ബെംഗളൂരു : രാജ്യദ്രോഹ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബെംഗളൂരു സിസിബി (സെൻട്രൽ ക്രൈം ബ്രാഞ്ച്) ഭീകരരെന്ന് സംശയിക്കുന്ന അഞ്ച് പേരെ അറസ്റ്റ് ചെയ്‌തു. സയ്യിദ് സുഹേൽ, ഉമർ, ജാനിദ്, മുദസിർ, സാഹിദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രനേഡുകൾ, നാല് വാക്കി ടോക്കികൾ, ഏഴ് നാടൻ പിസ്റ്റളുകൾ, 42 ബുള്ളറ്റുകൾ, വെടി മരുന്ന്, രണ്ട് കഠാര, രണ്ട് സാറ്റ്‌ലൈറ്റ് ഫോണുകൾ എന്നിവ പിടിച്ചെടുത്തു.
പിടിയിലായ പ്രതികൾ ബെംഗളൂരുവിൽ വൻ സ്‌ഫോടനം നടത്താൻ പദ്ധതി ഇട്ടിരുന്നുവെന്ന് സംശയിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സിബിസി ഉദ്യോഗസ്ഥർ പ്രതികളുടെ മൊബൈൽ ഫോണുകൾ പരിശോധിച്ച് വരികയാണ്. മടിവാല ടെക്‌നിക്കൽ സെല്ലിൽ ഇവരുടെ ചോദ്യം ചെയ്യൽ തുടരുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
പിടിയിലായ പ്രതികളെ കൂടാതെ ഭീകരാക്രമണ ഗൂഢാലോചനയിൽ മറ്റ് രണ്ട് പേർക്ക് പങ്കുള്ളതായും വിവരമുണ്ട്. ഇവരെക്കുറിച്ചുള്ള വിശദാംശങ്ങൾ അന്വേഷണ സംഘം ശേഖരിച്ച് വരികയാണ്. സെൻട്രൽ ക്രൈം ബ്രാഞ്ചിന്‍റെ മറ്റൊരു സംഘം ഇവർക്കായുള്ള തെരച്ചിൽ നടത്തുന്നുണ്ട്. ഇവർ പിസ്റ്റളുകളും ബോംബ് നിർമാണത്തിനുള്ള അസംസ്‌കൃത വസ്‌തുക്കളും തയ്യാറാക്കിയിരുന്നെന്നും അന്വേഷണ സംഘം അറിയിച്ചു.
പ്രതികൾ റൗഡി ലിസ്റ്റിലുള്ളവർ : അതേസമയം ബെംഗളൂരുവിൽ സ്‌ഫോടനം നടത്താനുള്ള ഗൂഢാലോചനയിൽ പത്തിൽ അധികം പേർ ഉൾപ്പെട്ടിട്ടുണ്ടെന്നായിരുന്നു റിപ്പോർട്ട്. ഇത് സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിക്കുകയും ഉടൻ തന്നെ അവർ വിവരം ബെംഗളൂരു സിസിബി സംഘത്തിന് കൈമാറുകയുമായിരുന്നു. തുടർന്ന് സിസിബി പൊലീസ് ഒരു പ്രതിയുടെ താവളം കണ്ടെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു.
ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരെ പിടികൂടാനായത്. ഇന്‍റലിജൻസ്, എൻഐഎ, സിസിബി സംഘങ്ങൾ സംയുക്തമായാണ് ഓപറേഷൻ നടത്തിയത്. അറസ്റ്റിലായ അഞ്ച് പേരിൽ നാല് പേർ ആർട്ടി നഗർ പൊലീസ് സ്റ്റേഷനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്. കൊറോണ കാലത്ത് ഒരാളെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കേസിലെ പ്രതികളാണിവർ.
ഗൂഢാലോചന ജയിലിൽ വച്ച് : ഈ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായതിന് പിന്നാലെ, ജയിലിൽ വച്ചാണ് നാല് പേരും തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ചാമനുമായി പരിചയത്തിലാകുന്നത്. തുടർന്ന് ഇയാളുമായി സമ്പർക്കം പുലർത്തിയ ഇവർ ഭീകര പ്രവർത്തനത്തിന് പരിശീലനം നേടുകയായിരുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം സ്‌ഫോടനം നടത്താൻ പ്രതികൾ പദ്ധതിയിട്ടു.
ബോംബ് നിർമാണത്തിനാവശ്യമായ അസംസ്‌കൃത വസ്‌തുക്കൾ ഉൾപ്പെടെ പ്രതികൾ തയ്യാറാക്കിയിരുന്നു. ഇതിനിടെയാണ് ഇവരെ പിടികൂടുന്നത്. അതേസമയം സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണെന്നും ഇവരുമായി ബന്ധപ്പെട്ട മറ്റ് പ്രതികളെ പിടികൂടാൻ തെരച്ചിൽ തുടരുകയാണെന്നും സിസിബി വൃത്തങ്ങൾ അറിയിച്ചു.