ന്യൂഡല്‍ഹി: സഹകരണ മേഖലയെ ശക്തിപ്പെടുത്താൻ പുതിയ മന്ത്രാലയം രൂപീകരിച്ച് നരേന്ദ്രമോദി സര്‍ക്കാര്‍. രണ്ടാം മോദി മന്ത്രിസഭയുടെ ആദ്യ പുനഃസംഘടനയ്ക്ക് മുന്നോടിയായാണ് സഹകരണ മന്ത്രാലയം രൂപീകരിച്ചത്. 'സഹകരണത്തിലൂടെ സമൃദ്ധി' എന്ന ലക്ഷ്യത്തോടെയാണ് പുതിയ മന്ത്രാലയം ആരംഭിച്ചിരിക്കുന്നത്.
രാജ്യത്തെ സഹകരണ മേഖലയ്ക്കായി നിയമപരവും, ഭരണപരവുമായ നയരൂപീകരണമാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പുതിയ മന്ത്രാലയത്തിലൂടെ സഹകരണ മേഖലയ്ക്ക് സാധാരണ ജനങ്ങളിലേക്ക് കൂടുതല്‍ അടുത്ത് നില്‍ക്കാൻ സഹായിക്കുന്ന മാറ്റങ്ങളുണ്ടാകുമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നു.
സഹകരണ മേഖലയെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക വികസനമാണ് രാജ്യത്തിന് വേണ്ടത്. അതിനുള്ള സൗകര്യങ്ങളൊരുക്കാൻ ഈ വകുപ്പ് വഴി ശ്രമിക്കും. സഹകരണ മേഖലയിലെ ബിസിനസുകള്‍ സുതാര്യതയോടെ നടത്തിക്കൊണ്ടുപോകാനും കേന്ദ്ര സഹകരണ മന്ത്രാലയം ശ്രമം നടത്തുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ കേന്ദ്ര ബഡ്ജറ്റില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് സഹകരണ മേഖലയ്ക്ക് പ്രത്യേക മന്ത്രാലയം എന്ന ആശയം മുന്നോട്ട് വച്ചത്.
Also Read: ജനസംഖ്യയുടെ മൂന്നിലൊന്നാളുകള്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി സംസ്ഥാനം