ചെന്നൈ: ഗതാഗത മേഖലയിൽ ജോലി വാഗ്‌ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ തമിഴ്‌നാട് മുൻ ഗതാഗത മന്ത്രിയായിരുന്ന സെന്തിൽ ബാലാജി ഉൾപ്പെടെ 47 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. 2011 മുതല്‍ 2016 വരെ സെന്തിൽ ബാലാജി ഗതാഗത മന്ത്രിയായിരുന്നു. ഈ കാലയളവിൽ അദ്ദേഹത്തിനും മറ്റുള്ളവര്‍ക്കുമെതിരെ നിരവധി പരാതികള്‍ ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ സിബിസിഐഡി അന്വേഷണം ആരംഭിച്ചിരുന്നു. ഗതാഗത മേഖലയിൽ ജോലി നല്‍കാമെന്ന് പറഞ്ഞ് 81 പേരില്‍ നിന്നായി 1.66 കോടി രൂപ തട്ടിയെടുത്തെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
മാത്രമല്ല പരാതി ഉയര്‍ന്നപ്പോള്‍ തന്നെ സെന്തില്‍ ബാലാജിയില്‍ നിന്നും മറ്റുള്ളവരില്‍ നിന്നുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ട്രാൻസ്‌പോർട്ട് ഡയറക്ടറായിരുന്ന ഗണേശനെ അറസ്റ്റ് ചെയ്യുകയും സെന്തിൽ ബാലാജിക്കെതിരായ അന്വേഷണം ഊര്‍ജ്ജിതമാക്കുകയും ചെയ്തിരുന്നു. പിടിച്ചെടുത്ത രേഖകളുടെയും ലഭിച്ച തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ചെന്നൈ എഗ്മോർ സിസിബി കോടതിയിൽ ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
മുൻ മന്ത്രി സെന്തിൽ ബാലാജിക്കൊപ്പം വിരമിച്ച എംടിസി മാനേജിംഗ് ഡയറക്ടർ വരദരാജൻ, റിട്ടയേർഡ് ജോയിന്‍റ് മാനേജിങ് ഡയറക്ടർ അരുൺ രവീന്ദ്ര ഡാനിയേൽ, മുൻ ഡെപ്യൂട്ടി മാനേജർ ഗണേശൻ എന്നിവരാണ് കുറ്റപത്രത്തിൽ ഉൾപ്പെടുന്ന മറ്റ് പ്രമുഖര്‍. സെന്തില്‍ ഉള്‍പ്പടെയുള്ളവര്‍ അധികാര ദുര്‍വിനിയോഗം നടത്തിയതായും 2015ല്‍ പുറത്തിറക്കിയ ഉദ്യോഗാര്‍ഥികളുടെ പട്ടിക ശരിയായ രീതിയിലല്ല പ്രസിദ്ധീകരിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു.