കൊരിയ: ഛത്തീസ്‌ഗഡിലെ കൊരിയ മേഖലയിലെ സോൻഹട്ടിൽ തീപ്പെട്ടിയുമായി കളിക്കവെ മുറിയിൽ സൂക്ഷിച്ചിരുന്ന വൈക്കോൽ കൂനയിൽ തീ പിടിച്ച് കുട്ടിക്ക് ദാരുണാന്ത്യം. കുട്ടി വൈക്കോൽ കൂന അബദ്ധത്തിൽ കത്തിച്ചതാണ് അപകടത്തിന് കാരണം.
മരിച്ച കുട്ടിയുടെ പിതാവ് രാധേ നഗർ നിവാസിയായ റഹം ലാൽ പാണ്ഡോ കുടുംബാംഗങ്ങൾക്കൊപ്പം ജില്ലയിലെ ആനന്ദ്പൂർ പ്രദേശത്തെ സഹോദരിയുടെ വീട്ടിലെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. അവിടെ വച്ചാണ് ചൊവ്വാഴ്ച രാത്രി സംഭവം നടന്നത്. കാലിത്തീറ്റ സൂക്ഷിച്ചിരുന്ന നിർമാണത്തിലിരിക്കുന്ന വീട്ടിലേക്ക് കുട്ടി കളിക്കാൻ കയറുകയായിരുന്നു.
കൈയില്‍ ഉണ്ടായിരുന്ന തീപ്പെട്ടി ഉപയോഗിച്ച് കളിക്കുന്നതിനിടെ വൈക്കോലിലേക്ക് തീ പടരുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് അമ്മ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കുട്ടി വെന്തുമരിക്കുകയായിരുന്നു. വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും രക്ഷാപ്രവർത്തനം സാധ്യമായില്ല.
വിവരം ലഭിച്ചതിനെ തുടർന്ന് പൊലിസ് സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അതിഭീകരമായ വേനൽക്കാലമാണ് വരാൻ പോകുന്നതെന്നും കത്തുന്ന വേനൽച്ചൂട് തീ പടർത്തുമെന്നും ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രദേശത്തെ ജനങ്ങൾ പ്രത്യേകമായി ശ്രദ്ധിക്കണമെന്ന് പ്രാദേശിക ജനപ്രതിനിധി ആളുകളോട് അഭ്യർഥിച്ചു.