ന്യൂഡൽഹി: കൊവിഡ് തരംഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കൊവിഷീൽഡ്, കൊവാക്‌സിൻ എന്നിവയുടെ വിലയിൽ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ. ഇന്ത്യയിലെ ഡ്രഗ് റെഗുലേറ്ററിൽ നിന്ന് ഉടൻ വിപണി അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ വാക്‌സിനുകൾക്ക്, ഡോസ് ഒന്നിന് വില 275 രൂപയും അധിക സേവന നിരക്കായ 150 രൂപയും ആയി പരിമിതപ്പെടുത്താനാണ് സാധ്യതയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
വാക്‌സിനുകൾ താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കുന്നതിന് വില പരിധി നിശ്ചയിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാൻ നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിക്ക് (NPPA) നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ സ്വകാര്യ മേഖലകളിൽ കൊവാക്‌സിൻ ഒരു ഡോസിന് 1,200 രൂപയും കൊവിഷീൽഡ് ഡോസിന് 780 രൂപയുമാണ് വില. 150 രൂപ സർവീസ് ചാർജ് ഉൾപ്പെടെയാണ് ഈ വില. രണ്ട് വാക്‌സിനുകൾക്കും രാജ്യത്ത് അടിയന്തര ഉപയോഗത്തിന് മാത്രമേ അനുമതിയുള്ളൂ.
ALSO READ: ആദ്യത്തെ ഇന്ത്യ-മധ്യേഷ്യ ഉച്ചകോടി ഇന്ന്
അതേസമയം 2021ൽ കൊവിഡ് വാക്‌സിനേഷൻ ഡ്രൈവ് ആരംഭിച്ചപ്പോൾ മുതൽ രാജ്യത്തുടനീളം നൽകിയ വാക്‌സിൻ ഡോസുകൾ ചൊവ്വാഴ്‌ച 163.49 കോടി കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.