ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ വച്ച് മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരന്‍ വയോധികയുടെ മേല്‍ മൂത്രമൊഴിച്ച സംഭവത്തില്‍ യാത്രക്കാരന് വിലക്കേര്‍പ്പെടുത്താന്‍ എയര്‍ ഇന്ത്യ നിര്‍ദേശം. 2022 നവംബര്‍ 26ന് ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എഐ 102 വിമാനത്തിലാണ് സംഭവം. വിഷയത്തില്‍ വിമാനത്തിലെ ജീവനക്കാര്‍ ഇടപെടാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് 70കാരിയായ യാത്രിക ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന് നേരിട്ട് പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് എയര്‍ ഇന്ത്യ പൊലീസില്‍ പരാതിപ്പെടുകയും സംഭവം അന്വേഷിച്ച് നടപടിയെടുക്കാന്‍ ആഭ്യന്തര കമ്മിറ്റി രൂപീകരിക്കാന്‍ നിര്‍ദേശിച്ചു. യാത്രക്കാരനെ 'നോ ഫ്ലൈ' ലിസ്റ്റില്‍ ഉള്‍പ്പെടുത്താനാണ് എയര്‍ ഇന്ത്യയുടെ നിര്‍ദേശം. വിഷയം സര്‍ക്കാര്‍ സമിതിയുടെ പരിഗണനയിലാണെന്നും അവരുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
മദ്യ ലഹരിയിലായിരുന്ന യാത്രക്കാരന്‍ തനിക്ക് നേരെ സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍പ്പിച്ചു എന്നും പിന്നീട് ദേഹത്തേക്ക് മൂത്രം ഒഴിക്കുകയായിരുന്നു എന്നും വയോധിക പരാതിയില്‍ പറയുന്നു. 'ഉച്ചഭക്ഷണത്തിന് ശേഷം ലൈറ്റുകള്‍ അണച്ചു. മദ്യലഹരിയിലായിരുന്ന ഒരു യാത്രക്കാരന്‍ എന്‍റെ സീറ്റിനടുത്തേക്ക് വന്നു. അയാള്‍ തന്‍റെ ലൈംഗിക അവയവം എനിക്ക് നേരെ പ്രദര്‍ശിപ്പിച്ചു. ശേഷം ദേഹത്തേക്ക് മൂത്രമൊഴിച്ചു. സഹയാത്രികരില്‍ ഒരാള്‍ പോകാന്‍ ആവശ്യപ്പെട്ടതിന് ശേഷമാണ് അയാള്‍ അവിടെ നിന്നും പോയത്', വയോധിക പരാതിയില്‍ പറയുന്നു.
വസ്‌ത്രത്തിലും ബാഗിലും സീറ്റിലും മൂത്രം ആയെന്നും ജീവനക്കാരന്‍ അടുത്തു വന്ന് പരിശോധിച്ച് മൂത്രമാണെന്ന് ഉറപ്പുവരുത്തിയ ശേഷം അണുനാശിനി തളിച്ചു എന്നും അവര്‍ പറഞ്ഞു. ജീവനക്കാര്‍ തനിക്ക് വസ്‌ത്രവും ചെരിപ്പും നല്‍കിയെന്നും മൂത്രത്തില്‍ നനഞ്ഞ സീറ്റില്‍ ഇരിക്കാന്‍ വയ്യാത്തിനാല്‍ 20 മിനിറ്റോളം താന്‍ ശുചിമുറിയില്‍ തന്നെ നിന്നു എന്നും യാത്രക്കാരി പറഞ്ഞു. എന്നാല്‍ ഫസ്റ്റ് ക്ലാസില്‍ സീറ്റുകള്‍ ഒഴിവുണ്ടായിട്ടും വയോധികയെ നനഞ്ഞ സീറ്റില്‍ ഇരിക്കാന്‍ വിമാനത്തിലെ ജീവനക്കാര്‍ നിര്‍ബന്ധിച്ചു എന്നും ആക്ഷേപമുണ്ട്.
രണ്ടു മണിക്കൂര്‍ കഴിഞ്ഞാണ് തനിക്ക് മറ്റൊരു സീറ്റ് അനുവദിച്ചതെന്നും യാത്രിക പറഞ്ഞു. സംഭവം തന്നെ മാനസികമായി വളരെ തളര്‍ത്തിയെന്നും ജീവനക്കാര്‍ വിഷയത്തില്‍ ഇടപെട്ടില്ലെന്നും തനിക്ക് സുരക്ഷയോ സൗകര്യമോ ഉറപ്പാക്കാന്‍ ജീവനക്കാര്‍ തയാറായില്ലെന്നും എന്‍ ചന്ദ്രശേഖരന് സമര്‍പ്പിച്ച പരാതിയില്‍ വയോധിക പറഞ്ഞു. സംഭവം പൊലിസിലും ബന്ധപ്പെട്ട വകുപ്പുകളിലും അറിയിച്ചിട്ടുണ്ടെന്നും പരാതിക്കാരിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എയര്‍ ഇന്ത്യ അറിയിച്ചു. സംഭവത്തില്‍ ഡിജിസിഎ എയര്‍ ഇന്ത്യയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.