ബെംഗളൂരു: കെമിക്കൽ ഫാക്‌ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് നിരവധി പേർക്ക് പരിക്ക്. ഒരാഴ്‌ചയ്‌ക്കിടെ ബംഗളൂരുവിൽ നടക്കുന്ന മൂന്നാമത്തെ സ്‌ഫോടനമാണിത്. നിലവിൽ മരണം റിപ്പോർട്ട് ചെയ്‌തിട്ടില്ല. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്‌ച ഉച്ചയോടെ അനെക്കൽ ടൗണിലെ അത്തിബെൽ ഇൻഡസ്‌ട്രിയൽ ഏരിയയിൽ സ്ഥിതി ചെയ്യുന്ന ലേക് കെമിക്കൽ ഫാക്‌ടറിയിലാണ് സ്‌ഫോടനമുണ്ടായത്. പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി സ്ഥിതിഗതികൾ പരിശോധിച്ചു വരികയാണ്.
33 വർഷം പഴക്കമുള്ള ഫാക്‌ടറിയിൽ ഇതിനോടകം നാല് തവണ ബോയിലർ പൊട്ടത്തെറിച്ചിട്ടുണ്ട്. പ്രദേശത്ത് നിന്ന് ഫാക്‌ടറി ഒഴിപ്പിക്കണമെന്ന് നാട്ടുകാരും പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബന്ധപ്പെട്ട അധികാരികൾ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നാണ് പരാതി.
ALSO READ: ട്രാൻസ്‌പോർട്ട് കമ്പനിയുടെ ഗോഡൗണില്‍ പൊട്ടിത്തെറി, രണ്ട് മരണം
കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ ഫ്ലാറ്റിൽ വൻ തീപിടിത്തമുണ്ടായതിനെ തുടർന്ന് രണ്ട് പേർ മരണപ്പെട്ടിരുന്നു. കൂടാതെ ശ്രീ മഹാകാളി അമ്മൻ ട്രാൻസ്‌പോർട്ട് കമ്പനിയുടെ ഗോഡൗണിൽ ഇന്നലെ (സെപ്റ്റംബർ 23) ഉണ്ടായ മറ്റൊരു സ്‌ഫോടനത്തിൽ രണ്ട് പേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.