേഹം ജോലി ചെയ്യുന്ന ലൈസന്‍സില്ലാത്ത സ്വകാര്യ ആശുപത്രിയായ ഗീതാദേവി മെമ്മോറിയലിലേക്ക് മികച്ച ചികിത്സ വാഗ്‌ദാനം ചെയ്‌ത് മാറ്റുകയായിരുന്നു.
തുടര്‍ന്ന്, ശസ്ത്രക്രിയയ്ക്ക് മുന്നോടിയായുള്ള തയ്യാറെടുപ്പെന്ന് പറഞ്ഞ് ആശുപത്രിയില്‍ അഡ്‌മിറ്റ് ചെയ്യുകയും മൂന്ന് ദിവസം പട്ടിണിക്കിടുകയും ചെയ്‌തു. ശേഷം ഇവര്‍ മരിച്ചു. പ്രതിഷേധമുയര്‍ന്നതോടെ അധികൃതര്‍ ആശുപത്രി സീൽ ചെയ്യുകയും ഡോക്‌ടർക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയയ്ക്കുകയും ചെയ്‌തു. സംസ്ഥാനത്തെ ഭൂരിഭാഗം ആദിവാസികളും അധിവസിക്കുന്ന ജില്ലകളിൽ 22 ലൈസൻസില്ലാത്ത ആശുപത്രികൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
സർക്കാർ ഡോക്‌ടർമാരിൽ ഭൂരിഭാഗവും ഇത്തരം ലൈസൻസില്ലാത്ത സ്വകാര്യ ആശുപത്രികളുടെ ഉടമസ്ഥരോ അത്തരം ആശുപത്രികളില്‍ ജോലി ചെയ്യുന്നവരോ ആണെന്ന് കണ്ടെത്തി. ഏജന്‍റുമാരുടെയും ആശുപത്രി ജീവനക്കാരുടെയും സഹായത്തോടെയാണ് ഇത്തരത്തില്‍ ഡോക്‌ടർമാർ തട്ടിപ്പ് നടത്തുന്നത്. ആദിവാസികളും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുമായ ജനങ്ങളെയാണ് തട്ടിപ്പിനിരയാക്കുന്നത്. ഈ രോഗികളിൽ നിന്ന് വൻ തുക 'റഫറല്‍ തട്ടിപ്പുസംഘം' ഈടാക്കുകയും ചെയ്യുന്നു. സ്വകാര്യ ആശുപത്രികളിലേക്ക് രോഗികളെ എത്തിക്കുന്ന ഏജന്‍റുമാര്‍ക്ക് വന്‍ കമ്മിഷനാണ് നൽകുന്നത്.
സൗജന്യ ചികിത്സയുള്ളപ്പോള്‍ ഈടാക്കുന്നത് ഭീമമായ തുക
അടിസ്ഥാന മെഡിക്കൽ ഉപകരണങ്ങളും യോഗ്യതയുള്ള ജീവനക്കാരും ലൈസന്‍സുമില്ലാതെയാണ് സ്വകാര്യ ആശുപത്രികൾ പ്രവര്‍ത്തിക്കുന്നത്. 'ആരെങ്കിലും ഗുരുതരമായ അസുഖം ബാധിച്ചാണ് മരിക്കുന്നതെങ്കില്‍ അത് മനസിലാക്കാവുന്നതേയുള്ളൂ. എന്നാൽ, സാധാരണ രോഗങ്ങളുള്ളവര്‍ മരിക്കുന്നെങ്കില്‍ ചികിത്സ ലഭിക്കാത്തതുകൊണ്ടും അനാസ്ഥമൂലവുമാണ്. ഇത് ഗുരുതരമായ കുറ്റകൃത്യമാണ്'. ആദിവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന അഭിഭാഷകൻ നൂതൻ സിങ് താക്കൂര്‍ പറയുന്നു.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ദന്തേവാഡ ജില്ലയിൽ മാത്രം 1753 പേരും കോർബയിൽ 103 സ്ത്രീകളുമാണ് തട്ടിപ്പിന് ഇരയായതിനെ തുടര്‍ന്ന് മരിച്ചത്. ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചു, ഗർഭച്ഛിദ്രം എന്നിങ്ങനെയുള്ള കാരണങ്ങളെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്. സർക്കാർ ആശുപത്രികളിൽ നിന്ന് സ്വകാര്യ ആശുപത്രികളിലേക്ക് രോഗികളെ മാറ്റിയപ്പോഴാണ് കൂടുതല്‍ മരണങ്ങളും സംഭവിച്ചതെന്ന് ഇ.ടി.വി ഭാരതിന്‍റെ അന്വേഷണത്തിൽ വ്യക്തമായി. സർക്കാർ ജീവനക്കാർ രാഷ്ട്രീനേതാക്കളുമായി അവിശുദ്ധ കൂട്ടുകെട്ടുനടത്തിയാണ് പൊതുജനാരോഗ്യ സംവിധാനങ്ങള്‍ തകര്‍ക്കുന്നത്.
