ചണ്ഡിഗഡ് : ചണ്ഡിഗഡ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിന്‍റെ അന്തിമ ഫലം പ്രഖ്യാപിച്ചു. മുനിസിപ്പൽ തിരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിച്ച ആം ആദ്‌മി പാർട്ടി 35ല്‍ 14 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.
അതേസമയം മികച്ച ഭൂരിപക്ഷത്തില്‍ കഴിഞ്ഞ തവണ ഭരണത്തിലേറിയ ബിജെപിക്ക് 12 സീറ്റുകളിലാണ് വിജയിക്കാനായത്. കോണ്‍ഗ്രസ് എട്ട് സീറ്റുകളിലും ശിരോമണി അകാലിദൾ ഒരു സീറ്റിലും വിജയം നേടി.
നിലവിലെ ചണ്ഡിഗഡ് മേയറും ബിജെപി സ്ഥാനാർഥിയുമായ രവികാന്ത് ശർമയെ എഎപിയുടെ ദമൻപ്രീത് സിങ് പരാജയപ്പെടുത്തി. വാർഡ് നമ്പർ 17ൽ 828 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് എഎപി സ്ഥാനാര്‍ഥി ജയം പിടിച്ചത്.
എഎപിയുടെ വിജയം അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള 'ട്രെയിലർ' ആണെന്ന് എഎപി നേതാവും ഡൽഹി എംഎൽഎയുമായ രാഘവ് ഛദ്ദ പ്രതികരിച്ചു.
also read: പ്രധാനമന്ത്രിയോട് കര്‍ഷകര്‍ മാപ്പ് ആവശ്യപ്പെടുന്നില്ലെന്ന് രാകേഷ് ടിക്കായത്ത്
പഞ്ചാബിന്‍റെയും ഹരിയാനയുടെയും സംയുക്ത തലസ്ഥാനമായ ചണ്ഡിഗഡിലെ വാര്‍ഡുകളെ എണ്ണം 26ല്‍ നിന്നും 35ആയി ഈ വര്‍ഷമാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി 20 സീറ്റും മുൻ സഖ്യകക്ഷിയായ എസ്എഡി ഒരു സീറ്റും നേടിയിരുന്നു. കോൺഗ്രസിന് നാല് സീറ്റുകൾ മാത്രമാണ് നേടാനായത്.