ന്യൂഡൽഹി : ബിജെപിയിൽ നിന്ന് തൃണമൂൽ കോൺഗ്രസില്‍ ചേക്കേറിയതിന് തൊട്ടുപിന്നാലെ മുൻ കേന്ദ്രമന്ത്രി ബാബുൽ സുപ്രയോയുടെ 'സെഡ്' (Z) കാറ്റഗറി സുരക്ഷ പിൻവലിച്ച് കേന്ദ്രം. 'വൈ' കാറ്റഗറിയിലേക്കാണ് സുരക്ഷ ചുരുക്കിയത്. കേന്ദ്ര സുരക്ഷാ, രഹസ്യാന്വേഷണ ഏജൻസികളുടെ ശിപാർശയിലാണ് നടപടിയെന്നാണ് കേന്ദ്രവിശദീകരണം.
കഴിഞ്ഞ ജൂലൈയിൽ മോദി മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കപ്പെട്ട സുപ്രിയോയ്‌ക്ക് സിആർപിഎഫിന്‍റെ സായുധ സേനാംഗങ്ങളാണ് സുരക്ഷ നൽകിയിരുന്നത്. വൈ കാറ്റഗറിയിലേക്ക് സുരക്ഷ മാറുന്നതോടെ ആറ് മുതൽ ഏഴ് സുരക്ഷ ഉദ്യോഗസ്ഥരിൽ നിന്ന് രണ്ട് പേരായി ചുരുങ്ങും.
പൊതുവെ വിവിഐപികൾക്കും അധിക ഭീഷണി നേരിടുന്ന വ്യക്തികൾക്കുമാണ് കേന്ദ്രതലത്തിൽ സുരക്ഷ ഏർപ്പെടുത്തുന്നത്. വ്യക്തികളുടെ പദവി അടിസ്ഥാനത്തിൽ സെഡ് പ്ലസ് എന്ന ഏറ്റവും ഉയർന്ന കാറ്റഗറിയിൽ തുടങ്ങി സെഡ്, വൈ പ്ലസ്, വൈ, എക്‌സ് എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്.
READ MORE: ബിജെപിക്ക് പ്രഹരം ; മുന്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ തൃണമൂല്‍ കോണ്‍ഗ്രസില്‍
2014ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. അസന്‍സോളില്‍ നിന്ന് രണ്ട് പ്രാവശ്യം തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം നരേന്ദ്ര മോദിയുടെ മന്ത്രിസഭകളില്‍ നഗരവികസനം, വനം പരിസ്ഥിതി എന്നീ സുപ്രധാന വകുപ്പുകളില്‍ സഹമന്ത്രി സ്ഥാനം വഹിച്ചിട്ടുണ്ട്.
മന്ത്രിസഭയിൽ നിന്നും ഒഴിവാക്കപ്പെട്ടതിന് പിന്നാലെ സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങിയ ബാബുല്‍ മറ്റൊരു പാർട്ടിയിലേക്കുമില്ലെന്ന് അറിയിച്ചിരുന്നു. എന്നാല്‍, ഈ പ്രഖ്യാപനം കഴിഞ്ഞ് ഒന്നരമാസത്തിന് ശേഷം അദ്ദേഹം തൃണമൂലിൽ ചേരുകയായിരുന്നു.