ഭോപ്പാൽ : ഛത്തർപൂർ നഗരത്തിൽ ക്ഷേത്രത്തിന് പുറത്ത് ബോളിവുഡ് ഗാനങ്ങൾക്ക് നൃത്തം ചെയ്‌ത യുവതിക്കെതിരെ പൊലീസ് കേസ്. രാമ-സീത ക്ഷേത്രമായ ജൻറായ് തോരിയയ്ക്ക് മുന്നില്‍ നൃത്തം ചെയ്‌ത ആരതി സാഹു എന്ന യുവതിക്കെതിരെയാണ് നടപടി.
ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്ന ബജ്‌റംഗദള്‍ നേതാവ് സുരേന്ദ്ര ശിവഹരേയുടെ പരാതിയെ തുടർന്നാണ് ഐപിസി സെക്ഷൻ 298 പ്രകാരം കേസെടുത്തിരിക്കുന്നത്. 2.5 ദശലക്ഷം പേര്‍ പിന്‍തുടരുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് യുവതി തന്‍റെ നൃത്തം പങ്കുവച്ചത്.
വീഡിയോകളും മറ്റ് വസ്തുതകളും പരിശോധിച്ച ശേഷം കൂടുതൽ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഛത്തർപൂർ സബ് ഡിവിഷണൽ ഓഫിസർ ഓഫ് പൊലീസ് ശശാങ്ക് ജെയ്‌ൻ പറഞ്ഞു.
Also Read: ഗുലാബ് കരതൊട്ടു, ഗജപതിയിൽ മണ്ണിടിച്ചിൽ ; സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി
സാഹു ക്ഷേത്രത്തിന് മുൻപിൽ മനപ്പൂര്‍വം അശ്ലീലമായി നൃത്തം ചെയ്യുകയും ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ സമൂഹ മാധ്യമം വഴി വീഡിയോ പങ്കുവയ്ക്കുകയും ചെയ്‌തെന്നാണ് ബജ്റംഗദള്‍ നേതാവിന്‍റെ പരാതി.
കുട്ടിക്കാലം മുതൽ താൻ ഈ ക്ഷേത്രത്തിൽ പോകാറുണ്ടെന്നും മതവികാരം വ്രണപ്പെടുത്താൻ വേണ്ടിയല്ല നൃത്തം ചെയ്‌തതെന്നും സാഹു പിന്നീട് വിശദീകരിച്ചു.
ഇൻസ്റ്റഗ്രാമിൽ വീഡിയോകൾ പോസ്റ്റ് ചെയ്യുന്നതാണ് തന്റെ കുടുംബത്തിന്റെ പ്രധാന വരുമാന മാർഗമെന്നും വിവാദമായതോടെ വീഡിയോകൾ നീക്കം ചെയ്തതായും സാഹു അറിയിച്ചു.
ബോളിവുഡ് സിനിമകളായ 'കോക്ക്‌ടെയിൽ'ലെ 'ഡായേ ലാഗേ കഭി ബായേ ലാഗെ', 'വെൽക്കം ടു കറാച്ചി'ലെ 'മേരി ശം അവാദ് സേ ആയ് ഹൈ' എന്നീ ഗാനങ്ങള്‍ക്ക് ക്ഷേത്ര കവാടത്തിൽ ചുവടുവയ്ക്കുന്നതാണ് വൈറലായ രണ്ട് വീഡിയോകളിലുള്ളത്.