ന്യൂഡല്‍ഹി: ഫെബ്രുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ കൊവിഡ് -19 മാർഗനിർദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. സിനിമാ തിയേറ്ററുകളിൽ കൂടുതൽ പേരെ പ്രവേശിപ്പിക്കാം എന്നതാണ് പുതിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. കണ്ടെയ്ൻമെന്‍റ് സോണിന് പുറത്തുള്ള എല്ലാ പ്രവർത്തനങ്ങൾക്കും അനുമതി നൽകി. ഒരു സംസ്ഥാനത്ത് നിന്നും മറ്റൊരു സംസ്ഥാനത്തേക്ക് യാത്ര ചെയ്യാൻ തടസമില്ല. ഇതിനായി പ്രത്യേക പാസുകളോ അനുമതിയോ തേടേണ്ടതില്ലെന്നും പുതുക്കിയ മാർഗ നിർദേശത്തിൽ കേന്ദ്രം വ്യക്തമാക്കി. എന്നാല്‍ സിവിൽ വ്യോമയാന മന്ത്രാലയവും കേന്ദ്ര ആഭ്യന്തര മന്ത്രാലയും ചർച്ച ചെയ്‌ത ശേഷമാകും അന്താരാഷ്‌ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുക.
മത, സാമൂഹിക ചടങ്ങുകളിൽ കൂടുതൽ പേർക്ക് പങ്കെടുക്കാനും കായികം, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, എക്‌സിബിഷന്‍ എന്നിവക്കായി കൂടുതൽ ആളുകളെ ഉൾക്കൊള്ളിച്ച് നടത്താനും അനുമതിയുണ്ട്. നിലവിൽ 50 പേർക്ക് മാത്രമാണ് പങ്കെടുക്കാൻ അനുവാദം. കൂടാതെ മാസങ്ങളായി പൂട്ടി കിടക്കുന്ന സ്വിമ്മിങ് പൂളുകൾ തുറക്കാനും പുതിയ മാര്‍ഗ നിര്‍ദേശത്തില്‍ അനുമതിയുണ്ട്. കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത്.