ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജൽ ജീവന്‍ മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് 15 സംസ്ഥാനങ്ങൾക്ക് 5,968 കോടി രൂപ അനുവദിച്ചു. മറ്റ് സംസ്ഥാനങ്ങളോട് ഫണ്ടുകൾ അനുവദിക്കുന്നതിനായി നിർദേശങ്ങൾ സമർപ്പിക്കാന്‍ ദേശീയ ജൽ ജീവൻ മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അനുവദിച്ച തുകയിൽ 93 ശതമാനം ജലവിതരണത്തിനും, 5 ശതമാനം സഹായ പ്രവർത്തനങ്ങൾക്കും ബാക്കി രണ്ട് ശതമാനം ജല ഗുണനിലവാര നിരീക്ഷണത്തിനുമായി ഉപയോഗിക്കാം.
വിവിധ സംസ്ഥാനങ്ങളിൽ ലഭ്യമാക്കിയിട്ടുള്ള ടാപ്പ് വാട്ടർ കണക്ഷനുകളുടെയും ലഭ്യമായ കേന്ദ്ര ഫണ്ടുകളുടെ വിനിയോഗത്തിന്‍റെയും സംസ്ഥാന വിഹിതവുമായി പൊരുത്തപ്പെടുന്നതിന്‍റെയും അടിസ്ഥാനത്തിലാണ് കേന്ദ്ര ഫണ്ടുകൾ സർക്കാർ പുറത്തിറക്കുന്നത്. കേന്ദ്ര ഫണ്ടുകൾ പുറത്തിറങ്ങി 15 ദിവസത്തിനുള്ളിൽ സംസ്ഥാനങ്ങൾ തങ്ങളുടെ വിഹിതത്തോടൊപ്പം ഇവ സിംഗിൾ നോഡൽ അക്കൗണ്ടിലേക്ക് മാറ്റണം.2021-22 ൽ ജൽ ജീവൻ മിഷന്‍റെ വിഹിതം 50,011 കോടി രൂപയായി ഉയർത്തിയിരുന്നു.
കൂടാതെ 15ാമത് ധനകാര്യ കമ്മീഷൻ 26,940 കോടി രൂപയുടെ ഗ്രാന്‍റുകളും ലഭ്യമാക്കും. 2021-22 ൽ ഗ്രാമീണ പ്രദേശങ്ങളിൽ ജലവിതരണം ഉറപ്പാക്കാൻ ഒരു ലക്ഷം കോടിയിലധികം രൂപ നിക്ഷേപിക്കാൻ പദ്ധതിയിട്ടിരുന്നു. 'ഹർ ഘർ ജൽ' എന്ന പദ്ധതിയിലൂടെ ഇത് നടപ്പാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. ഈ ബജറ്റ് വിഹിതം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും, ഗ്രാമീണ മേഖലകളിൽ കുടിവെള്ള വിതരണത്തിനും സഹായകമാണ്. എല്ലാ ഗ്രാമീണ മേഖലകളിലും കുടിവെള്ളവിതരണം നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് 2019 ഓഗസ്റ്റ് 15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജൽ ജീവൻ മിഷൻ പദ്ധതി പ്രഖ്യാപിച്ചത്.
കൂടുതൽ വായിക്കാന്‍: 'ഫലപ്രദമായ ജലസംരക്ഷണം കൂടാതെ അതിവേഗ വികസനം സാധ്യമല്ല': പ്രധാനമന്ത്രി