അമരാവതി : കേന്ദ്ര പദ്ധതികളുടെ പോസ്റ്ററുകളില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ (jaganmohan Reddy) ചിത്രം പതിപ്പിച്ചതിൽ അതൃപ്തി അറിയിച്ച് കേന്ദ്രസർക്കാർ. കേന്ദ്ര നിയമങ്ങള്‍ കർശനമായി പാലിക്കണമെന്ന് സംസ്ഥാനത്തിന് അയച്ച കത്തിൽ നിർദേശിച്ചിട്ടുണ്ട്.
കേന്ദ്ര പദ്ധതികളിൽ തങ്ങള്‍ നിർദേശിച്ചിട്ടുള്ള ലോഗോ, പേര്, മറ്റ് വിശദാംശങ്ങള്‍ എന്നിവയിൽ യാതൊരു മാറ്റവും വരുത്തരുതെന്ന് കത്തിൽ പറയുന്നു. സംസ്ഥാന സർക്കാർ നൽകുന്ന പേരുകളോ ചിഹ്നങ്ങളോ ഇവയിൽ ഉള്‍പ്പെടുത്താനും പാടില്ല. സംസ്ഥാനത്ത് നടപ്പാക്കിയ വിവിധ കേന്ദ്ര പദ്ധതികളുടെ 4000 കോടി രൂപ ഇതുമൂലം കേന്ദ്രം ഇനിയും നൽകിയിട്ടില്ലെന്നാണ് വിവരം.
സംസ്ഥാനത്ത് നടപ്പാക്കുന്ന കേന്ദ്ര പദ്ധതികളിൽ വൈഎസ്ആറിന്‍റേയോ ജഗന്‍റേയോ പേരുകള്‍ വയ്ക്കുന്നതിൽ ബിജെപി സംസ്ഥാന നേതൃത്വത്തിനും എതിർപ്പ് ഉണ്ട്. ജഗണ്ണ കോളനികളിൽ ആന്ധ്ര സർക്കാർ 18.64 ലക്ഷം വീടുകള്‍ നിർമ്മിച്ചിട്ടുണ്ട്. ഇതിന്‍റെ മുഖ്യപങ്ക് പണവും കേന്ദ്രസർക്കാരാണ് നൽകിയിരിക്കുന്നത്.
ചെറുപട്ടണങ്ങളിൽ വീട് നിർമ്മാണത്തിന് കേന്ദ്രസർക്കാർ ഒന്നരലക്ഷം രൂപയും നഗര വികസന സമിതികള്‍ 1.80 ലക്ഷം രൂപയും ഓരോ വീട് നിർമ്മാണത്തിനുമായി ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. എന്നാൽ സംസ്ഥാന സർക്കാർ ഇത് തങ്ങളുടെ പദ്ധതിയായാണ് അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് ആക്ഷേപം. പ്രധാൻമന്ത്രി ആവാസ് യോജനയ്ക്ക് വൈഎസ് ആർസിപി സർക്കാർ വൈഎസ്ആറിന്‍റെ പേര് കൂടി കൂട്ടിച്ചേർത്ത് പിഎംഎവൈ-വൈഎസ് ആർ(അർബൻ) ബിഎൽസി പദ്ധതി എന്നാക്കി മാറ്റി.
ഇതിൽ കേന്ദ്രസർക്കാരിന്‍റെ ലോഗോയ്‌ക്കൊപ്പം നവരത്ന ലോഗോയും മുഖ്യമന്ത്രി ജഗന്‍റെ ചിത്രവും കൂട്ടിച്ചേർക്കുകയും ചെയ്തു. ഇതിനെതിരെയാണ് കേന്ദ്രസർക്കാർ രംഗത്ത് എത്തിയിരിക്കുന്നത്. സ്ഥലം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഒരുക്കിയിരിക്കുന്നത് തങ്ങളാണെന്നാണ് സംസ്ഥാന സർക്കാരിന്‍റെ വാദം. ഇതുവരെ പൂർത്തിയാക്കിയ അഞ്ച് ലക്ഷം വീടുകളിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡുകളിൽ കേന്ദ്ര സർക്കാർ മാറ്റം വരുത്തുമെന്നാണ് റിപ്പോർട്ട്.
പ്രധാൻമന്ത്രി ആവാസ് യോജന പ്രകാരം നിർമ്മിച്ചിട്ടുള്ള വീടുകള്‍ പരിശോധിക്കാൻ കേന്ദ്ര സംഘം പത്ത് ജില്ലകളിലെത്തിയിരുന്നു. ഇതോടെ സംസ്ഥാന സർക്കാർ തിരക്കിട്ട് ബോർഡുകളില്‍ മാറ്റം വരുത്തിയെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. കേന്ദ്ര സംഘം രണ്ട് ദിവസം സംസ്ഥാനത്ത് പര്യടനം നടത്തി റിപ്പോർട്ട് നൽകുകയും ഇതിന്‍റെ അടിസ്ഥാനത്തിൽ ഫണ്ട് വിതരണം ചെയ്യുമെന്നുമാണ് റിപ്പോർട്ട്.
വനിത - ശിശുക്ഷേമ മന്ത്രാലയം, ഐസിഡിഎസ് (icds) പോഷകാഹാര പദ്ധതികള്‍ എന്നിവ കേന്ദ്ര സഹായത്തോടെയാണ് നടപ്പാക്കുന്നത്. വാത്സല്യ ദൗത്യവും ശക്തി ദൗത്യവും കേന്ദ്ര സഹായമുള്ള പദ്ധതികളാണ്. ഗർഭിണികള്‍, ശിശുക്കള്‍, അംഗനവാടികളിലെ കുട്ടികള്‍ തുടങ്ങിയവർക്ക് പോഷകാഹാരം നൽകാൻ കേന്ദ്രം ഒരാള്‍ക്ക് നാല് രൂപ വീതം നൽകുന്നുണ്ട്.
എന്നാൽ സംസ്ഥാന സർക്കാർ ഈ പദ്ധതിയെ വൈഎസ്ആർ സമ്പൂർണ പോഷണ, പോഷണ പ്ലസ് എന്നീ പേരുകളിലാണ് നടപ്പാക്കുന്നത്. ഇതിനെയും കേന്ദ്രം എതിർക്കുകയും സഹായം നിർത്തുകയും ചെയ്തിരിക്കുകയാണ്.