മഹാരാജ്‌ഗഞ്ച് (യുപി) : സൗന്ദര്യമെന്ന് പറയുമ്പോഴേ വെളുത്ത നിറമുള്ള ചർമ്മമാണ് മനസിലേക്ക് വരുന്നതെങ്കിൽ നിങ്ങളുടെ ചിന്താഗതി തെറ്റാണെന്നതില്‍ സംശയമില്ല. ശരീരം, ചർമ്മം, മുടി, പല്ല് എന്നിങ്ങനെ പരിഹസിക്കാൻ കാരണങ്ങൾ കണ്ടെത്തുന്നവർ ഇന്നും സമൂഹത്തിൽ ഒരുപാടുണ്ട്. 'അതൊക്കെ പണ്ട്,ഇപ്പോൾ ആളുകൾ അങ്ങനെയല്ല, ഒരുപാട് പുരോഗമിച്ചിരിക്കുന്നു' എന്ന് പറയാനാണ് നിങ്ങൾ തയ്യാറാവുന്നതെങ്കില്‍, ഇതാ ബോഡിഷെയിമിങ്ങിന്‍റെ ഭീകരത വ്യക്തമാക്കുന്ന പുതിയൊരു സംഭവം കൂടി.
വരൻ കറുത്തതാണെന്ന് പറഞ്ഞ് മണ്ഡപത്തിൽ നിന്ന് ഇറങ്ങിപ്പോയിരിക്കുകയാണ് വധു. കറുത്ത നിറമുള്ളയാളെ കല്യാണം കഴിക്കില്ലെന്ന് വധു തീർത്ത് പറഞ്ഞതോടെ വിവാഹം മുടങ്ങി. ഉത്തർപ്രദേശിലെ മഹാരാജ്‌ഗഞ്ചിൽ ഡിസംബർ 8നാണ് സംഭവം.
Also read: 'ചിക്കന്‍ ഇല്ലാതെ എന്ത് കല്യാണം', വരന്‍റെ സുഹൃത്തുക്കള്‍ക്ക് കോഴിയിറച്ചി കിട്ടിയില്ല, വിവാഹം മുടങ്ങി
വരനും വധുവും തമ്മിൽ വിവാഹ ദിവസത്തിന് മുൻപ് നേരിട്ട് കണ്ടിരുന്നില്ല. ആചാരപ്രകാരം പരസ്‌പരം മാലയിടുന്ന ചടങ്ങിലാണ് ഇരുവരും കാണുന്നത്. ഈ സമയത്താണ് വധു വിവാഹത്തിന് താൽപ്പര്യമില്ലെന്ന് പറഞ്ഞ് മണ്ഡപത്തിൽ നിന്ന് ഇറങ്ങിപ്പോയത്. വധുവിന്‍റെ വീട്ടുകാരും ഗ്രാമവാസികളും വധുവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവതി വിവാഹത്തിന് വിസമ്മതിക്കുകയായിരുന്നു. സംഭവം വിവാഹത്തിൽ പങ്കെടുക്കാനെത്തിയവർ പൊലീസിൽ അറിയിച്ചു. വധുവിനെ അനുനയിപ്പിക്കാൻ പൊലീസും ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം.
അതേസമയം, വിവാഹനാളിന് മുന്‍പ് കാണാനും സംസാരിക്കാനും ഇരുവര്‍ക്കും അവസരമൊരുക്കിയിരുന്നെങ്കില്‍ പ്രശ്‌നങ്ങളുണ്ടാകുമായിരുന്നില്ലെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. വ്യവസ്ഥാപിതമായ വിവാഹം എത്രമാത്രം ദുരന്തപൂര്‍ണമാണെന്നും പെണ്‍കുട്ടികളുടെ ഇഷ്‌ടങ്ങള്‍ വിലക്കപ്പെടുകയും കല്യാണം അടിച്ചേല്‍പ്പിക്കപ്പെടുകയും ചെയ്യുന്നതിന്‍റെ ഉത്തമ ദൃഷ്‌ടാന്തമാണെന്നും വിമര്‍ശനം ഉയരുന്നുണ്ട്.