ന്യൂഡൽഹി: ആരോഗ്യ പ്രവർത്തകരുടെയും മുന്‍നിര തൊഴിലാളികളുടെയും കൊവിഡ് വാക്സിനേഷന്‍ രജിസ്ട്രേഷൻ അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. വ്യാജ രജിസ്ട്രേഷൻ റിപ്പോർട്ടുകൾ പുറത്തുവന്നതിന്‍റെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു തീരുമാനം.
24 ശതമാനം വർദ്ധനവാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ വിഭാഗങ്ങളുടെ കീഴിൽ നിരീക്ഷിക്കപ്പെടുന്നതെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അയച്ച കത്തിൽ ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.
"എച്ച്‌സിഡബ്ല്യു, എഫ്‌എൽഡബ്ല്യുഎസ് വിഭാഗങ്ങളിൽ പുതിയ രജിസ്ട്രേഷനുകൾ ഉടനടി പ്രാബല്യത്തിൽ അനുവദിക്കില്ലെന്ന് തീരുമാനിച്ചു. കോ-വിൻ പോർട്ടലിൽ 45 വയസും അതിൽ കൂടുതലുമുള്ള വ്യക്തികളുടെ രജിസ്ട്രേഷൻ തുടർന്നും അനുവദിക്കും. എന്നാലും, ഇതിനകം രജിസ്റ്റർ ചെയ്ത എച്ച്സിഡബ്ല്യു, എഫ്എൽഡബ്ല്യു എന്നീ വിഭാഗങ്ങളുടെ പ്രതിരോധ കുത്തിവയ്പ്പ് എത്രയും വേഗം ഉറപ്പാക്കണം" എന്ന് ആരോഗ്യ സെക്രട്ടറി കത്തിൽ പറയുന്നു.
ഈ വർഷം ജനുവരി 16 നാണ് വാക്സിനേഷൻ വിവിധ വിഭാഗങ്ങളിലെ ഗുണഭോക്താക്കൾക്കായി രാജ്യത്തുടനീളം ആരംഭിച്ചത്. മുൻഗണനാ ഗ്രൂപ്പിലെ ആദ്യ വിഭാഗത്തിൽ ആരോഗ്യ സംരക്ഷണ തൊഴിലാളികളും മുൻനിര പ്രവർത്തകരും ഉൾപ്പെടുന്നു.
ആരോഗ്യ പ്രവർത്തകർക്ക് വാക്സിനേഷൻ ജനുവരി 16 നാണ് ആരംഭിച്ചത്. തുടർന്ന് ഫെബ്രുവരി 2 മുതൽ മുന്‍നിര തൊഴിലാളികൾക്ക് നൽകി. പിന്നീട് 60 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവർക്കും രോഗാവസ്ഥകളുള്ള 45നും 59നും ഇടയിൽ പ്രായമുള്ള 20 പേർക്കും മാർച്ച് 1 മുതൽ പരിരക്ഷ നൽകി. ഏപ്രിൽ 1 മുതൽ 45 വയസും അതിൽ കൂടുതലുമുള്ള എല്ലാ വ്യക്തികളും കോവിഡ് വാക്സിനേഷന് അർഹരായി.
കോവിഷീൽഡ്, കോവാക്‌സിൻ എന്നിവയുടെ അംഗീകാരത്തോടെ 7.44 കോടി ഡോസ് കൊവിഡ് വാക്സിനാണ് രാജ്യത്ത് നൽകിയത്.