മുംബൈ: ബുള്ളി ബായ് ആപ്പ് കേസിൽ അറസ്റ്റിലായ മൂന്ന് പേരുടെയും ജാമ്യാപേക്ഷയെ എതിർത്ത് മുംബൈ പൊലീസ് സൈബർ സെൽ. സുള്ളി ഡീൽസ് ആപ്പ് കേസിലും പ്രതികൾക്ക് പങ്കുണ്ടെന്ന് സൂചന ലഭിച്ചതായി സൈബർ സെൽ മുംബൈ സിറ്റി കോടതിയെ അറിയിച്ചു.
വിശാൽ കുമാർ ഝാ, ശ്വേത സിങ്, മായങ്ക് റാവത്ത് എന്നിവരുടെ ജാമ്യാപേക്ഷയെ ആണ് സൈബർ സെൽ എതിർത്തത്. ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ബുള്ളി ബായ് ആപ്പ് നിർമാതാവ് നീരജ് ബിഷ്‌ണോയിയുടെ സഹായത്തോടെയാണ് പ്രതി കുറ്റം ചെയ്തതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ജാമ്യം അനുവദിച്ചാൽ പ്രതികൾക്ക് രക്ഷപെടാനും തെളിവുകൾ നശിപ്പിക്കാനും സാധിക്കുമെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. കൂടുതൽ വാദം കേൾക്കുന്നതിനായി കേസ് ചൊവ്വാഴ്‌ച വീണ്ടും പരിഗണിക്കും.
ബുള്ളി ബായ് ആപ്പ് നിർമാതാവായ നീരജ് ബിഷ്‌ണോയി, സുള്ളി ഡീൽസ് ആപ്പ് കേസിൽ പിടിയിലായ ഓംകാരേശ്വർ താക്കൂർ എന്നിവരെ കൂടി കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘത്തെ ഡൽഹിയിലേക്ക് അയച്ചതായി പൊലീസ് അറിയിച്ചു.
സമൂഹ മാധ്യമങ്ങളിൽ പ്രതികൾ വളരെ സജീവമായിരുന്നുവെന്നും സമൂഹത്തിലെ സമാധാനം തകർക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ ഷെയർ ചെയ്യാറുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. നീരജ് ബിഷ്‌ണോയി, ഓംകാരേശ്വർ താക്കൂർ എന്നിവരുടെ ജാമ്യാപേക്ഷ നേരത്തെ ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു.
ഡൽഹി പൊലീസ് സ്‌പെഷ്യൽ സെല്ലിന്‍റെ ഇന്‍റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് യൂണിറ്റ് സംഘമാണ് ബിടെക് വിദ്യാർഥിയായ നീരജ് ബിഷ്‌ണോയിയെ(20) അസമിൽ നിന്ന് അറസ്റ്റ് ചെയ്‌തത്.
ബുള്ളി ബായ് ആപ്പ് കേസിലെ കൂട്ടുപ്രതികളായ ശ്വേത സിങ്ങിനെയും മായങ്ക് റാവത്തിനെയും ബാന്ദ്ര കോടതി ജനുവരി 28 വരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ജനുവരി 5ന് ഉത്തരാഖണ്ഡിൽ നിന്നുമാണ് ഇരുവരും അറസ്റ്റിലാകുന്നത്. ജനുവരി 24 വരെയാണ് വിശാൽ കുമാർ ഝായുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി.
Also Read: കൊവിഡില്‍ താളം തെറ്റി ഭരണസിരാകേന്ദ്രം; സെക്രട്ടേറിയറ്റ് ഭാഗികമായി അടച്ചു