മുംബൈ: 17കാരിക്ക് 24 ആഴ്‌ചയുള്ള ഗർഭം അലസിപ്പിക്കാന്‍ അനുമതി നിഷേധിച്ച് ബോംബെ ഹൈക്കോടതി. ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തിലൂടെയാണ് പെണ്‍കുട്ടി ഗര്‍ഭം ധരിച്ചത്. ഇക്കാരണത്താല്‍ തന്നെ ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ഡിവിഷൻ ബെഞ്ചിലെ ജസ്റ്റിസുമാരായ രവീന്ദ്ര ഘുഗെ, വൈ ജി ഖോബ്രഗഡെ എന്നിവരാണ് അനുമതി നിഷേധിച്ചത്. ജൂലൈ 26നാണ് കോടതി ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പെണ്‍കുട്ടിക്ക് ഈ മാസം 18 വയസ് തികയുമെന്നും 2022 ഡിസംബർ മുതൽ ആൺകുട്ടിയുമായി ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണ് ഉണ്ടായതെന്നും കോടതി ചൂണ്ടിക്കാട്ടി.
'ഗർഭച്ഛിദ്രത്തിന് നേരത്തേ അനുമതി തേടിയില്ല': 'പെൺകുട്ടിയും ആൺകുട്ടിയും തമ്മില്‍ പലതവണ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ പെൺകുട്ടി തന്നെയാണ് പ്രെഗ്‌നന്‍സി കിറ്റ് ഉപയോഗിച്ച് ഗർഭം സ്ഥിരീകരിച്ചത്. അതിനാൽ, 17കാരിക്ക് ഇത് സംബന്ധിച്ച് ധാരണയും പക്വതയും ഉണ്ടായിരുന്നു. പെണ്‍കുട്ടിക്ക് ഗർഭം ധരിക്കാന്‍ താത്‌പര്യം ഇല്ലായിരുന്നെങ്കില്‍ ഇത് സ്ഥിരീകരിച്ച് ഉടൻ തന്നെ അനുമതി തേടാമായിരുന്നു. എന്നാല്‍, അതുണ്ടായില്ല.' - ഹൈക്കോടതി പറഞ്ഞു.
കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള പോക്‌സോ നിയമത്തിന്‍റെ പരിധിയില്‍ നിന്നുകൊണ്ടാണ് പെണ്‍കുട്ടി കോടതിയില്‍ ഹര്‍ജി നല്‍കിയത്. താന്‍ ഒരു കുട്ടിയാണെന്നും ഗർഭം അവസാനിപ്പിക്കാന്‍ അനുമതി വേണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടി അമ്മ മുഖേനെയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്‌നൻസി ആക്‌ട് പ്രകാരം, 20 ആഴ്‌ചയ്‌ക്ക് മുകളിലുള്ള ഗർഭം അലസിപ്പിക്കാന്‍ കോടതി അനുമതി ആവശ്യമാണ്. ഗർഭധാരണം അമ്മയുടേയോ കുട്ടിയുടേയോ ആരോഗ്യത്തിനോ ജീവനോ ഭീഷണിയാണെന്ന് കണ്ടെത്തിയാൽ മാത്രമേ ഇത്തരത്തില്‍ കോടതി അനുമതി ലഭിക്കുകയുള്ളൂ.
ഭാവിയിൽ എംബിബിഎസ് കോഴ്‌സ് ചെയ്യാന്‍ ആഗ്രഹിക്കുന്ന തനിക്ക് ഗർഭധാരണം മാനസികമായുള്ള ബുദ്ധിമുട്ടുകളുണ്ടാക്കും. ഇത് ഭാവിയെ ഗുരുതരമായി ബാധിച്ചേക്കുമെന്നും 17കാരി നല്‍കിയ ഹർജിയിൽ പറയുന്നു. പെൺകുട്ടിയെ പരിശോധനയ്‌ക്ക് വിധേയമാക്കിയതില്‍, ഭ്രൂണത്തിന് പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും വളർച്ച സാധാരണ നിലയിലാണെന്നും സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച് മെഡിക്കൽ ബോർഡ് സമർപ്പിച്ച റിപ്പോർട്ട് ഹൈക്കോടതി പരിശോധിച്ചിരുന്നു.
15കാരിക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ ഹൈക്കോടതി അനുമതി; പീഡിപ്പിച്ചത് സഹോദരന്‍: സഹോദരന്‍റെ ലൈംഗിക പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ 15കാരിക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ കേരള ഹൈക്കോടതി നേരത്തേ അനുമതി നല്‍കിയിരുന്നു. മലപ്പുറത്തുകാരിയായ പെണ്‍കുട്ടി ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് കോടതിയെ സമീപിച്ചത്. ഗര്‍ഭധാരണം കുട്ടിക്ക് അപകടമുണ്ടാക്കിയേക്കുമെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹൈക്കോടതി ഉത്തരവ്. കൗമാരക്കാരിയെ പരിശോധിക്കാൻ വേണ്ടി പ്രത്യേകം രൂപീകരിച്ച മെഡിക്കൽ ബോർഡിന്‍റെ റിപ്പോർട്ട് കണക്കിലെടുത്താണ് കോടതി നടപടി.
READ MORE | 'സഹോദരനില്‍ നിന്ന് ഗര്‍ഭിണിയായ 15കാരിക്ക് ഗര്‍ഭച്ഛിദ്രം നടത്താം' ; അനുമതി നല്‍കി ഹൈക്കോടതി
32 ആഴ്‌ചയിൽ കൂടുതൽ കൗമാരക്കാരി ഗർഭം തുടരുന്നത് സാമൂഹിക, മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ജസ്റ്റിസ് സിയാദ് റഹ്മാൻ എഎ തന്‍റെ നിരീക്ഷണത്തില്‍ പറഞ്ഞു. 'വസ്‌തുത കണക്കിലെടുക്കുമ്പോൾ, സ്വന്തം സഹോദരനിൽ നിന്നാണ് കുട്ടി ഗര്‍ഭം ധരിച്ചത്. ഇത് സാമൂഹികവും വൈദ്യശാസ്‌ത്രപരവുമായ സങ്കീർണതകൾ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങളിൽ, ഗർഭച്ഛിദ്രം നടത്താന്‍ ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുമ്പോള്‍ അനുമതി നല്‍കേണ്ടത് അനിവാര്യമാണ്.' - ജസ്റ്റിസ് വ്യക്തമാക്കി.