നന്ദേഡ്/മഹാരാഷ്‌ട്ര: പ്രമുഖ വ്യവസായി സഞ്ജയ് ബിയാനിയെ അജ്ഞാത സംഘം വെടിവെച്ച് കൊലപ്പെടുത്തി. ഇന്ന് (05.04.22) രാവിലെ നായിക്ക് നഗറിലുള്ള ബിയാനിയുടെ വീടിന് മുൻപിൽ വെച്ചാണ് ബൈക്കിലെത്തിയ രണ്ട് അജ്ഞാതർ അദ്ദേഹത്തെ വെടിവെച്ച് കൊലപ്പെടുത്തിയത്. കാറിൽ നിന്ന് വീട്ടിലേക്ക് കയറുന്നതിനിടെ ബൈക്കിലെത്തിയ സംഘം ഇയാളെ വെടിവെക്കുകയായിരുന്നു.
സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംസ്ഥാനത്തെ പ്രമുഖ നേതാക്കളുമായി അടുത്ത രാഷ്ട്രീയ ബന്ധമുള്ള വ്യവസായിയാണ് ബിയാനി. അതേസമയം പട്ടാപ്പകൽ നടന്ന ആക്രമണത്തിന്‍റെ ഞെട്ടലിലാണ് പ്രദേശവാസികൾ. സംഭവത്തെത്തുടർന്ന് നായിക്ക് നഗർ മേഖലയിൽ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
അക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പല പ്രമുഖ വ്യാപാരികളും തങ്ങളുടെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. അതേസമയം ബിയാനിക്ക് നേരെ കഴിഞ്ഞ വർഷം കുപ്രസിദ്ധ ഗുണ്ട സംഘം വധഭീഷണി മുഴക്കിയതായും വാർത്തകളുണ്ട്. ഇയാളുടെ ഓഫീസിൽ ഈ ഗുണ്ടാസംഘം അതിക്രമിച്ചു കയറുകയും മോചന ദ്രവ്യം ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.
തുടർന്ന് ബിയാനി തന്‍റെ സുരക്ഷക്കായി ഒരു സുരക്ഷാ ജീവനക്കാരനെ നിയോഗിച്ചിരുന്നു. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുൻപ് സുരക്ഷാ ജീവനക്കാരനെ ഇയാൾ നീക്കം ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്.