ബെഗുസരായ് (ബിഹാര്‍): ലക്ഷക്കണക്കിന് രൂപ കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരെ കുറിച്ചുള്ള നിരവധി സംഭവങ്ങള്‍ ദിനേന മാധ്യമങ്ങളില്‍ ഇടംപിടിക്കാറുണ്ട്. പണത്തിന് പുറമെ ആഭരണങ്ങളും പുരയിടങ്ങളും വസ്‌തുവകകളായും ആവശ്യക്കാരെ പിഴിഞ്ഞ് പോക്കറ്റിലാക്കുന്ന ഉദ്യോഗസ്ഥര്‍ പൊലീസിന്‍റെയും വിജിലന്‍സിന്‍റെയുമെല്ലാം പിടിയിലാവാറുമുണ്ട്. ഇവയ്‌ക്കെല്ലാം പുറമെ മത്തനും കുമ്പളവുമായി പച്ചക്കറികള്‍ പോലും ചെക്ക്‌പോസ്‌റ്റുകളില്‍ കൈക്കൂലി ഇനത്തില്‍ കൈപ്പറ്റിയതായുള്ള സംഭവങ്ങളും പുറംലോകത്തെത്തിയിരുന്നു.
ഇത്തരത്തിലൊരു കൈക്കൂലി കേസും അതിലെ കോടതി വിധിയും രാജ്യത്ത് ചർച്ചയാകുകയാണ്. 37 വര്‍ഷങ്ങള്‍ക്ക് മുമ്പ് പരാതിക്കാരനില്‍ നിന്നും കേവലം രണ്ട് രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് ഇപ്പോൾ വിധിയെത്തുന്നത്. രണ്ട് രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ തെളിവില്ലാത്തതിനാല്‍ പൊലീസുകാരെ വെറുതെ വിടുകയായിരുന്നു.
പിടിവീഴുന്നത് ഇങ്ങനെ: 1986 ജൂണ്‍ 10 ന് രാത്രി ബിഹാറിലെ ബെഗുസരായ് ലഖോ ചെക്ക് പോസ്‌റ്റിലൂടെ കടന്നുപോകുന്ന വാഹനങ്ങളിൽ നിന്ന് അനധികൃതമായി പണപ്പിരിവ് നടത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ അഞ്ച് പൊലീസുകാരായിരുന്നു അന്നേദിവസം വാഹന പരിശോധനയ്ക്കായി ചെക്ക്പോസ്‌റ്റിൽ നിലയുറപ്പിച്ചിരുന്നത്. ഇവര്‍ അതുവഴി കടന്നുപോയ ഒരു ട്രക്ക് ഡ്രൈവറില്‍ നിന്ന് രണ്ട് രൂപ കൈപ്പറ്റി.
ഉദ്യോഗസ്ഥര്‍ അനധികൃതമായി കൈക്കൂലി വാങ്ങുന്നത് ശ്രദ്ധയില്‍പെട്ട അജ്ഞാതനായ ഒരാള്‍ ഈ വിവരം പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു. ഇതോടെ സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് സ്റ്റേഷനിലെ രാംരതൻ ശർമ, കൈലാഷ് ശർമ, ഗ്യാനി ശങ്കർ, യുഗേശ്വർ മഹ്തോ, രാം ബാലക് റായ് എന്നീ അഞ്ച് പൊലീസുകാർക്കെതിരെയും കേസ് രജിസ്‌റ്റർ ചെയ്യപ്പെട്ടു. തുടര്‍ന്ന് നാല് പതിറ്റാണ്ടോളം നീണ്ട നിയമപോരാട്ടവും ആരംഭിച്ചു.
കേസും വിചാരണയും: കേസ് തുടക്കത്തില്‍ കീഴ്‌ക്കോടതിയിലെത്തി. ഇവിടെ വർഷങ്ങളോളം ഒന്നിലധികം തവണ വാദം കേള്‍ക്കുകയും ചെയ്‌തു. തുടര്‍ന്ന് ഭഗൽപൂരിലെ വിജിലൻസ് കോടതിയിലെ അഡീഷണല്‍ ജില്ല ജഡ്‌ജ് കൂടിയായ സ്പെഷ്യൽ ജഡ്ജിക്ക് മുന്നിലെത്തി. എന്നാല്‍ കേസിന്‍റെ വിചാരണയിലുടനീളം പ്രതികള്‍ക്കെതിരെ കുറ്റം തെളിയിക്കാന്‍ പ്രാപ്‌തമായ തെളിവുകളൊന്നും തന്നെ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. ഇതോടെ കുറ്റാരോപിതരായ രാംരതൻ ശർമ, കൈലാഷ് ശർമ, ഗ്യാനി ശങ്കർ, യുഗേശ്വർ മഹ്തോ, രാം ബാലക് റായ് എന്നിവരെ കോടതി വെറുതെവിടുകയായിരുന്നു.
കളവ് പിടിച്ചത് നിര്‍ണായക നീക്കത്തിലൂടെ, പക്ഷേ തെളിവില്ലെന്ന്: എന്നാല്‍ സംഭവം റോഡില്‍ നിന്നും കോടതിയിലേക്ക് എത്തിച്ചത് അന്ന് സിറ്റി സർക്കിൾ ഇൻസ്പെക്‌ടറായിരുന്ന സരയൂ ബൈത്തയുടെ നിര്‍ണായക ഇടപെടലായിരുന്നു. ലഖോ ചെക്ക് പോസ്‌റ്റില്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ കൈക്കൂലി ഉള്‍പ്പടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി ഇദ്ദേഹം മുമ്പേ തന്നെ പൊലീസ് സൂപ്രണ്ടായ അരവിന്ദ് ശര്‍മയെ അറിയിച്ചിരുന്നു. ഈ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എസ്‌പി സ്വന്തമായി രഹസ്യ ഓപറേഷന്‍ നടത്തിയാണ് സംഭവം വെളിച്ചത്ത് കൊണ്ടുവരുന്നത്.
സംഭവദിവസം ചെക്ക്‌പോസ്‌റ്റിന് സമീപത്തായി നേരത്തെ എത്തി നിലയുറപ്പിച്ചിരുന്ന എസ്‌പി അരവിന്ദ് ശര്‍മ, അതുവഴി കടന്നുപോയ ട്രക്ക് തടഞ്ഞുനിര്‍ത്തി ഡ്രൈവറുടെ പക്കല്‍ താന്‍ ഒപ്പിട്ട രണ്ട് രൂപ നോട്ട് നല്‍കുകയായിരുന്നു. തുടര്‍ന്ന് അല്‍പസമയം കഴിഞ്ഞ് ചെക്ക്പോസ്‌റ്റില്‍ നേരിട്ടെത്തി പൊലീസുകാരെ പരിശോധിച്ചപ്പോള്‍ അവരുടെ പക്കല്‍ നിന്നും ഈ ഒപ്പിട്ട രണ്ട് രൂപ നോട്ട് കണ്ടെടുക്കുകയായിരുന്നു. മാത്രമല്ല ഇവരില്‍ നിന്നും ഇത് കൂടാതെയും പണം കണ്ടെത്തി. കുറ്റവാളികളെ തൊണ്ടിയോടെ പിടികൂടിയതോടെ എസ്‌പി നേരിട്ട് നടപടിയിലേക്കും അതുവഴി കോടതിയിലേക്കും നീങ്ങുകയായിരുന്നു.