ന്യൂഡല്‍ഹി : 1984ല്‍ ഡല്‍ഹി പുല്‍ ബംഗഷ് ഗുരുദ്വാരയില്‍ സിഖുകാരെ കൊലപ്പെടുത്താന്‍ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചത് കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്‌ലര്‍ എന്ന് സിബിഐ കുറ്റപത്രം. നിരോധന ഉത്തരവ് ലംഘിച്ച് ഗുരുദ്വാര പരിസരത്ത് ഒത്തുകൂടി പ്രകോപനമുണ്ടാക്കുകയും കലാപം നടത്തുകയും ചെയ്‌ത നിയമവിരുദ്ധ സംഘത്തിന്‍റെ ഭാഗമായിരുന്നു ജഗദീഷ് ടൈറ്റ്‌ലര്‍ എന്നതിന് തെളിവ് ലഭിച്ചതായി സിബിഐ അറിയിച്ചു. 1984 നവംബര്‍ ഒന്നിന് ജഗദീഷ് ടൈറ്റ്‌ലറിന്‍റെ പ്രേരണയാല്‍ ആള്‍ക്കൂട്ടം പുല്‍ ബംഗഷ് ഗുരുദ്വാര അഗ്‌നിക്കിരയാക്കുകയും സിഖ് സമുദായത്തില്‍പ്പെട്ട മൂന്ന് പേരെ കൊലപ്പെടുത്തുകയും വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുകയും ചെയ്‌തുവെന്നും സിബിഐയുടെ കുറ്റപത്രത്തില്‍ പറയുന്നു.
വിഷയത്തില്‍ ദൃക്‌സാക്ഷി മൊഴി ഉദ്ധരിച്ചാണ് കുറ്റപത്രത്തിലെ ടൈറ്റ്‌ലറിനെതിരായ പരാമര്‍ശം. സംഭവദിവസം ആക്രമണം നടക്കുമ്പോള്‍ പുല്‍ ബംഗഷ് ഗുരുദ്വാരയ്‌ക്ക് മുന്നില്‍ തന്‍റെ ഭര്‍ത്താവ് നടത്തുന്ന ടെലിവിഷന്‍ കടയിലേക്ക് പോയി മടങ്ങവെ ഗുരുദ്വാരയ്‌ക്കടുത്തുള്ള പ്രധാന റോഡില്‍ ഒരു വെള്ള അംബാസഡര്‍ കാര്‍ കണ്ടു. തുടര്‍ന്ന് ജഗദീഷ് ടൈറ്റ്‌ലര്‍ ഈ കാറില്‍ നിന്നിറങ്ങി സിഖുകാരെ കൊലപ്പെടുത്താനും കവര്‍ച്ച നടത്താനും ആള്‍ക്കൂട്ടത്തെ പ്രേരിപ്പിക്കുന്നത് കണ്ടുവെന്നും ഒരു സ്‌ത്രീ മൊഴി നല്‍കിയതായാണ് സിബിഐ നല്‍കുന്ന വിവരം.
പുല്‍ ബംഗഷ് ഗുരുദ്വാരയില്‍ കലാപം നടക്കുന്നതിനാല്‍ ഗുരുദ്വാരയ്ക്ക് മുന്നില്‍ പ്രവര്‍ത്തിക്കുന്ന ഭര്‍ത്താവിന്‍റെ ടെലിവിഷന്‍ കട നശിപ്പിക്കപ്പെടുമോയെന്ന് സ്‌ത്രീക്ക് ആശങ്ക ഉണ്ടായിരുന്നു. കലാപകാരികള്‍ സിഖ് വിഭാഗത്തിലെ പുരുഷന്‍മാരെ മാത്രം ആക്രമിക്കാനാണ് സാധ്യത എന്നുള്ളതിനാല്‍ അവര്‍ കടയുടെ അവസ്ഥ പരിശോധിക്കാനായി പോയി. അപ്പോഴാണ് ഒരു കൂട്ടം ആളുകള്‍ കട കൊള്ളയടിക്കുന്നത് കണ്ടത്. അതോടെ അവര്‍ പെട്ടെന്നുതന്നെ മടങ്ങി.
വീട്ടിലേക്ക് മടങ്ങുംവഴിയാണ് ഗുരുദ്വാരയ്‌ക്കടുത്തുള്ള മെയിന്‍ റോഡില്‍ ഒരു വെള്ള അംബാസിഡര്‍ കാര്‍ കണ്ടത്. ഈ വാഹനത്തില്‍ നിന്ന് ഇറങ്ങിയ ജഗദീഷ് ടൈറ്റ്‌ലര്‍ സിഖുകാരെ കൊലപ്പെടുത്തിയ ശേഷം കൊള്ളയടിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത് കണ്ടു. തുടര്‍ന്ന് അവര്‍ പെട്ടെന്ന് തന്നെ വീട്ടിലേക്ക് മടങ്ങി. ശേഷം അയല്‍വാസിയുടെ വീട്ടില്‍ അഭയം തേടി.
ഇതിനിടെ ഇവരുടെ ഭര്‍ത്താവിന്‍റെ കടയിലെ സഹായികളായ ബാദല്‍ സിങ്ങിന്‍റെയും ഗുര്‍ചരണ്‍ സിങ്ങിന്‍റെയും ശരീരം അയല്‍വാസിയുടെ വീടിന്‍റെ മേല്‍ക്കൂരയില്‍ നിന്ന് അക്രമികള്‍ വലിച്ചെറിഞ്ഞു. ശേഷം മൃതദേഹം മരവണ്ടിയില്‍ കയറ്റി ടയറുകള്‍ ചേര്‍ത്ത് കത്തിച്ചു.കൂടാതെ ആള്‍ക്കൂട്ടം പുല്‍ ബംഗഷ് ഗുരുദ്വാര കത്തിക്കുന്നത് താന്‍ കണ്ടെന്നും അവര്‍ മൊഴി നല്‍കിയിട്ടുണ്ട്.
1984ലെ സിഖ് വിരുദ്ധ കലാപത്തിനിടെ പുല്‍ ബംഗഷ് പ്രദേശത്ത് നടന്ന കൊലപാതകങ്ങളുമായി ബന്ധപ്പെട്ട കേസില്‍ ജഗദീഷ് ടൈറ്റ്‌ലറിന് ഡല്‍ഹി റോസ് അവന്യൂ കോടതി വെള്ളിയാഴ്‌ച (ഓഗസ്റ്റ് 4) മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്‍റ് കമ്മിറ്റി അംഗങ്ങള്‍ കോടതിയ്‌ക്ക് പുറത്ത് കുത്തിയിരിപ്പ് സമരം നടത്തി.
ടൈറ്റ്‌ലറിന്‍റെ ജാമ്യം റദ്ദാക്കണമെന്നും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ കടുത്ത വകുപ്പുകള്‍ പ്രകാരം അദ്ദേഹത്തെ വിചാരണ ചെയ്യണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. അതേസമയം പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ചെറിയ സംഘര്‍ഷം ഉണ്ടായി. ജഗദീഷ് ടൈറ്റ്‌ലറിനെതിരായ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ സിബിഐയോട് കോടതി നിര്‍ദേശിച്ചിരുന്നു. ഓഗസ്റ്റ് 11 നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്.