പൊലീസ് നോക്കുകുത്തി, പടര്‍ന്ന് പന്തലിച്ച് 'റഫറല്‍ റാക്കറ്റ്'
രോഗികളെ ലൈസൻസില്ലാത്ത സ്വകാര്യ ആശുപത്രികളിലേക്കും ക്ലിനിക്കുകളിലേക്കും പോവാന്‍ നിർബന്ധിതരാക്കുന്ന സംഘത്തിനെതിരെ പൊലീസ് അന്വേഷണം നടത്താന്‍ ഒരുക്കമല്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. സുനി ബായിയുടെ മരണത്തില്‍ ഉയര്‍ന്ന പ്രതിഷേധമാണ് സംഘടിത തട്ടിപ്പിനെതിരായി ചെറിയതോതിലെങ്കിലും നടപടികൾക്ക് പ്രേരകമായത്. ആശുപത്രി മുദ്രവച്ചുപൂട്ടുകയും മൂന്ന് താത്‌കാലിക സർക്കാർ ആശുപത്രി ജീവനക്കാരെ പിരിച്ചുവിടുകയുമുണ്ടായി.
ജില്ലയിലെത്തിയ കേന്ദ്രസർക്കാർ ജോയിന്‍റ് സെക്രട്ടറി രഘുരാജ് മാധവ് രാജേന്ദ്രനോട് ഇതേക്കുറിച്ചുള്ള പ്രതികരണം ഇ.ടി.വി ഭാരത് തേടിയപ്പോള്‍ അദ്ദേഹം സംസാരിക്കാന്‍ തയ്യാറായില്ല.'സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങളുടെ കണക്കെടുക്കാനാണ് ഞാൻ വന്നത്. സർക്കാരിന്‍റെ വിവിധ ആരോഗ്യ പദ്ധതികളെക്കുറിച്ചുള്ള വിശദാംശങ്ങൾ ശേഖരിക്കുകയാണ്. മറ്റൊന്നിനെക്കുറിച്ചും പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ല'- അദ്ദേഹം പറഞ്ഞു.
ആദിവാസി സമൂഹങ്ങൾക്കെതിരായ ഇത്തരം ക്രൂരമായ ചൂഷണങ്ങൾക്കെതിരെ നടപടിയെടുക്കാൻ സർക്കാർ സംവിധാനങ്ങൾ ഊര്‍ജിതമായ ശ്രമം ഇനിയും സ്വീകരിക്കുന്നില്ല. സർക്കാർ അടിയന്തരമായി ഇടപെട്ട് ലൈസൻസില്ലാത്ത സ്വകാര്യ ക്ലിനിക്കുകൾ പൂട്ടുകയും സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്നതില്‍ നിന്ന് സര്‍ക്കാര്‍ ഡോക്‌ടർമാരെ തടയണമെന്നും പൊതുജനം ആവശ്യപ്പെടുന്നു.
ALSO READ: രഹസ്യവിവരങ്ങൾ ലഷ്‌കറെ ത്വയിബ ഭീകരർക്ക് ചോർത്തി നൽകി; ഷിംല പൊലീസ് സൂപ്രണ്ട് അറസ്റ്റിൽ