ബെംഗളൂരു : യുവതിയുടെ സ്വകാര്യ ഫോൺ സംഭാഷണം രഹസ്യമായി കേട്ട ശേഷം ഭീഷണിപ്പെടുത്തി 22 ലക്ഷം രൂപയും ആഭരണങ്ങളും കൈക്കലാക്കിയ ടാക്സി ഡ്രൈവർ അറസ്റ്റിൽ. ബെംഗളൂരുവിലെ ഹെർസഗ്ട്ട സ്വദേശിയായ കിരൺ എന്നയാളാണ് അറസ്റ്റിലായത്. സ്വകാര്യ സ്ഥാപനത്തിൽ ചെയ്യുന്ന യുവതി ജോലി ഏപ്രിൽ അവസാനം ബെംഗളൂരുവിലെ ഇന്ദിരാനഗറിൽ നിന്നു ബാനസ്‌വാടിയിലേക്കു കാർ ബുക്ക് ചെയ്തിരുന്നു.
കാറിൽ വച്ചു യുവതി ആൺ സുഹൃത്തുമായി നടത്തിയ സംഭാഷണം ടാക്‌സി ഡ്രൈവറായ കിരൺ രഹസ്യമായി കേട്ടു. ദിവസങ്ങൾക്കു ശേഷം യുവതിക്കു ബാല്യകാല സുഹൃത്താണെന്ന വ്യാജേന കിരൺ ടെക്സ്റ്റ് മെസേജുകൾ അയച്ചു ബന്ധം സ്ഥാപിച്ചു. പീന്നീട് തനിക്കു വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നു പറഞ്ഞു കബളിപ്പിച്ചു. യുവതി തന്‍റെ അക്കൗണ്ടില്‍ നിന്ന് 22 ലക്ഷം രൂപ ഓൺലൈൻ ആയി കിരണിനു അയച്ചു നൽകി.
നാളുകൾക്കു ശേഷം യുവതി സത്യം തിരിച്ചറിഞ്ഞു കിരണുമായുളള ബന്ധം അവസാനിപ്പിച്ചു. എന്നാൽ കിരൺ യുവതിയുടെ സ്വർണ്ണം കൂടി വേണമെന്നും അല്ലത്തപഷം താനുമായുളള ബന്ധം യുവതിയുടെ ഭർത്താവിനെ അറിയിക്കുമെന്നും ഭീഷണിപ്പെടുത്താൻ ആരംഭിച്ചു. ഭീഷണിയിൽ ഭയന്ന യുവതി 750 ഗ്രാം സ്വർണ്ണം കൂടി നൽകി.
പീന്നീട് ഭർത്താവ് സ്വർണ്ണത്തെ കുറിച്ചു ചോദിച്ചപ്പോൾ യുവതി സത്യം വെളിപ്പെടുത്തി. തുടർന്നു യുവതി രാമമൂർത്തി നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഇതേ തുടർന്ന് ടാക്സി ഡ്രൈവറായ കിരണിനെ പൊലീസ് അറസ്റ്റു ചെയ്തു. സംഭവത്തെ കുറിച്ചു കൂടുതൽ അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.
Also read : ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥനെന്ന വ്യാജേന പണം തട്ടിയ യുവാവ് അറസ്‌റ്റില്‍