ന്യൂഡൽഹി: ഇറ്റാലിയൻ നാവികർ വെടിവച്ച് കൊന്ന കേരള മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരമായി ഇറ്റലി 10 കോടി രൂപ നിക്ഷേപിച്ചതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.ഇവർക്കെതിരെയുള്ള ക്രിമിനൽ കേസുകൾ അവസാനിപ്പിക്കുന്നതിന് പകരമായാണ് പണം നിക്ഷേപിക്കുന്നത്.ജസ്റ്റിസ് ഇന്ദിര ബാനർജി, ജസ്റ്റിസ് എം ആർ ഷാ, സോളിസിറ്റർ ജനറൽ തുഷാർ മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. ചൊവ്വാഴ്ച അന്തിമ ഉത്തരവ് പാസാക്കുമെന്ന് ബെഞ്ച് അറിയിച്ചു.
കേന്ദ്രം സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് ബെഞ്ച് 2012 ൽ നാവികർ വെടിവെച്ചുകൊന്ന മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാനും പ്രതികൾക്കെതിരായ ക്രിമിനൽ കേസുകൾ അവസാനിപ്പിക്കാനും തീരുമാനിച്ചത്.മൊത്തം നഷ്ടപരിഹാരം വിഭജിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് കേരള സർക്കാരാണെന്ന് കേന്ദ്രം ബെഞ്ചിനോട് പറഞ്ഞു. നാവികരുടെ മേൽ അധികാരപരിധി വിനിയോഗിക്കുന്നതിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കിയതായി സോളിസിറ്റർ ജനറൽ അറിയിച്ചു.നാവികരെ വിചാരണ ചെയ്യുന്നതിനുള്ള അവകാശം ഇറ്റലിയിൽ നിക്ഷിപ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മരിച്ചവരിൽ ഒരാളുടെ കുടുംബത്തിന് വേണ്ടി ഹാജരായ അഡ്വ. സി. ഉണ്ണികൃഷ്ണൻ ഇരകളുടെ കുടുംബത്തിന് നാല് കോടി രൂപയും ബോട്ട് ഉടമയ്ക്ക് രണ്ട് കോടി രൂപയും കോടതി വിധിച്ചതായി അറിയിച്ചു. ഇരകളുടെ കുടുംബത്തിന് പണം വിട്ടുകൊടുക്കണമെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.കുറച്ചു കാലത്തേക്ക് തുക ബാങ്കുകളിൽ നിക്ഷേപിക്കാമെന്നും ഇതിന്‍റെ പലിശ കുടുംബങ്ങൾക്ക് നൽകാമെന്നും ഉന്നത കോടതിയുടെ ബെഞ്ച് മറുപടി നൽകി.