ഹൈദരാബാദ്: ഡല്‍ഹിയിലെ മദ്യ കുംഭകോണ കേസിലെ തനിക്കെതിരായ ആരോപണം വ്യാജമെന്ന് ബിആര്‍എസ് എംഎല്‍സിയും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്‍റെ മകളുമായ കെ കവിത. ബിജെപിയുടെ രാഷ്‌ട്രീയ പകപോക്കലാണ് ഇതെന്നും കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോറിന്‍റെ ട്വീറ്റിന് മറുപടി നല്‍കികൊണ്ട് കെ കവിത പറഞ്ഞു.
സമയം തന്‍റെ നിരപരാധിത്വം തെളിയിക്കുമെന്നും ബിആര്‍എസ് പാര്‍ട്ടി തലവന്‍ കെ ചന്ദ്രശേഖര്‍ റാവു കേന്ദ്ര സര്‍ക്കാറിന്‍റെ കര്‍ഷക വിരുദ്ധവും മുതലാളിത്വത്തിന് അനുകൂലവുമായ നയങ്ങള്‍ തുറന്ന് കാട്ടുന്നതില്‍ വിറളിപൂണ്ട ബിജെപിയുടെ രാഷ്‌ട്രീയ പകപോക്കലാണ് തനിക്കെതിരെ നടക്കുന്നത് എന്നുമാണ് കവിത ട്വീറ്റ് ചെയ്‌തത്. ഡല്‍ഹിയിലെ മദ്യ കുംഭകോണ കേസിലെ കവിതയ്‌ക്കെതിരായ ആരോപണങ്ങളെ ചൂണ്ടികാട്ടി ഒരുപാട് കാര്യങ്ങള്‍ കവിത വിശദമാക്കേണ്ടതുണ്ട് എന്നാണ് മാണിക്കം ടാഗോര്‍ ട്വീറ്റ് ചെയ്‌തത്.
ഡല്‍ഹി മദ്യ കുംഭകോണ കേസില്‍ കവിതയുടെ പേര് 28 പ്രാവശ്യം ഇഡി ഫയല്‍ ചെയ്‌ത ചാര്‍ജ് ഷീറ്റില്‍ പരാമര്‍ശിക്കുന്നുണ്ട് എന്ന ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ കൊമേട്ടിറെഡ്ഡി രാജിന്‍റെ ട്വീറ്റിനും കവിത മറുപടി നല്‍കി. തന്‍റെ പേര് 28 തവണയല്ല 28,000 തവണ പരാമര്‍ശിച്ചാലും കള്ളം സത്യമായി മാറില്ലെന്നാണ് കവിത മറുപടി നല്‍കിയത്. ഡല്‍ഹി മദ്യ കുംഭകോണ കേസില്‍ സിബിഐ സംഘം ഡിസംബര്‍ 11ന് കവിതയുടെ ഹൈദരാബാദിലെ വീട്ടില്‍ വച്ച് അവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
കവിതയ്‌ക്കെതിരായ ഇഡി ചാര്‍ജ് ഷീറ്റ്: മദ്യ കുംഭകോണത്തില്‍ ആംആദ്‌മി പാര്‍ട്ടിയോടൊപ്പം തന്നെ വലിയ നേട്ടങ്ങള്‍ ലഭിച്ച വ്യക്തിയാണ് കെ കവിത എന്നാണ് ഇഡി പറയുന്നത്. ശരത് ചന്ദ്ര റെഡ്ഡി, വൈഎസ്‌ആര്‍ കോണ്‍ഗ്രസ് എംപി മഗുണ്ട ശ്രീനിവാസല റെഡ്ഡി എന്നിവരടങ്ങുന്ന 'സൗത്ത് ഗ്രൂപ്പിന്‍റെ' ഭാഗമാണ് കവിത.
ഡല്‍ഹിയിലെ മദ്യ വ്യവസായത്തിന്‍റെ നിയന്ത്രണത്തിനായി 100കോടി രൂപ അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തിലുള്ള ആംആദ്‌മി പാര്‍ട്ടിക്ക് 'സൗത്ത്‌ഗ്രൂപ്പ്' നല്‍കി. കൈക്കൂലി നല്‍കിയതിനെ തുടര്‍ന്ന് സൗത്ത് ഗ്രൂപ്പിന് ഡല്‍ഹിയിലെ മൊത്തവില്‍പ്പനയുടെയും പല ചില്ലറ വില്‍പ്പന സോണുകളുടെയും വില്‍പ്പനാവകാശം ലഭിച്ചു. ഇന്തോസ്‌പിരിറ്റ് എന്ന കമ്പനിയില്‍ മഗുണ്ട കുടുംബത്തോടൊപ്പം അരുണ്‍പിള്ള എന്ന ആളെ ബിനാമിയാക്കിവച്ച് 65 ശതമാനം ഓഹരികള്‍ കവിതയ്‌ക്ക് ഉണ്ട്.
ഇന്തോസ്‌പിരിറ്റ് 14 കോടി മദ്യ ബോട്ടിലുകള്‍ വിറ്റ് 195 കോടി രൂപ ലാഭം ഉണ്ടാക്കി. ആംആദ്‌മിയെ പ്രതിനിധീകരിച്ച് വിജയ് അറോറ എന്ന വ്യക്തി രാജ്യത്തെ ഏറ്റവും വലിയ മദ്യ ഉത്‌പാദന കമ്പനികളില്‍ ഒന്നായ പെർനോഡ് റിക്കാർഡിനെ ഭീഷണിപ്പെടുത്തി ഡല്‍ഹിയിലെ അവരുടെ മൊത്തവില്‍പ്പനക്കാരായി ഇന്തോസ്‌പിരിറ്റിനെ മാറ്റി. സൗത്ത് ഗ്രൂപ്പും ആപ്പും തമ്മിലുണ്ടാക്കിയ ധാരണപ്രകാരം 12 ശതമാനം ലാഭം ഒരേപോലെ വീതിച്ചെടുക്കും എന്നതാണ്.
കുംഭകോണത്തില്‍ ഉള്‍പ്പെട്ട മറ്റ് വ്യക്തികളുമായി കവിത നിരവധി തവണ കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ട്. ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ വച്ചും ഹൈദരാബാദിലെ അവരുടെ വീട്ടില്‍ വച്ചും ഫേസ് ടൈം കോളുകള്‍ വഴിയുമായിരുന്നു കൂടിക്കാഴ്‌ചകള്‍ നടന്നിരുന്നത്. തെളിവ് നശിപ്പിക്കുന്നതിന് വേണ്ടി ഒരു ഡസനോളം മൊബൈല്‍ ഫോണുകള്‍ കവിത നശിപ്പിച്ചിട്ടുണ്ടെന്നും ഇഡിയുടെ ചാര്‍ജ് ഷീറ്റില്‍ ആരോപിക്കുന്നു.