ന്യൂഡല്‍ഹി: യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്‍റിനോട് നിര്‍ദേശിക്കാനെങ്ങനെ കഴിയുമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ മൂന്നംഗ ബഞ്ചിന്‍റേതാണ് പരാമര്‍ശം. യുക്രൈനിലെ രക്ഷാദൗത്യത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു പരാമര്‍ശം.
യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർഥികളോടും യുദ്ധത്തിന്‍റെ ദുരിതമനുഭവിക്കുന്നവരോടും കോടതിക്ക് അനുഭാവമുണ്ട്. എന്നാൽ യുദ്ധം നിർത്താൻ റഷ്യൻ പ്രസിഡന്‍റിനോട് ആവശ്യപ്പെടാൻ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. യുക്രൈന്‍റെ ഒരു പ്രത്യേക മേഖലയില്‍ നിന്ന് വിദ്യാർഥികളെ ഒഴിപ്പിക്കുന്നതിലാണ് കേന്ദ്ര സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
Also read: കൂട്ടപ്പലായനത്തിന്‍റെ കണ്ണീര്‍നിലമായി യുക്രൈന്‍ ; ഇതിനകം രാജ്യംവിട്ടത് 10 ലക്ഷം പേരെന്ന് യുഎന്‍
രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.'കോടതിക്ക് എന്ത് ചെയ്യാൻ കഴിയും?യുദ്ധം നിർത്താൻ ഞങ്ങൾക്ക് റഷ്യൻ പ്രസിഡന്‍റിന് നിർദേശം നൽകാനാകുമോ?' - കോടതി ചോദിച്ചു. ഏത് സർക്കാരിനോടാണ് കോടതി സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യപ്പെടേണ്ടതെന്നും ബഞ്ച് ആരാഞ്ഞു.
യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്നവരെ തിരികെയെത്തിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നുണ്ടെന്നും ബഞ്ച് വ്യക്തമാക്കി. വിഷയത്തിൽ അറ്റോർണി ജനറലിന്‍റെ ഉപദേശം തേടുമെന്നും കോടതി അറിയിച്ചു.