ജംതാര : കല്‍ക്കട്ട ഹൈക്കോടതി (Calcutta High Court) ചീഫ് ജസ്റ്റിസ് ഉള്‍പ്പടെയുള്ളവരെ സൈബര്‍ തട്ടിപ്പിന് ഇരയാക്കി ലക്ഷങ്ങള്‍ കവര്‍ന്ന നാലുപേര്‍ പിടിയില്‍. ജാർഖണ്ഡിലെ ജംതാരയില്‍ നിന്നാണ് പ്രതികളെ വ്യാഴാഴ്‌ച (മാര്‍ച്ച് 23) അറസ്റ്റുചെയ്‌തത്. അഞ്ച് ലക്ഷം രൂപയാണ് ചീഫ് ജസ്റ്റിസില്‍ നിന്ന് തട്ടിയെടുത്തത്. ഇതേകേസില്‍ പ്രതികള്‍ 15 ലക്ഷം രൂപ ആകെ തട്ടിയെടുത്തതായി ഉദ്യോഗസ്ഥര്‍ പറയുന്നു.
ശിവശങ്കര്‍ മണ്ഡല്‍, മിത്ര മണ്ഡല്‍, തപന്‍ മണ്ഡല്‍ പുറമെ മറ്റൊരാളുമാണ് പിടിയിലായത്. നാല് പ്രതികളേയും കൊൽക്കത്ത (Kolkata) പൊലീസ് റിമാൻഡ് ചെയ്‌തു. ഔദ്യോഗിക വൃത്തങ്ങൾ നല്‍കുന്ന വിവര പ്രകാരം, കൊൽക്കത്ത പൊലീസ് ജാര്‍ഖണ്ഡിലെ കർമാതാണ്ട് പൊലീസുമായി നടത്തിയ സംയുക്ത ഓപ്പറേഷനില്‍ ജിലുവ, മട്ടാടണ്ട് ഗ്രാമങ്ങളില്‍ റെയ്‌ഡ് നടത്തുകയായിരുന്നു.
തട്ടിപ്പ് നടന്നത് കൊല്‍ക്കത്തയിലും ജംതാരയിലും : രണ്ട് വ്യത്യസ്‌ത സൈബർ ക്രൈം കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന് കൊൽക്കത്ത പൊലീസിലെ ഒരു ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. 'കുറഞ്ഞത് 12 മുതൽ 15 ലക്ഷം വരെ പ്രതികള്‍ തട്ടിയെടുത്തിട്ടുണ്ട്. തട്ടിപ്പിന് ഇരയാക്കിയവരില്‍ കല്‍ക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസ് വരെ ഉള്‍പ്പെടുന്നു. അഞ്ച് ലക്ഷമാണ് അദ്ദേഹത്തില്‍ നിന്നും തട്ടിയെടുത്തത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് പ്രതികളെ അറസ്റ്റ് ചെയ്‌തിട്ടുമുണ്ട്. കൊല്‍ക്കത്തയിലും ജംതാരയിലുമാണ് തട്ടിപ്പ് നടന്നത്' - ഒരു പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.
'ഈ കേസില്‍ ഞങ്ങള്‍ ജാർഖണ്ഡ് പൊലീസുമായി ബന്ധപ്പെടുകയും അവരുമായി സംയുക്ത ഓപ്പറേഷന്‍ നടത്തുകയും ചെയ്‌തു. ജംതാരയിൽ നിന്ന് രണ്ട് വ്യത്യസ്‌ത സൈബർ തട്ടിപ്പ് കേസുകളിലാണ് നാല് പ്രതികളെ ഞങ്ങൾ അറസ്റ്റ് ചെയ്‌തത്. പ്രതികളെ ജംതാര കോടതിയിൽ ഹാജരാക്കി. കോടതിയുടെ നിർദേശപ്രകാരം ഇവരെ പശ്ചിമ ബംഗാളിലേക്ക് കൊണ്ടുപോവുകയാണ്. തട്ടിപ്പിൽ കൂടുതല്‍ ആളുകളുടെ പങ്ക് കണ്ടെത്താന്‍ അന്വേഷണ സംഘം ഊര്‍ജിതമായി ശ്രമിക്കുന്നുണ്ട്'. - കൊല്‍ക്കത്ത പൊലീസിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ജയിലഴിക്കുള്ളില്‍ കരഞ്ഞ് പ്രതി : സാമ്പത്തിക തട്ടിപ്പ് കേസില്‍ പിടിയിലായ പ്രതി ജയിലഴിക്കുള്ളില്‍ നിന്ന് കരയുന്നതിന്‍റെ സിസിടിവി ദൃശ്യം അടുത്തിടെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഹര്‍ഷ് വിഹാര്‍ പ്രദേശത്തെ മാണ്ഡോളി ജയിലില്‍ നിന്നും സുകേഷ് ചന്ദ്രശേഖര്‍ എന്ന പ്രതിയുടേതാണ് പുറത്തുവന്ന വീഡിയോ. ജയില്‍ ഉദ്യോഗസ്ഥരായ സുകേഷ് രഞ്ജന്‍, ദീപക് ശര്‍മ, ജയ്‌സിങ് എന്നിവരുടെ മുന്‍പിലായിരുന്നു ഇയാളുടെ വൈകാരിക പ്രകടനം.
ജയിലഴിക്കുള്ളില്‍ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തിയപ്പോള്‍ 1.5 ലക്ഷം വില മതിക്കുന്ന ഗുച്ചി ചെരിപ്പും, 80,000 രൂപയുടെ രണ്ട് ജീന്‍സ് പാന്‍റുകളും കണ്ടെത്തിയിരുന്നു. ഈ നടപടിയിലാണ് പ്രതിയുടെ കരച്ചില്‍. കരയുകയും കണ്ണുനീര്‍ തുടയ്‌ക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇയാളുടെ കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങളായ ജാക്വലിന്‍ ഫര്‍ണാണ്ടസ്, നോറ ഫത്തേഹി തുടങ്ങിയവരെ ചോദ്യം ചെയ്‌തുവരികയാണ്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം സുകേഷ് ചന്ദ്രശേഖറിനെ അടുത്തിടെയാണ് ഉദ്യോഗസ്ഥര്‍ അറസ്‌റ്റുചെയ്‌തത്. ബിസിനസ് പ്രമുഖന്‍ ശിവീന്ദര്‍ മോഹന്‍ സിങ്ങിന്‍റെ ഭാര്യയെ കബളിപ്പിച്ച് 200 കോടി തട്ടിയെടുത്തു എന്നതാണ് സുകേഷിനെതിരായ കേസ്.