ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് 1,800 കോടി രൂപ ബാങ്ക് തട്ടിപ്പ് നടത്തിയ കേസുമായി ബന്ധപ്പെട്ട് മൂന്നിടങ്ങളിൽ സിബിഐ റെയ്‌ഡ് നടത്തി. ജയ് പോളികെം ലിമിറ്റഡ് കമ്പനിയുമായി ബന്ധപ്പെട്ട ഇടങ്ങളിലാണ് സിബിഐ റെയ്‌ഡ് നടത്തിയത്. ലജ്‌പത് നഗർ ആസ്ഥാനമായുള്ള കമ്പനിക്കെതിരെയും ഡയറക്‌ടർന്മാർക്കെതിരെയും എസ്ബിഐ നൽകിയ പരാതിയെ തുടർന്നാണ് റെയ്‌ഡ്.
എർണസ്റ്റ് ആന്‍റ് യംഗ് നടത്തിയ ഫോറൻസിക് ഓഡിറ്റിൽ ബാങ്ക് ഫണ്ടുകൾ വഴിതിരിച്ചുവിടുകയും, വ്യാജ ഇടപാടുകളും, വ്യാജരേഖകളും ചമച്ചുവെന്നും ആരോപിച്ചിരുന്നു. കമ്പനി ഓഫീസുകൾ, പ്രതികളുടെ ഓഫീസുകൾ, പാർപ്പിടങ്ങൾ എന്നിവിടങ്ങളിലാണ് തെരച്ചിൽ നടത്തിയതെന്ന് സിബിഐ വക്താവ് ആർ കെ ഗൗർ പറഞ്ഞു.