ന്യൂഡൽഹി : ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും ജഡ്ജിമാർക്കെതിരെ അപകീർത്തികരമായ കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതില്‍ അഞ്ച് പേരെ കൂടി അറസ്റ്റ് ചെയ്ത് സി.ബി.ഐ.
പിടിയിലായവരുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. വൈ.എസ്.ആർ കോൺഗ്രസിലെ നന്ദിഗം സുരേഷ്, അമഞ്ചി കൃഷ്ണ മോഹൻ എന്നീ ലോക്‌സഭാംഗങ്ങളുടെ പങ്കും അന്വേഷണ പരിധിയിലുണ്ട്.
ഗൂഢാലോചനയും അന്വേഷിക്കും
സംഭവത്തില്‍ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നതിനെക്കുറിച്ച് വ്യാപകമായ അന്വേഷണം നടക്കുന്നുണ്ട്. എഫ്.ഐ.ആറിൽ പരാമർശിക്കാത്ത മറ്റ് വ്യക്തികളുടെ പങ്കിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ടെന്ന് സി.ബി.ഐ വക്താവ് ആർ.സി ജോഷി പറഞ്ഞു. ആന്ധ്രയിൽ നിന്നുള്ള പട്ടാപ്പു ആദർശ്, ലവനൂർ സാംബ ശിവ റെഡ്ഡി എന്നിവരെ ഏജൻസി ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
ഉത്തരവ് ആന്ധ്ര ഹൈക്കോടതിയുടേത്
ജൂലൈ 28 ന് ധാമി റെഡ്ഡി, കോണ്ട റെഡ്ഡി, പാമുല സുധീർ എന്നിവരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. കേസിലെ മറ്റൊരു പ്രതിയായ കുവൈത്തിൽ താമസിച്ചിരുന്ന ലിംഗറെഡ്ഡി രാജശേഖർ റെഡ്ഡി ജൂലൈ ഒമ്പതിന് രാജ്യത്ത് എത്തിയപ്പോൾ അറസ്റ്റ് ചെയ്തിരുന്നു.
ജഡ്ജിമാർക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് 16 പേരെയാണ് ഏജന്‍സി പ്രതികളാക്കിയത്. കേസ് അന്വേഷിക്കാനും മുദ്രവച്ച കവറിൽ റിപ്പോർട്ട് സമർപ്പിക്കാനും ആന്ധ്ര ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.
ALSO READ: 'ബാഴ്‌സ വീടും ലോകവും, തുടരാനാകാത്ത സാഹചര്യം'; പൊട്ടിക്കരഞ്ഞ് മെസി