ന്യൂഡല്‍ഹി: നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രററിയുടെ (എന്‍എംഎംഎല്‍) പേര് പുനര്‍നാമകരണം ചെയ്‌തതായി ഔദ്യോഗിക അറിയിപ്പ്. എന്‍എംഎംഎല്‍ ഇനി മുതല്‍ പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആന്‍ഡ് ലൈബ്രററി സൊസൈറ്റി (പിഎംഎംഎല്‍) എന്ന് അറിയപ്പെടും. ഇന്ത്യയുടെ 77ാം സ്വാതന്ത്ര്യ ദിനമായ ഇന്നലെയാണ് പേര് പുനര്‍നാമകരണം ചെയ്‌തായി പ്രഖ്യാപനമുണ്ടായത്.
എന്‍എംഎംഎല്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ നൃപേന്ദ്ര മിശ്രയാണ് പുനര്‍നാമകരണം സംബന്ധിച്ചുള്ള വാര്‍ത്ത പുറത്ത് വിട്ടത്. നേരത്തെ പിഎംഎംഎല്‍ വൈസ് ചെയര്‍മാന്‍ എ സൂര്യ പ്രകാശ് എക്‌സിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.
സൂര്യ പ്രകാശ് എക്‌സില്‍ കുറിച്ചതിങ്ങനെ: നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രററി (എന്‍എംഎംഎല്‍) ഓഗസ്റ്റ് 14 മുതല്‍ പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആന്‍ഡ് ലൈബ്രററി സൊസൈറ്റിയാണ് (പിഎംഎംഎല്‍). സമൂഹത്തിന്‍റെ ജനാധിപത്യവത്‌കരണത്തിനും വൈവിധ്യവത്‌കരണത്തിനും അനുസൃതമായ മാറ്റമാണിത്. Happy Independence Day! @narendramodi, @rajnathsingh @MinOfCultureGoI,” എന്നാണ് എ സൂര്യ പ്രകാശ് എക്‌സില്‍ കുറിച്ചത്.
തീരുമാനം ജൂണില്‍: ഇക്കഴിഞ്ഞ ജൂണില്‍ നടന്ന പ്രത്യേക യോഗത്തിലാണ് നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രററിയുടെ (എന്‍എംഎംഎല്‍) പേര് മാറ്റി പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആന്‍ഡ് ലൈബ്രററി സൊസൈറ്റി (പിഎംഎംഎല്‍) എന്നാക്കാന്‍ തീരുമാനമായത്. യോഗത്തിന് പിന്നാലെ പേര് പുനര്‍നാമകരണം ചെയ്യാന്‍ തീരുമാനിച്ച കാര്യം സാംസ്‌കാരിക മന്ത്രാലയം പുറത്ത് വിട്ടിരുന്നു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രററിയുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്.
ഉദ്‌ഘാടനത്തിനെത്താതെ നെഹ്‌റു-ഗാന്ധി കുടുംബം: 1964ല്‍ നവംബര്‍ 14ന് നെഹ്‌റുവിന്‍റെ ജന്മദിനത്തിലാണ് രാഷ്‌ട്രപതിയായിരുന്ന ഡോ. രാധാകൃഷ്‌ണന്‍ മ്യൂസിയം ഉദ്‌ഘാടനം ചെയ്‌തത്. പിന്നീട് 2016 ലാണ് മ്യൂസിയം പുതുക്കി പണിതത്. ഇതിന് ശേഷം കഴിഞ്ഞ ഏപ്രിലിലാണ് മ്യൂസിയം പൊതു ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തത്. സര്‍ക്കാറില്‍ നിന്നും ക്ഷണം ലഭിച്ചിട്ടും എന്‍എംഎംഎല്‍ ഉദ്‌ഘാടനത്തിന് നെഹ്‌റു-ഗാന്ധി കുടുംബത്തില്‍ നിന്നും ആരും എത്തിയിരുന്നില്ല.
നെഹ്‌റു- ഗാന്ധി കുടുംബത്തില്‍ നിന്നും പണ്ഡിറ്റ് ജവര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരെല്ലാം രാജ്യത്തിന്‍റെ പ്രധാനമന്ത്രിമാരായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. കുടുംബത്തിലെ അംഗങ്ങളാരും ഉദ്‌ഘാടന ചടങ്ങിനെത്താത്തത് ഏറെ ചര്‍ച്ചയായിരുന്നു.
വിമര്‍ശനവുമായി പ്രതിപക്ഷം: കഴിഞ്ഞ ജൂണില്‍ ചേര്‍ന്ന എന്‍എംഎംഎല്‍ യോഗത്തിന് പിന്നാലെ പുനര്‍നാമകരണം ചെയ്യാനുള്ള തീരുമാനം പുറത്ത് വിട്ടത് മുതല്‍ വിഷയത്തില്‍ പ്രതിപക്ഷം കടുത്ത വിമര്‍ശനമാണ് ഉന്നയിക്കുന്നത്. അല്‍പ്പത്തരത്തിന്‍റെയും പ്രതികാരത്തിന്‍റെയും പ്രതീകമാണ് പ്രധാനമന്ത്രിയെന്ന് വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ച കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞിരുന്നു. ഇന്ത്യന്‍ രാഷ്‌ട്ര ശില്‍പ്പിയുടെ പേരും പ്രശസ്‌തിയും തകര്‍ക്കാന്‍ മോദി എന്തും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അരക്ഷിതാവസ്ഥ കുമിഞ്ഞ് കൂടിയ ചെറിയ മനുഷ്യനാണ് പ്രധാനമന്ത്രിയെന്നും ജയറാം രമേശ് പരിഹസിച്ചിരുന്നു.
കെട്ടിടത്തിന്‍റെ പേര് മാറ്റിയാല്‍ മായ്ച്ച് കളയാന്‍ കഴിയുന്നതല്ല പ്രധാനമന്ത്രി നെഹ്‌റുവിന്‍റെ ഓര്‍മകളെന്ന് കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ് പറഞ്ഞു. രാജ്യം വികസിക്കാന്‍ കാരണം നെഹ്‌റുവാണ്. രാഷ്‌ട്രീയത്തിന്‍റെ പേരില്‍ മാത്രം ആര്‍ക്കും വലുതാകാന്‍ കഴിയില്ലെന്നും വല്ലഭ് പറഞ്ഞു.