ചെന്നൈ: ശസ്‌ത്രക്രിയയിലൂടെ കാല്‍ നീക്കം ചെയ്‌തതിനെ തുടര്‍ന്ന് 17 വയസുള്ള സംസ്ഥാന വനിത ഫുട്‌ബോള്‍ താരം അന്തരിച്ചു. ചെന്നൈ സ്വദേശി പ്രിയയാണ് മരിച്ചത്. കാലിന്‍റെ സന്ധികളിലുണ്ടായ തകരാർ മൂലം പ്രിയയെ പെരിയാര്‍ നഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്‌ത്രക്രിയയ്‌ക്ക് വിധേയയാക്കിയിരുന്നു.
അതിനുശേഷം ആരോഗ്യ സ്ഥിതി വഷളാവുകയും രാജീവ് ഗാന്ധി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും കാല്‍ നീക്കം ചെയ്യുകയുമായിരുന്നു. ചികിത്സ പിഴവാണ് പ്രിയയുടെ മരണകാരണമെന്ന് ആരോപിച്ച് പെരിയാര്‍ നഗര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ രണ്ട് ഡോക്‌ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്‌തിട്ടുണ്ട്.
രാജീവ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രിയയുടെ പരിശോധന പൂര്‍ത്തിയാക്കിയ ഡോക്‌ടര്‍ ശസ്‌ത്രക്രിയ കഴിഞ്ഞ വലതു കാല്‍ ഉടനടി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. വലതുകാലിലേയ്‌ക്ക് രക്തപ്രവാഹം സാധ്യമാകാത്തതിനാലാണ് കാല്‍ നീക്കം ചെയ്‌തതെന്ന് ഡോക്‌ടര്‍മാര്‍ പറയുന്നു. ശസ്‌ത്രക്രിയ കഴിഞ്ഞ പ്രിയ അത്യാഹിത വിഭാഗത്തിലാണ് തുടര്‍ന്നത്.
അസ്‌തിരോഗ വിഭാഗത്തിലും വാസ്‌കുലര്‍ വിഭാഗത്തിലുമടക്കം മുതിര്‍ന്ന മെഡിക്കല്‍ സംഘം തന്നെ പ്രിയയുടെ പരിചരണത്തിനായുണ്ടായിരുന്നു. എന്നാല്‍, ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് ഇന്ന് (15.11.22) രാവിലെ 7.15ന് പ്രിയ മരണപ്പെടുകയായിരുന്നു. മരണവാര്‍ത്തയറിഞ്ഞ ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ രാജീവ് ഗാന്ധി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലെത്തി ദുഃഖം രേഖപ്പെടുത്തി.
ആരോഗ്യമന്ത്രി പറയുന്നത് ഇങ്ങനെ: 'കാലിന്‍റെ സന്ധികള്‍ തകരാറിലായതിനെ തുടര്‍ന്ന് പെരിയാര്‍ നഗര്‍ സര്‍ക്കാര്‍ സബര്‍ബന്‍ ആശുപത്രിയിലായിരുന്നു പ്രിയ ചികിത്സ സഹായം തേടിയത്. ആധുനിക സാങ്കേതിക വിദ്യയായ ഓര്‍ത്തോസ്‌കോപ്പി ഉപയോഗിച്ചാണ് ശസ്‌ത്രക്രിയ ചെയ്‌തത്. ശസ്‌ത്രക്രിയയ്‌ക്ക് ശേഷം വിദ്യാര്‍ഥിനിയുടെ കാലില്‍ കംപ്രഷന്‍ ബാന്‍റേജ് ചുറ്റിയിരുന്നത് ഡോക്‌ടര്‍മാരുടെ ഭാഗത്തുനിന്നുമുള്ള വലിയ അനാസ്ഥയാണ് സൂചിപ്പിക്കുന്നതെന്ന്' ആരോഗ്യ മന്ത്രി പറഞ്ഞു.
'ഇതേതുടര്‍ന്ന്, കാലുകളിലേയ്‌ക്ക് രക്തയോട്ടം സാധ്യമാകാത്തതിനാല്‍ രക്തക്കുഴലുകള്‍ക്ക് തകരാർ സംഭവിച്ചു. ശേഷം, നവംബര്‍ എട്ടിന് വിദ്യാര്‍ഥിയെ രാജീവ് ഗാന്ധി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി. അവിടെ എല്ലാ മേഖലയിലുമുള്ള വിദഗ്‌ധര്‍ അവര്‍ക്ക് പരിചരണം നല്‍കിയിരുന്നു'.
വൃക്കയും തകരാറിലായി: 'വിദ്യാര്‍ഥിക്ക് നല്‍കിയിരുന്ന ചികിത്സയെക്കുറിച്ച് ഞാന്‍ അന്വേഷിച്ചിരുന്നു. രക്തപ്രവാഹം സാധ്യമാകാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥിയുടെ വൃക്കയും തകരാറിലാവുകയായിരുന്നു. ഇതേതുടര്‍ന്നാണ് പ്രിയ മരണപ്പെടുവാനിടയായതെന്ന്' മന്ത്രി വ്യക്തമക്കി
'നമ്മെ സംബന്ധിച്ച് പ്രിയയുടെ വേര്‍പാട് ഒരു വലിയ നഷ്‌ടം തന്നെയാണ്. ശസ്‌ത്രക്രിയയ്‌ക്കിടെ ഡോക്‌ടര്‍മാരുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയെ തുടര്‍ന്ന് ഉയര്‍ന്ന തലത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. വിദ്യാര്‍ഥി സുഖപ്പെടുമ്പോള്‍ അവള്‍ക്ക് കൃത്രിമ കാലുകള്‍ നല്‍കണമെന്ന് രാജീവ് ഗാന്ധി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പാളിനോട് ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു'.
'നിരവധി ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ നടത്തി. എന്നാല്‍, വിദ്യാര്‍ഥിയുടെ മരണം ഏവരെയും ദുഃഖത്തില്‍ ആഴ്‌ത്തുന്ന ഒന്നാണ്. കുടംബത്തിന്‍റെ ദയനീയാവസ്ഥ കണക്കിലെടുത്ത് സംഭവം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി പ്രിയയുടെ കുടുംബത്തിന് അടിയന്തര നഷ്‌ടപരിഹാരമായി 10 ലക്ഷം രൂപ നല്‍കുവാനുള്ള എല്ലാ നടപടികളും സ്വീകരിച്ചു കഴിഞ്ഞു. കൂടാതെ പ്രിയയുടെ മൂന്ന് സഹോദരന്മാരിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കാന്‍ തീരുമാനമായി. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം പ്രിയയുടെ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കുമെന്ന് മന്ത്രി അറിയിച്ചു.