ജോർഹട്ട് : രാഹുൽ ഗാന്ധി (Rahul Gandhi) നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്കെതിരെ (Bharat Jodo Nyay Yatra) അസം പൊലീസ് കേസെടുത്തു. റൂട്ട് മാറ്റി സഞ്ചരിച്ചു എന്നാരോപിച്ചാണ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. മുൻകൂട്ടി നിശ്ചയിച്ച റൂട്ടിൽ നിന്ന് മാറി യാത്ര കടന്നുപോയെന്നും ഇതോടെ ജോര്‍ഹട്ടില്‍ സംഘര്‍ഷ സമാന സാഹചര്യം ഉണ്ടായെന്നും ചൂണ്ടിക്കാട്ടിയാണ് പൊലീസ് സ്വമേധയാ കേസ് എടുത്തത് (Case against Bharat Jodo Nyay Yatra).
മുന്‍കൂട്ടി അറിയിക്കാതെ റൂട്ട് മാറ്റിയത് ഗതാഗതം താറുമാറാക്കി, ബാരിക്കേഡുകള്‍ മറികടന്ന് ജനങ്ങള്‍ പൊലീസിനെ ആക്രമിക്കുന്നതിനുള്ള സാഹചര്യം ഒരുക്കിയെന്നും പൊലീസ് ആരോപിച്ചു. ഭാരത് ജോഡോ ന്യായ് യാത്ര വിജയകരമല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ ഹിമന്ത ബിശ്വ ശര്‍മ്മ സര്‍ക്കാര്‍ എല്ലാ ശക്തികളും ഉപയോഗിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് പ്രതികരിച്ചത്.
അതേസമയം, അസമിൽ ഭാരത് ജോഡോ ന്യായ് യാത്ര പുരോഗമിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനവാസ ദ്വീപായ മജൂലിയിലേക്കാണ് യാത്ര നീങ്ങുന്നത്. ജോർഹട്ടിലെ നിമതി ഘട്ടിൽ നിന്ന് ബ്രഹ്മപുത്ര നദിക്ക് കുറുകെ ബോട്ടിലാണ് മജൂലിയിലേക്ക് കോൺഗ്രസ് നേതാക്കൾ യാത്ര ചെയ്യുന്നത്.
രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് ഹിമന്ത ബിശ്വ ശർമയെന്ന് രാഹുൽ ഗാന്ധി യാത്രക്കിടെ ആരോപിച്ചു. അനീതിക്കെതിരെ നിലകൊള്ളണമെന്നും രാഹുൽ ഗാന്ധി ആദിവാസികളോട് ആഹ്വാനം ചെയ്‌തു. ആദിവാസികൾ എന്നതുകൊണ്ട് അർഥമാക്കുന്നതുതന്നെ ആദ്യം ഭൂമിയിൽ വന്നവർ എന്നാണ്. എന്നാൽ, നിങ്ങൾ കാട്ടിൽ കഴിയണമെന്നും നിങ്ങളുടെ വിദ്യാർഥികൾ കോളജിൽ പോകരുതെന്നുമാണ് ബിജെപി ആഗ്രഹിക്കുന്നതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
ഭാരത് ജോഡോ ന്യായ് യാത്ര മണിപ്പൂരിൽ നിന്ന് ആരംഭിച്ചത് തന്നെ ബിജെപിക്ക് വലിയ തിരിച്ചടിയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനറൽ സെക്രട്ടറി ജയറാം രമേഷ്, സംസ്ഥാന അധ്യക്ഷൻ ഭൂപൻ കുമാർ ബോറ, പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ എന്നിവരുൾപ്പടെ പാർട്ടിയുടെ നിരവധി ഉന്നത നേതാക്കളും യാത്രയിൽ പങ്കെടുക്കുന്നുണ്ട്.
രാഹുൽ ഗാന്ധി നയിക്കുന്ന യാത്ര ജനുവരി 14നാണ് മണിപ്പൂരിൽ നിന്ന് ആരംഭിച്ചത്. ജനുവരി 25 വരെയാണ് അസമിൽ പര്യടനം നടക്കുക. മാർച്ച് 20, 21 തീയതികളിലായി മുംബൈയിൽ ഭാരത് ജോഡോ ന്യായ് യാത്ര സമാപിക്കും.