കൊല്‍ക്കത്ത: ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ 13 കോടി രൂപ വിലമതിക്കുന്ന പാമ്പിന്‍ വിഷം പിടികൂടി ബിഎസ്എഫ് (ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ്). തെക്കന്‍ ദിനാജ്‌പൂരിലെ പഹാന്‍ പാരയില്‍ നിന്നാണ് സംഘം പാമ്പിന്‍ വിഷം കണ്ടെത്തിയത്. തിങ്കളാഴ്‌ച പുലര്‍ച്ചെ 12.30നാണ് സംഭവം.
ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് കോടി കണക്കിന് രൂപയുടെ വിലമതിക്കുന്ന പാമ്പിന്‍ വിഷം കടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയപ്പോഴാണ് വിഷം പിടികൂടിയത്. ബംഗ്ലാദേശ് സ്വദേശികളായ രണ്ട് പേരാണ് വിഷവുമായി വാഹനത്തില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രവേശിച്ചത്.
ഇന്ത്യയിലേക്ക് പ്രവേശിച്ചയുടന്‍ വാഹനം തടഞ്ഞ ബിഎസ്എഫ് വാഹനം പരിശോധിക്കണമെന്ന് അറിയിച്ചു. ഇതോടെ വാഹനം ബംഗ്ലാദേശിലേക്ക് തന്നെ തിരിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇവരെ തടയാന്‍ ബിഎസ്‌എഫ് വെടിയുതിര്‍ത്തു. എന്നാല്‍ ഇരുവരും വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
ഇരുവരും ഉപേക്ഷിച്ച വാഹനം പരിശോധന നടത്തിയപ്പോഴാണ് വിഷം നിറച്ച ഭരണി കണ്ടെത്തിയത്. ജാറില്‍ 'കോബ്ര എസ്‌പി - റെഡ് ഡ്രാഗൺ - മെയ്‌ഡ് ഇന്‍ ഫ്രാന്‍സ് - കോഡ് നമ്പർ- 6097' എന്ന് എഴുതിയിട്ടുണ്ട്. ഭരണിയില്‍ കണ്ടെടുത്ത വിഷം മൂര്‍ഖന്‍ പാമ്പിന്‍റേതാണെന്നാണ് ബിഎസ്എഫിന്‍റെ വിലയിരുത്തല്‍. വിഷവുമായെത്തി രണ്ട് പേര്‍ക്കെതിരെ ബിഎസ്‌എഫ് വെടിയുതിര്‍ത്തെങ്കിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്ന് സംഘം അറിയിച്ചു. 137 പേരടങ്ങുന്ന സംഘമാണ് അതിര്‍ത്തിയില്‍ പരിശോധന നടത്തിയത്. കണ്ടെടുത്ത പാമ്പ് വിഷം ബാലൂർഘട്ട് റേഞ്ചിലെ വനംവകുപ്പിന് കൈമാറി.
അതിര്‍ത്തിയില്‍ പരിശോധന കടുപ്പിക്കുമെന്ന് ബിഎസ്‌എഫ്: ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കോടികള്‍ വിലമതിക്കുന്ന പാമ്പിന്‍ വിഷം പിടികൂടിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് ബിഎസ്‌എഫ്. അതിര്‍ത്തിയില്‍ ഇത്തരത്തിലുള്ള കള്ളക്കടത്തുകള്‍ അധികരിച്ചിട്ടുണ്ടെന്നും ബിഎസ്‌എഫ് പറഞ്ഞു. വരും ദിവസങ്ങളിലും കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്നും വിഷക്കടത്തിന്‍റെ ഉറവിടം കണ്ടെത്തുമെന്നും ബിഎസ്‌എഫ് പറഞ്ഞു.
അതിര്‍ത്തിയില്‍ വിഷക്കടത്ത് നേരത്തേയും : 2021ലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. തെക്കന്‍ ദിനാജ്‌പൂര്‍ ജില്ലയില്‍ നിന്ന് ഇത്തരത്തില്‍ ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച വിഷം നേരത്തെയും ബിഎസ്‌എഫ് പിടിച്ചെടുത്തിരുന്നു. 57 കോടി രൂപ വിലമതിക്കുന്ന വിഷമാണ് അന്ന് പിടിച്ചെടുത്തത്. ചില്ല് ഭരണിയില്‍ വയലില്‍ ഒളിപ്പിച്ച് വച്ച വിഷമാണ് ബിഎസ്‌എഫ് കണ്ടെടുത്തത്.
കുമാര്‍ഗഞ്ച് ബിഒപി (ബോര്‍ഡര്‍ ഒബ്‌സര്‍വേഷന്‍ പോസ്റ്റ്) 61 ബറ്റാലിയനിലെ ജവാന്മാരാണ് വിഷം പിടികൂടിയത്. പട്രോളിങ്ങിനിടെയാണ് വിഷം അടങ്ങിയ ഭരണി സംഘം കണ്ടെടുത്തത്. സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ വിഷം നിറച്ച ഭരണി ഫ്രാന്‍സില്‍ നിന്നുള്ളതാണെന്ന് ബിഎസ്എഫ് വിലയിരുത്തി.
മാല്‍ഡയിലും വിഷം കണ്ടെത്തി പൊലീസ്: പശ്ചിമ ബംഗാളില്‍ ഒരു കോടിയോളം വിലമതിക്കുന്ന പാമ്പിന്‍ വിഷവുമായി നേരത്തെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ദിനാജ്‌പൂര്‍ സ്വദേശികളായ ആലം മിയാന്‍, മുസ്‌ഫിക് ആലം എന്നിവരാണ് അറസ്റ്റിലായത്. കാറില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.
600 ഗ്രാം വിഷമാണ് ഇവരില്‍ നിന്ന് പൊലീസ് കണ്ടെടുത്തത്. ബുള്ളറ്റ് പ്രൂഫ് ബോക്‌സിലാണ് വിഷം നിറച്ച് ഇരുവരും കടത്താന്‍ ശ്രമിച്ചിരുന്നത്. വിഷവുമായി മാല്‍ഡയിലേക്ക് കടക്കാന്‍ ശ്രമിക്കുമ്പോഴാണ് സംഘം പിടിയിലായത്. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കള്ളക്കടത്ത് ഏറ്റവും കൂടുതല്‍ നടക്കുന്നയിടമാണ് മാല്‍ഡ.