മുംബൈ: ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഓക്സിജൻ സിലിണ്ടറുകളും കോൺസെൻട്രേറ്ററുകളും ഉൾപ്പെടെ അടിയന്തര സഹായം വഹിക്കുന്ന ബോയിംഗ് 777-200 വിമാനം ഡല്‍ഹിയിലെത്തിച്ചതായി ബ്രിട്ടീഷ് എയർവേസ്. ഐഎജി കാർഗോയും ബ്രിട്ടീഷ് എയർവേസും പകര്‍ച്ച വ്യാധിയിലുടനീളം ഇന്ത്യയ്ക്ക് സഹായവുമായി രംഗത്തെത്തിയിരുന്നു. മെഡിക്കല്‍ സഹായങ്ങളുടെ ധനസഹായം മുഴുവന്‍ ഈ രണ്ട് കമ്പനികളാണ് വഹിക്കുന്നത്.
കൂടുതൽ വായനയ്‌ക്ക്: ഇന്ത്യയിലേയ്ക്ക് കൊവിഡ് വൈദ്യ സഹായം അയച്ച് യു.കെ
വ്യാഴാഴ്ച പുലർച്ചെ 5.45ന് ദില്ലിയിൽ എത്തിയ ഫ്ലൈറ്റ് (ബിഎ 257 എഫ്) പ്രത്യേക പ്രോജക്ട് ടീമിനെ ഏല്‍പ്പിച്ചതായി ബ്രിട്ടീഷ് എയർവെയ്സ് അറിയിച്ചു. നൂറുകണക്കിന് ഓക്സിജൻ സിലിണ്ടറുകളും, ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, റെസ്പിറേറ്ററുകൾ, രക്തത്തിലെ ഓക്സിജൻ സാച്ചുറേഷൻ മോണിറ്ററുകൾ എന്നിവയൊക്കെയാണ് ഇറക്കുമതി ചെയ്യുന്നത്. ഇനിയും ഇന്ത്യയ്ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ തയ്യാറാണെന്ന് ബ്രിട്ടീഷ് എയർവേയ്‌സ് അറിയിച്ചു. ബ്രിട്ടണിലെ ഡിസാസ്റ്റർ എമർജൻസി കമ്മിറ്റിയുടെ (ഡിഇസി) പങ്കാളിത്തത്തിലാണ് ബ്രിട്ടീഷ് എയർവേസ് പ്രവർത്തിക്കുന്നത്.