ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവ് ഇറക്കിയേക്കും. ജനുവരി 26ന് ട്രാക്ടര്‍ റാലി നടത്താന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പുതിയ ഹര്‍ജി ഉള്‍പ്പെടെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും. കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെ സുപ്രീംകോടതി ഇന്നലെ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കോടതി നിരീക്ഷണങ്ങള്‍ക്ക് പിന്നാലെ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തിലും നിയമം പിന്‍വലിക്കില്ലെന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു.
ഡൽഹി അതിര്‍ത്തികളിലെ കര്‍ഷക സമരം 47-ാം ദിവസത്തിലേക്ക് കടന്നു. ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കപ്പെടുന്നത് വരെ നിയമം നടപ്പിലാക്കുന്നത് മരവിപ്പിച്ചു കൂടെ എന്ന് കോടതി ആരാഞ്ഞിരുന്നു. കര്‍ഷകരുടെ ട്രാക്ടര്‍ റാലി തടയണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. റിപ്പബ്ലിക് ദിനത്തില്‍ ഡൽഹിയില്‍ കൂറ്റര്‍ ട്രാക്ടര്‍ റാലി സംഘടിപ്പിക്കാനാണ് കര്‍ഷക സമരക്കാര്‍ തീരുമാനിച്ചത്. കർഷകസമരത്തിന് പിന്തുണയേറുകയാണെന്ന് ബോധ്യപ്പെട്ടതോടെ അംബാനിയും അദാനിയുമടക്കമുള്ള കോർപറേറ്റ് ലോബിയെ പിണക്കാതെ വിഷയം എങ്ങനെ അവസാനിപ്പിക്കാമെന്ന ചിന്താക്കുഴപ്പത്തിലായിരുന്നു മോദി സർക്കാർ. കാർഷികനിയമങ്ങൾക്ക് കർഷകരുടെ പിന്തുണയുണ്ടെന്ന് വരുത്താൻ പഞ്ചാബിലും ഹരിയാനയിലും മറ്റും സമാന്തരയോഗങ്ങൾ സംഘടിപ്പിക്കാൻ ബിജെപി ശ്രമിച്ചിരുന്നെങ്കിലും പാളി. ഹരിയാനയിൽ മുഖ്യമന്ത്രി പങ്കെടുക്കാനിരുന്ന മഹാപഞ്ചായത്ത് കർഷകപ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിച്ചു. തിങ്കളാഴ്‌ച പഞ്ചാബിലും ബിജെപിയുടെ യോഗം അലങ്കോലപ്പെട്ടു. ജനപിന്തുണ കർഷകർക്കാണെന്ന് ബോധ്യപ്പെട്ടതോടെയാണ് കോടതി ഇടപെടലിലൂടെ പ്രശ്‌നത്തിൽനിന്ന് തലയൂരാൻ കേന്ദ്രം നീക്കമാരംഭിച്ചതും കോടതി തീരുമാനിക്കട്ടെയെന്ന നിലപാടെടുത്തതും.
ഡൽഹി അതിർത്തികളിൽ നവംബർ 26ന് ആരംഭിച്ച കർഷകസമരം ഒത്തുതീർപ്പാക്കാൻ എട്ടുവട്ടം കേന്ദ്രവും കർഷകസംഘടനകളും ചർച്ച നടത്തി. മൂന്ന് നിയമവും പിൻവലിച്ചേ തീരൂവെന്ന നിലപാടിൽ കർഷകസംഘടനകൾ ഉറച്ചുനിന്നു. സംഘടനകൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാൻ സർക്കാർ ഇടപെടൽ നടത്തിയെങ്കിലും പരാജയപ്പെട്ടു. ചർച്ചകൾ പരമാവധി നീട്ടിക്കൊണ്ടുപോയി സമരം പൊളിക്കാമെന്ന പ്രതീക്ഷയും പാളി. ഇതോടെയാണ് കോടതിയിൽ അഭയം തേടിയത്. നയപരമായ വിഷയമായതിനാൽ കോടതിയല്ല സർക്കാരാണ് തീരുമാനം എടുക്കേണ്ടതെന്ന നിലപാടാണ് കർഷകസംഘടനകൾ സ്വീകരിച്ചത്.