ന്യൂഡൽഹി : കർണാടകയിലെ ഉജ്വല വിജയത്തിന് ശേഷം തെലങ്കാന പിടിക്കാനുള്ള സജീവ നീക്കത്തിലാണ് കോൺഗ്രസ്. ഇതിന്‍റെ ഭാഗമായി തെലങ്കാന ഭരിക്കുന്ന ഭാരത് രാഷ്‌ട്ര സമിതിയില്‍ (ബിആർഎസ്) നിന്ന് നിരവധി പ്രധാന നേതാക്കളെ സ്വന്തം തട്ടകത്തില്‍ എത്തിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. തെലങ്കാന മുൻ മന്ത്രി ജുപള്ളി കൃഷ്‌ണ റാവു, മുൻ എംപി പൊംഗുലേട്ടി ശ്രീനിവാസ് റെഡ്ഡി ഉള്‍പ്പെടെയുള്ള ബിആർഎസ് നേതാക്കളാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
ഇന്ന് ഡൽഹി എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുന്‍ അധ്യക്ഷന്‍ രാഹുൽ ഗാന്ധി എന്നിവര്‍ മുന്‍ ബിആര്‍എസ് നേതാക്കളെ അംഗത്വം നല്‍കി സ്വീകരിച്ചു. ബിആര്‍എസ് നേതാക്കള്‍ പാര്‍ട്ടിയില്‍ എത്തിയതോടെ ആകെയുള്ള 119 നിയമസഭ സീറ്റുകളിൽ 80 എണ്ണമെങ്കിലും നേടാനാണ് സംസ്ഥാന കമ്മിറ്റിക്ക് ഖാർഗെ നല്‍കിയ നിര്‍ദേശം. ജൂൺ 27ന് എഐസിസി നേതൃത്വം, മുതിർന്ന സംസ്ഥാന നേതാക്കളുമായി തെലങ്കാന തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ അവലോകനം ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരം.
'40 മുതിർന്ന നേതാക്കൾ കോൺഗ്രസിൽ ചേരും': ഖാർഗെയുടെ സാന്നിധ്യത്തിൽ മുൻ മന്ത്രിയും മുൻ എംഎൽഎമാരും ഉള്‍പ്പടെയുള്ള ബിആർഎസ്, ബിജെപി നേതാക്കള്‍ കോൺഗ്രസിൽ ചേരുമെന്ന് എഐസിസി നേതാവ് മണിക്‌റാവു താക്കറെ കഴിഞ്ഞ ദിവസം ഇടിവി ഭാരതിനോട് പറഞ്ഞിരുന്നു. തെലങ്കാനയിലെ കാറ്റ് മാറിയെന്നും കോൺഗ്രസ് തിരിച്ചുവരവിന്‍റെ പാതയിലാണെന്നുമാണ് മറ്റ് പാര്‍ട്ടികളില്‍ നിന്നും ആളുകളെത്തുന്നതോടെ വ്യക്തമാവുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. തെലങ്കാനയിലും തങ്ങൾ കർണാടക ആവർത്തിക്കും. ജൂൺ 27ന് തെലങ്കാനയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് സംബന്ധിച്ച തന്ത്രപരമായ യോഗത്തില്‍ മല്ലികാര്‍ജുന്‍ ഖർഗെ അധ്യക്ഷനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിആർഎസിൽ നിന്നും ബിജെപിയിൽ നിന്നും 40 മുതിർന്ന നേതാക്കൾ വരും ദിവസങ്ങളിൽ കോൺഗ്രസിൽ ചേരുമെന്നാണ് കോണ്‍ഗ്രസ് വ്യത്തങ്ങള്‍ പറയുന്നത്. മുൻ എംപിയായ പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡിയും ജുപള്ളി റാവുവും തങ്ങളുടെ നിരവധി അനുയായികളോടൊപ്പം കുറച്ച് ദിവസം മുന്‍പ് തെലങ്കാന കോണ്‍ഗ്രസ് മേധാവി രേവന്ത് റെഡ്ഡിയെ കണ്ടിരുന്നു. പുറമെ ഇവര്‍ കോണ്‍ഗ്രസ് നേതാവ് വിക്രമാർക്ക് ഭാട്ടിയെ കാണുകയും ഖാർഗെയുടെ സാന്നിധ്യത്തിൽ കോൺഗ്രസിൽ ചേരാൻ ആഗ്രഹമുണ്ടെന്ന് പറയുകയും ചെയ്‌തിരുന്നു.
ബിആര്‍എസിന് കനത്ത തിരിച്ചടിയായി ആ 'ചോദ്യം ചെയ്യല്‍': പൊതുജനമധ്യത്തില്‍, ബിആര്‍എസ് എംഎല്‍എയായ അച്ഛനോട് മകള്‍ തട്ടിക്കയറിയ വാര്‍ത്ത ദിവസങ്ങള്‍ക്ക് മുന്‍പാണ് പുറത്തുവന്നത്. ജങ്കാവ് ബിആർഎസ് എംഎൽഎ മുത്തിറെഡ്ഡി യാദഗിരി റെഡ്ഡിയോടാണ് മകൾ തുൾജ ഭവാനി റെഡ്ഡി, തന്‍റെ വ്യാജ ഒപ്പിട്ടുവെന്ന് ആരോപിച്ച് കയര്‍ത്തത്. 'താങ്കൾ ജങ്കാവിലെ രാജാവാണെന്ന് പറയുന്നു. എന്നിട്ട്, എന്‍റെ കയ്യൊപ്പ് വ്യാജമായി ഇട്ടിട്ട് എന്തിന് കള്ളത്തരം കാണിച്ചു' - ഈ ചോദ്യം തെലങ്കാനയില്‍ വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. പൊതുജനങ്ങളുടെ സാന്നിധ്യത്തിൽ മകളുടെ ഈ ചോദ്യം പിതാവായ എംഎല്‍എയെ മാത്രമല്ല, ബിആര്‍എസിനെ കൂടി പ്രതിക്കൂട്ടിലാക്കിയിരുന്നു.