ഹൈദരാബാദ്: കുരങ്ങുകൾ ഓടിക്കുന്നതിനിടയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മാനസിക വൈകല്യമുള്ള കുട്ടി മരിച്ചു. ശിവാലയം സ്‌ട്രീറ്റിൽ കസ്‌തൂരി യശോദയുടെ മകൻ ഒൻപത് വയസുള്ള മണികണ്‌ഠ സായിയാണ് മരിച്ചത്. തെലങ്കാനയിലെ മേദക് ജില്ലയിലെ നർസാപൂരിൽ ശനിയാഴ്‌ചയാണ് ദാരുണ സംഭവം നടന്നത്.
നിർമാണ തൊഴിലാളിയായ കസ്‌തൂരി ജോലിക്ക് പോകുമ്പോൾ മാനസിക വൈകല്യമുള്ള മകനേയും കൂടെ കൂട്ടാറുണ്ടായിരുന്നു. നർസാപൂരിലെ ഒരു വീടിന്‍റെ നിർമ്മാണ സ്ഥലത്ത് ഒന്നാം നിലയിൽ ജോലി ചെയ്‌തുകൊണ്ടിരിക്കുമ്പോൾ ഒരു കൂട്ടം കുരങ്ങുകൾ സമീപത്ത് കളിച്ചുകൊണ്ടിരുന്ന മണികണ്‌ഠ സായിയെ ആക്രമിക്കുകയായിരുന്നു. ഭയന്നോടിയ മണികണ്‌ഠ കെട്ടിടത്തിന് മുകളിൽ നിന്നു താഴേക്ക് വീണു.
വീഴ്‌ചയിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിക്കുകയും ശേഷം ഗാന്ധി ആശുപത്രിയിലേക്കും മാറ്റിയെങ്കിലും അർധരാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. മണികണ്‌ഠയുടെ അച്ഛൻ ദത്തു കഴിഞ്ഞ വർഷം ഓഗസ്‌റ്റ് 25 നാണ് മരണപ്പെട്ടത്. അച്ഛന്‍റെ ചരമവാർഷികത്തിന് മൂന്നു ദിവസം മാത്രം ബാക്കി നിൽക്കെയാണ് മകന്‍റെ ദാരുണാന്ത്യം.
കുരങ്ങുകൾ കാരണം ആളുകൾക്ക് പലപ്പോഴായി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നുണ്ടെന്നും ഇതിന് സർക്കാർ ഉടൻ പരിഹാരം കാണണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.