ന്യൂഡൽഹി : മണിപ്പൂരില്‍ ഒൻപത് മെയ്‌തേയി സംഘടനകൾക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം (Ministry of Home Affairs). ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതും സുരക്ഷാസേനയ്‌ക്കെതിരെ ആക്രമണം നടത്തിയതും കണക്കിലെടുത്ത് യുഎപിഎ (UAPA) നിയമത്തിന്‍റെ കീഴില്‍ അഞ്ച് വർഷത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയത് (Central Govt Bans 9 Meitei Extremist Groups Of Manipur). ഈ സംഘടനകള്‍ രാജ്യത്തിന്‍റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരെ പ്രവര്‍ത്തിക്കുന്നതായും നിരോധന ഉത്തരവില്‍ ആഭ്യന്തര മന്ത്രാലയം വ്യക്‌തമാക്കി.
പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും ഇതിന്‍റെ രാഷ്ട്രീയ വിഭാഗമായ റെവല്യൂഷണറി പീപ്പിള്‍സ് ഫ്രണ്ടും, യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടും ഇതിന്‍റെ സായുധ വിഭാഗമായ മണിപ്പൂര്‍ പീപ്പിള്‍സ് ആര്‍മിയും, പീപ്പിള്‍സ് റെവല്യൂഷണറി പാര്‍ട്ടി ഓഫ് കാംഗ്ലീപാകും ഇവരുടെ സായുധ വിഭാഗമായ റെഡ് ആര്‍മിയും, കംഗ്ലീപാക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അതിന്‍റെ സായുധ വിഭാഗമായ റെഡ് ആര്‍മിയും, കംഗ്ലേയ് യോള്‍ കന്‍ബ ലുപ്, കോര്‍ഡിനേഷന്‍ കമ്മിറ്റി, അലയന്‍സ് ഓഫ് സോഷ്യലിസ്റ്റ് യൂണിറ്റി കംഗ്ലീപാക്, അവരുടെ മുന്നണി സംഘടനകള്‍ എന്നിവയുമാണ് നിരോധിക്കപ്പെട്ടവ.
ഈ സംഘടനകള്‍ സായുധ സമരത്തിലൂടെ മണിപ്പൂരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്തി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനും, ഇതിന് മണിപ്പൂരിലെ തദ്ദേശീയരെ പ്രേരിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. മെയ്തേയ് തീവ്രവാദ സംഘടനകളെ ഉടനടി തടയുകയും നിയന്ത്രിക്കുകയും ചെയ്‌തില്ലെങ്കിൽ മണിപ്പൂരില്‍ വിഘടനവാദ, തീവ്രവാദ, അക്രമ പ്രവർത്തനങ്ങൾ വർധിപ്പിക്കാന്‍ തങ്ങളുടെ കേഡർമാരെ അണിനിരത്താൻ ഇവർ അവസരം ഉപയോഗിക്കുമെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരുനില്‍ക്കുന്ന ശക്തികളുമായി ഒത്തുചേര്‍ന്ന് ഈ സംഘടനകള്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കുകയും, സാധാരണക്കാരെ കൊലപ്പെടുത്തുകയും, പൊലീസിനെയും സുരക്ഷാസേനയെയും ലക്ഷ്യമിടുകയും, രാജ്യാന്തര അതിര്‍ത്തിക്കപ്പുറത്ത് നിന്ന് അനധികൃത ആയുധങ്ങളും വെടിക്കോപ്പുകളും വാങ്ങുകയും, അവ കയറ്റി അയക്കുകയും ചെയ്യും. അവരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുജനങ്ങളില്‍ നിന്ന് വലിയ രീതിയിൽ ധനശേഖരണം നടത്തുന്നുവെന്നും വിജ്ഞാപനത്തിലുണ്ട്.