ചെന്നൈ : ചെന്നൈ പോലുള്ള തിരക്കേറിയ നഗരങ്ങളിലെ യാത്ര പലപ്പോഴും പ്രയാസകരമാണ്. ഇത്തരത്തിലുള്ള മെട്രോ പൊളിറ്റന്‍ നഗരങ്ങളിലെ യാത്രാതടസങ്ങള്‍ക്ക് പരിഹാരമായി ഇ ടാക്‌സി സംവിധാനത്തില്‍ ചെറുവിമാനം വികസിപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി മദ്രാസ്). ഇവിടുത്തെ എയ്‌റോനോട്ടിക്കല്‍ എഞ്ചിനീയറിങ് വിഭാഗമാണ് അഞ്ച് ആളുകളെ വഹിക്കാന്‍ പാകത്തില്‍ ചെറു വിമാനം വികസിപ്പിച്ചിരിക്കുന്നത്.
ഐഐടി ക്യാമ്പസ് പരിസരത്ത് വൈകാതെ പരീക്ഷണപ്പറക്കല്‍ നടക്കും. 2023ല്‍ വിമാനം കാര്‍ഗോ ഗതാഗതത്തിനായി ഉപയോഗിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ശേഷം, 2024ന്‍റെ അവസാനത്തോടെ യാത്രക്കാരെ വഹിക്കാനുള്ള നടപടികള്‍ സ്വീകരിക്കും.
മൊബൈല്‍ ആപ്പ് വഴി ഒരു ടാക്‌സി ബുക്ക് ചെയ്യുകയാണെങ്കില്‍ എത്തിച്ചേരാന്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് കൃത്യമായി ഇറങ്ങാന്‍ സാധിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്‌തിരിക്കുന്നതെന്ന് എയ്‌റോനോട്ടിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തിലെ പ്രൊഫസര്‍ സത്യന്‍ ചക്രവര്‍ത്തി പറഞ്ഞു.
'ആകാശത്തുകൂടിയാണ് സഞ്ചരിക്കുന്നത് എന്ന വ്യത്യാസം മാത്രമേ ഉള്ളൂ. റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ മണിക്കൂറുകള്‍ സമയമെടുക്കുന്നു. എന്നാല്‍, ഇ-പ്ലെയിന്‍ എത്തിച്ചേരാന്‍ 5 മുതല്‍ 10 മിനിട്ട് വരെ മതിയാകും.
എത്തിച്ചേരേണ്ട കെട്ടിട സമുച്ചയത്തിലോ വീടിന്‍റെ മുന്‍ വശത്തോ ആളുകളെ ഇറക്കാനാകും. പക്ഷേ, സാധാരണ ടാക്‌സിക്ക് നല്‍കുന്നതിനേക്കാള്‍ രണ്ട് മുതല്‍ മൂന്ന് മടങ്ങ് വരെ പണം നല്‍കേണ്ടിവരുമെന്നും' അദ്ദേഹം വ്യക്തമാക്കി.
'യഥാര്‍ഥത്തില്‍ ഡിസൈന്‍ ചെയ്‌തതിനേക്കാള്‍ വലിപ്പം കുറവുള്ള ടയറുകളിലാണ് പ്ലെയിന്‍ നിര്‍മിക്കാനൊരുങ്ങുന്നത്. അതിനാല്‍ തന്നെ ആളുകളെ വഹിച്ചുകൊണ്ടുള്ള യാത്ര നിലവില്‍ സാധ്യമല്ല. അടുത്ത ഘട്ടത്തിലാണ് എഞ്ചിന്‍, സീറ്റുകള്‍ എന്നിവ ഡിസൈന്‍ ചെയ്യുന്നത്'.
'വിവിധ തരത്തിലുള്ള പരീക്ഷണ പറക്കല്‍ നടത്തിയാല്‍ മാത്രമേ സര്‍ക്കാരില്‍ നിന്ന് അംഗീകാരവും അനുമതിയും ലഭ്യമാവുകയുള്ളൂ. അതിന് ഒരു വര്‍ഷം വരെ സമയമെടുക്കും. അതിനാല്‍ തന്നെ ആളുകളെ വഹിച്ചുകൊണ്ടുള്ള യാത്ര 2024 അവസാനത്തോടെയേ സാധ്യമാവുകയുള്ളൂ' - സത്യന്‍ ചക്രവര്‍ത്തി വ്യക്തമാക്കി.
ചെറുവിമാനങ്ങള്‍ ബാറ്ററി ഉപയോഗിച്ചാണ് പ്രവര്‍ത്തിപ്പിക്കുക. ഒരു നേരം ബാറ്ററി ചാര്‍ജ് ചെയ്‌താല്‍ 100 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും. 15 മിനിട്ടുകൊണ്ട് ഇവ ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.