മൊഹാലി (പഞ്ചാബ്): മൊഹാലിയിലെ ചണ്ഡീഗഢ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികള്‍ കുളിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചെന്ന് ആരോപിക്കപ്പെട്ട് അറസ്റ്റിലായ വിദ്യാര്‍ഥിനി ആക്ഷേപകരമായ വീഡിയോ പ്രചരിപ്പിച്ചിട്ടില്ലെന്ന് പൊലീസും സര്‍വകലാശാല അധികൃതരും. വിദ്യാര്‍ഥിനിയെ അറസ്റ്റു ചെയ്‌തതിന് പിന്നാലെ ഷിംലയില്‍ വച്ച് പെണ്‍കുട്ടിയുടെ കാമുകനെയും അറസ്റ്റ് ചെയ്‌തിരുന്നു. വിദ്യാര്‍ഥിനികളുടെ ദൃശ്യങ്ങള്‍ ചോര്‍ന്നു എന്നാരോപിച്ച് ശനിയാഴ്‌ച (17.09.2022) ആരംഭിച്ച പ്രതിഷേധം ഇന്ന്(സെപ്‌റ്റംബര്‍ 18) വൈകിട്ടും തുടര്‍ന്നു.
ഇതിനിടെ വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചുവെന്ന വാര്‍ത്ത പരന്നെങ്കിലും സര്‍വകലാശാല അധികൃതര്‍ നിഷേധിച്ചു. പ്രതിഷേധത്തിനിടെ ഒരു വിദ്യാര്‍ഥിനി കുഴഞ്ഞുവീഴുകയായിരുന്നു എന്നാണ് സര്‍വകലാശാല അധികൃതര്‍ നല്‍കിയ വിശദീകരണം. വിദ്യാർഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും ആരോഗ്യനില തൃപ്‌തികരമാണെന്നും അധികൃതർ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട പ്രസക്ത വിവരങ്ങള്‍:
- പ്രതിയായ വിദ്യാർഥിനിയുടെ കാമുകനെ ഷിംലയിൽ നിന്ന് അറസ്റ്റ് ചെയ്‌തു. യുവാവിനെ പൊലീസ് ചോദ്യം ചെയ്‌തുവരികയാണ്. ഈ കേസിലെ രണ്ടാമത്തെ അറസ്റ്റാണിത്. നിലവിൽ ഷിംല പൊലീസ് വിഷയത്തിൽ ഔദ്യോഗിക പ്രസ്‌താവനകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. ഷിംലയിലെ ധാലി സ്വദേശിയാണ് അറസ്റ്റിലായ യുവാവ്.
- ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന നിരവധി വിദ്യാർഥിനികളുടെ ആക്ഷേപകരമായ വീഡിയോകൾ ഒരു വിദ്യാര്‍ഥിനി റെക്കോഡു ചെയ്‌തു എന്ന ആരോപണത്തെ തുടര്‍ന്ന് ചണ്ഡീഗഢ് സർവകലാശാല കാമ്പസിൽ ശനിയാഴ്‌ച (17.09.2022) പ്രതിഷേധം ആരംഭിച്ചു. തുടർന്ന് ഞായറാഴ്‌ച മുഖ്യമന്ത്രി ഭഗവന്ത് മാൻ അന്വേഷണത്തിന് ഉത്തരവിട്ടു.
- വിദ്യാർഥിനി തന്‍റെ സ്വന്തം വീഡിയോ യുവാവുമായി പങ്കുവച്ചതായി സംശയം ഉണ്ടെന്നും മറ്റു വിദ്യാർഥിനികളുടെ ആക്ഷേപകരമായ വീഡിയോ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും പഞ്ചാബ് എഡിജിപി ഗുർപ്രീത് ദിയോ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വീഡിയോ പ്രചരിപ്പിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് വിദ്യാര്‍ഥിനികള്‍ ആത്‌മഹത്യക്ക് ശ്രമിച്ചു എന്ന വാര്‍ത്ത തെറ്റാണെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.
- എന്നാൽ, സംഭവം അടിച്ചമർത്തുകയാണെന്ന് ആരോപിച്ച് സർവകലാശാല കാമ്പസിൽ ആണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ ഞായറാഴ്‌ച വൈകുന്നേരം പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധക്കാരിൽ ഭൂരിഭാഗവും കറുത്ത വസ്ത്രം ധരിച്ച് പൊലീസിന്‍റെ സാന്നിധ്യത്തിൽ 'ഞങ്ങൾക്ക് നീതി വേണം' എന്ന മുദ്രാവാക്യം വിളിച്ചു.
- കുറ്റക്കാർക്കെതിരെ ഉടൻ എഫ്‌ഐആർ ഫയൽ ചെയ്യണമെന്നും ഗൗരവമായി വിഷയം കൈകാര്യം ചെയ്യണമെന്നും ദേശീയ വനിത കമ്മിഷൻ അധ്യക്ഷ രേഖ ശർമ്മ പഞ്ചാബ് ഡിജിപിക്ക് നിര്‍ദേശം നല്‍കി. ഇരകൾക്ക് ശരിയായ കൗൺസിലിങ് നൽകുകയും അവരുടെ സുരക്ഷ ഉറപ്പാക്കുകയും വേണമെന്നും വനിത കമ്മിഷൻ അധ്യക്ഷ പറഞ്ഞു. അവര്‍ ചണ്ഡീഗഢ് സർവകലാശാല വൈസ് ചാൻസലർക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
- അറസ്‌റ്റിലായ വിദ്യാർഥിനിയുടെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്‌ക്കായി അയച്ചു. വിഷയത്തിൽ ഐപിസി സെക്ഷൻ 354-സി (വോയറിസം), ഐടി ആക്‌ട് എന്നിവ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം തുടരുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
- ഏഴ് പെൺകുട്ടികൾ ആത്മഹത്യ ചെയ്‌തതായി അഭ്യൂഹങ്ങള്‍ പരന്നെങ്കിലും ഒരു പെൺകുട്ടി പോലും ആത്മഹത്യക്ക് ശ്രമിച്ചിട്ടില്ലെന്ന് ചണ്ഡീഗഢ് സർവകലാശാലയിലെ പ്രോ-ചാൻസലർ ആർ എസ് ബവ ഔദ്യോഗിക പ്രസ്‌താവനയിൽ പറഞ്ഞു.
- പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി എന്നത് അടിസ്ഥാന രഹിതമായ ആരോപണമാണെന്ന് സർവകലാശാല നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയെന്നും അറസ്റ്റിലായ പെണ്‍കുട്ടി അവളുടെ തന്നെ വീഡിയോ കാമുകനുമായി പങ്കുവച്ചിട്ടുണ്ടെന്നും ഔദ്യോഗിക പ്രസ്‌താവനയിൽ പറഞ്ഞു.
Also Read: 60 ഓളം പെണ്‍കുട്ടികളുടെ കുളിമുറി ദൃശ്യം പ്രചരിപ്പിച്ചു; വിദ്യാര്‍ഥിനി അറസ്റ്റില്‍