ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രോഗികൾ വർധിച്ചതിനും നിരവധി സംസ്ഥാനങ്ങളിൽ ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾക്കുമിടയിൽ ചാർട്ടർ ഫ്ലൈറ്റ് സർവീസുകളുടെ ആവശ്യം ഗണ്യമായി വർധിച്ചെന്ന് റിപ്പോർട്ട്. ഈ കൊവിഡ് കാലയളവിലും ദുബൈ, മാലിദ്വീപ്, ലണ്ടൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് നിരവധി എലൈറ്റ് ഉപഭോക്താക്കൾ ചാർട്ടർ ഫ്ലൈറ്റ് ബുക്ക് ചെയ്‌തിട്ടുണ്ടെന്ന് ക്ലബ് എയർ വൺ സിഇഒ രോജൻ മെഹ്‌റ പറഞ്ഞു. 35 മുതൽ 40 ലക്ഷം രൂപ വരെയാണ് ഇതിനായി ചെലവഴിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉയർന്ന ആസ്‌തിയുള്ള വ്യക്തികളിൽ ഭൂരിഭാഗം പേർക്കും ദുബായ് റസിഡന്‍റ് വിസകൾ ഉണ്ടായിരിക്കും. കൂടാതെ അവിടെ അവർക്ക് ബിസിനസ് ഇൻഫ്രാസ്ട്രക്ചറും ഉണ്ടായിരിക്കും. അതേസമയം മാലിയിലെ ബീച്ചുകളും റിസോർട്ടുകളുമാണ് അവിടേക്ക് ആകർഷിക്കുന്നതെന്നും മെഹ്‌റ പറഞ്ഞു. കഴിഞ്ഞ കുറേ ദിവസങ്ങളായി ഐജിഐ വിമാനത്താവളത്തിൽ നിന്ന് 12 മുതൽ 15 വരെ ചാർട്ടർ വിമാനങ്ങൾ ഇവിടങ്ങളിലേക്ക് സർവീസ് നടത്തുന്നതായി എയർപോർട്ട് അധികൃതർ അറിയിച്ചു.
കൊവിഡ് ഭീതി മൂലമാണ് ഇത്തരം വ്യക്തികൾ സ്വകാര്യ ജെറ്റുകളിലേക്ക് തിരിയുന്നത്. ഫസ്റ്റ് ക്ലാസിലോ ബിസിനസ് ക്ലാസിലോ യാത്ര ചെയ്തിരുന്നവർ ഇപ്പോൾ സുരക്ഷ മുൻനിർത്തി ചാർട്ടർ ഫ്ലൈറ്റുകളിലേക്ക് മാറുകയാണെന്ന് മെഹ്‌റ അഭിപ്രായപ്പെട്ടു. അതേസമയം നിലവിൽ നിരവധി രാജ്യങ്ങൾ ഇന്ത്യയ്‌ക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിൽ കൂടുതൽ ആളുകൾ ചാർട്ടർ ഫ്ലൈറ്റുകളിലേക്ക് മാറുമെന്നും കൊവിഡ് മഹാമാരി ഒഴിഞ്ഞതിനു ശേഷവും സുരക്ഷയും ശുചിത്വവും കണക്കിലെടുത്തുകൊണ്ട് ഇതു തുടർന്നേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.