ന്യൂഡല്‍ഹി: മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങൾ അനുമതിയില്ലാതെ ലൈംഗികച്ചുവയോടെ 'ബുള്ളി ഭായ്' എന്ന ആപ്പില്‍ പോസ്റ്റ് ചെയ്ത സംഭവത്തിൽ എംപി പ്രിയങ്ക ചാറ്റർജിയുടെ പ്രതികരണം പ്രശംസനീയമാണെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ ഷമീം താരിഖ്. എന്നാൽ എന്തുകൊണ്ടാണ് ഇത്തരക്കാർക്കെതിരെ പോരാടാനും വ്യക്തമായ മറുപടി നൽകാനും മുസ്‌ലിം സ്ത്രീകളെ പ്രാപ്‌തരാക്കാത്തതെന്ന് ഷമീം താരിഖ് ചോദിക്കുന്നു. മെച്ചപ്പെട്ട സമൂഹം രൂപപ്പെടുത്തുന്നതിൽ സ്ത്രീകൾക്കുള്ള പങ്ക് പ്രധാനമാണ്. അതിനാൽ ഇത്തരം കേസുകളിൽ പ്രതികരിക്കാൻ മുസ്ലിം സ്ത്രീകളെ പ്രാപ്‌തരാക്കേണ്ടത് അത്യാവശ്യമാണെന്നും ഷമീം താരിഖ് പറഞ്ഞു.
രാജ്യത്തിന്‍റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള അപകടകരമായ ഒരു സംഘടിത ഗൂഢാലോചന സംഭവത്തിന് പിന്നിലുണ്ട്. അതുകൊണ്ട് തന്നെ മുസ്‌ലിം സ്ത്രീകളെ ലേലത്തിന് വച്ചവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ അറസ്റ്റ് ചെയ്യാൻ മുംബൈ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. ഇതുവരെ അറസ്റ്റിലായവർ പരസ്പരം ബന്ധമുള്ളവരാണെന്ന് മുംബൈ പൊലീസ് അറിയിച്ചിട്ടുണ്ടെങ്കിലും അറസ്റ്റിലായവരെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പൊലീസ് തയാറായിട്ടില്ല.
കേസിൽ നിരവധി സുപ്രധാന ആളുകൾ അറസ്റ്റിലാകാൻ ഉള്ളതിനാൽ അന്വേഷണത്തെക്കുറിച്ചുള്ള ഏത് വിവരവും പൊതുജനങ്ങളുമായി പങ്കിടുന്നത് കേസിന്വേഷണത്തെ ബാധിക്കുമെന്നും ഇതുവരെ അറസ്റ്റിലാകാത്ത പ്രതികൾക്ക് അത് നേരിട്ട് ഗുണം ചെയ്യുമെന്നും മുംബൈ പൊലീസ് കമ്മീഷണർ ഹേമന്ത് നഗ്രാലെ പറയുന്നു.
Also Read: പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്‌ച: കേന്ദ്രസർക്കാരിന്‍റെ പിഴവെന്ന് മല്ലികാർജുൻ ഖാർഗെ