ന്യൂഡല്‍ഹി: ജൂനിയർ ഗുസ്‌തി താരം സാഗർ റാണയെ കൊലപ്പെടുത്തിയ കേസിൽ ഗുസ്‌തി താരം സുശീൽ കുമാറിന്‍റെ ഒരു കൂട്ടാളിയെ കൂടി ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്‌തു. രോഹിത് കകോര്‍ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. സംഭവം നടക്കുമ്പോൾ ഛത്രാസൽ സ്റ്റേഡിയത്തിൽ കാക്കോർ സന്നിഹിതനായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സുശീൽ കുമാറിന്‍റെ കൂട്ടാളികളായ രോഹിത് കകോർ, വീരേന്ദ്ര ബിന്ദർ എന്നിവർക്കെതിരെ നേരത്തെ പൊലീസ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വീരേന്ദ്ര ഇപ്പോഴും ഒളിവിലാണ്. ഇതോടെ സുശിൽ കുമാർ ഉൾപ്പെടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
Read more: ഛത്രസാൽ കൊലപാതകം; ഗുസ്‌തി താരം സുശീൽ കുമാറിന്‍റെ നാല് കൂട്ടാളികൾ അറസ്റ്റിൽ
കൊലപാതക കേസിലെ മുഖ്യപ്രതിയായ സുശീല്‍ കുമാറിനേയും കൂട്ടാളിയായ അജയ് ബക്കർവാലയെയും മുണ്ട്ക എന്ന പ്രദേശത്ത് നിന്ന് മെയ് 23 നാണ് ഡല്‍ഹി പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തത്. തുടര്‍ന്ന് സുശീൽ കുമാറിനെ ഡല്‍ഹി കോടതി ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
സുശീൽ കുമാറും സുഹൃത്തുക്കളും ചേർന്ന് സാഗർ റാണയെ ഹോക്കി സ്‌റ്റിക് ഉപയോഗിച്ച് മർദ്ദിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മെയ് നാലിന് രാത്രി ഛത്രസാൽ സ്റ്റേഡിയത്തില്‍വച്ചുണ്ടായ അടിപിടിക്കിടെ സാഗർ റാണ കൊല്ലപ്പെടുകയായിരുന്നു. ഡല്‍ഹി പൊലീസിന്‍റെ ക്രൈംബ്രാഞ്ച് വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്.
Read more: ഛത്രസാൽ കൊലപാതകം; ഹോക്കി സ്‌റ്റിക് ഉപയോഗിച്ച് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
അതേ സമയം, കുറ്റവാളികളുടെ അവകാശങ്ങൾ കണക്കിലെടുത്ത് ക്രിമിനൽ കേസുകള്‍ റിപ്പോർട്ട് ചെയ്യുന്നതിന് നിയമങ്ങൾ ഉണ്ടാക്കണമെന്നും സെൻസേഷണൽ റിപ്പോർട്ടിങും മാധ്യമ വിചാരണയും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സുശിൽ കുമാറിന്‍റെ അമ്മ കമല ദേവിയും നിയമ വിദ്യാർഥിയും സമർപ്പിച്ച ഹർജി ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും.