ന്യൂഡല്‍ഹി: കാലങ്ങളായി രാജ്യത്ത് തുടര്‍ന്നുവന്ന ശിക്ഷ നിയമങ്ങളായ ഇന്ത്യന്‍ പീനല്‍ കോഡ് (ഐപിസി), ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡ് (സിആര്‍പിസി), ഇന്ത്യന്‍ എവിഡന്‍സ് ആക്‌റ്റ് എന്നിവയ്‌ക്ക് പകരമായി മൂന്ന് പുതിയ ബില്ലുകള്‍ കേന്ദ്രം കഴിഞ്ഞ ദിവസമാണ് അവതരിപ്പിച്ചത്. കൊളോണിയല്‍ കാലത്തെ ശിക്ഷാനടപടികളില്‍ മാറ്റം വരുത്തി പകരം ഭാരതീയ ന്യായ സംഹിത (Bharatiya Nyaya Sanhita), ഭാരതീയ നാഗരിക സുരക്ഷ സംഹിത (Bharatiya Nagarik Suraksha Sanhita), ഭാരതീയ സാക്ഷ്യ ബില്‍ (Bharatiya Sakshya Bill) തുടങ്ങിയവയാണ് പകരമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഭയില്‍ അവതരിപ്പിച്ചത്. തുടര്‍നടപടികള്‍ക്കായി ഇവ ആഭ്യന്തര സ്‌റ്റാന്‍ഡിങ് കമ്മിറ്റിക്കും വിട്ടിരുന്നു.
രാജ്യദ്രോഹ കുറ്റം ഉള്‍പ്പടെയുള്ളവയില്‍ വലിയ രീതിയില്‍ മാറ്റമുണ്ടാകുമെന്നറിയിച്ചായിരുന്നു ബില്‍ സഭയിലെത്തിയത്. എന്നാല്‍ ഇവയില്‍ ഭാരതീയ ന്യായ സംഹിത ബില്ലിലേക്ക് കടക്കുമ്പോള്‍ ഭീകരവാദത്തെ ഒരു പ്രത്യേക കുറ്റമായി നിർവചിച്ചിരിക്കുന്നത് കാണാനാവും. മാത്രമല്ല, ആൾക്കൂട്ട കൊലപാതകം എന്ന പുതിയ വ്യവസ്ഥയ്‌ക്ക് കീഴിലായി ഒരു വ്യക്തിയുടെ വിശ്വാസം, മതം അല്ലെങ്കിൽ ജാതി, ലിംഗം, ഭാഷ, ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിലുള്ള കൊലപാതകവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഭീകരപ്രവര്‍ത്തനങ്ങളെക്കുറിച്ച് ബില്ലില്‍: രാജ്യത്തിന്‍റെ ഐക്യത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയുയർത്താനും പൊതുജനങ്ങളെ ഭയപ്പെടുത്താനുമുള്ള ഉദ്ദേശ്യത്തോടെ ഇന്ത്യയിലോ അല്ലെങ്കില്‍ വിദേശ രാജ്യത്തോ ഇരുന്ന് ഒരു വ്യക്തി എന്തെങ്കിലും കുറ്റം ചെയ്താൽ ഇത് ഭീകരപ്രവർത്തനമായി പരിഗണിക്കപ്പെടുമെന്നാണ് പുതിയ ബിൽ വ്യക്തമാക്കുന്നത്.
മാത്രമല്ല ബോംബുകൾ, ഡൈനാമിറ്റുകള്‍ അല്ലെങ്കിൽ മറ്റേതെങ്കിലും സ്ഫോടക വസ്‌തുക്കള്‍, തീപടര്‍ത്തുന്ന വസ്‌തുക്കള്‍, തോക്കുകള്‍ അല്ലെങ്കില്‍ മറ്റ് മാരകമായ ആയുധങ്ങള്‍, വിഷം അല്ലെങ്കില്‍ വിഷവാതകങ്ങള്‍, രാസവസ്‌തുക്കളോ മറ്റേതെങ്കിലും പദാർഥമോ പൊതുക്രമം തകർക്കല്‍, ഭീകരാന്തരീക്ഷം സൃഷ്‌ടിക്കല്‍ അല്ലെങ്കില്‍ ഒരു വ്യക്തിയുടെ ജീവൻ അപകടപ്പെടുത്തുന്നതോ ആയ രീതിയിൽ ഉപയോഗിക്കുന്നതും ഇതിന് കീഴില്‍ വരും.
കുറ്റങ്ങളുടെ നീണ്ടനിര: ഇതുകൂടാതെ, സ്വത്ത് നശിപ്പിക്കല്‍, സമൂഹത്തിനാവശ്യമായ സപ്ലൈസ് അല്ലെങ്കില്‍ സേവനങ്ങള്‍ക്ക് തടസം സൃഷ്‌ടിക്കല്‍, സര്‍ക്കാരിന്‍റെയോ പൊതുസ്വത്തോ നശിപ്പിക്കല്‍, സ്വകാര്യ വസ്‌തുവകകള്‍ തകര്‍ക്കല്‍, നിർണായകമായ അടിസ്ഥാന സൗകര്യങ്ങൾ തകര്‍ക്കല്‍ തുടങ്ങിയവയും ഭീകരപ്രവര്‍ത്തനങ്ങളുടെ പരിധിയില്‍ വരും. മാത്രമല്ല, ഏതെങ്കിലും ഒരു പ്രവൃത്തി ചെയ്യാൻ സർക്കാരിനെ നിർബന്ധിക്കുന്നതിനോ അല്ലെങ്കില്‍ അതിൽ നിന്ന് വിട്ടുനിൽക്കുന്നതിനോ വേണ്ടി നിര്‍ബന്ധിതരാക്കാന്‍ ഒരു വ്യക്തിയെ കൊല്ലുമെന്നോ പരിക്കേൽപ്പിക്കുമെന്നോ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നതും ഇതിന് കീഴില്‍ വരും.
രാജ്യത്തിന്‍റെ രാഷ്‌ട്രീയ, സാമ്പത്തിക, സാമൂഹിക ഘടനകളെ അസ്ഥിരപ്പെടുത്തുകയോ തകര്‍ക്കുകയോ ചെയ്യുക, സാമുഹിക അടിയന്തരാവസ്ഥയ്‌ക്ക് കാരണമാവുക തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടും. എല്ലാത്തിലുമുപരി 1967 ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ നിരോധന നിയമത്തിന്‍റെ (യിഎപിഎ) രണ്ടാം ഷെഡ്യൂളില്‍ പട്ടികപ്പെടുത്തിയിട്ടുള്ള ഉടമ്പടികളും ഇതിന് കീഴിലെത്തും.
ശിക്ഷകള്‍ ഇങ്ങനെ: ഇത്തരത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് പരോളിന്‍റെ ആനുകൂല്യം ലഭിക്കാതെ കൊലക്കുറ്റമോ അല്ലെങ്കില്‍ ജീവപര്യന്തം തടവ് ശിക്ഷയോ അതുമല്ലെങ്കില്‍ പത്ത് ലക്ഷം രൂപയിൽ കുറയാത്ത പിഴ നൽകാനും ഭാരതീയ ന്യായ സംഹിത ബില്ലില്‍ നിര്‍ദേശമുണ്ട്. ഇതില്‍ തന്നെ ഒരു വ്യക്തി ഭീകര സംഘടനയിൽ അംഗമോ, തീവ്രവാദ പ്രവർത്തനത്തിൽ ഏർപ്പെട്ടതായോ കണ്ടെത്തിയാല്‍ നിശ്ചിത കാലയളവിലേക്ക് തടവ് ശിക്ഷയോ അത് ദീര്‍ഘിപ്പിച്ച് ജീവപര്യന്തം തടവ് ശിക്ഷയോ നല്‍കാനും അഞ്ച് ലക്ഷം രൂപയിൽ കുറയാതെ പിഴ ചുമത്താനും ബില്‍ നിര്‍ദേശിക്കുന്നുണ്ട്.
മാത്രമല്ല ഇത്തരം കുറ്റവാളികള്‍ സ്വയം ഒളിവില്‍ പോവുകയോ ഇവരെ ഒളിക്കാന്‍ സഹായിക്കുകയോ ചെയ്യുന്നവര്‍ക്ക് മൂന്ന് വർഷത്തിൽ കുറയാത്ത തടവ് ശിക്ഷ ലഭിക്കുമെന്നും ഇത് ജീവപര്യന്തമായി നീണ്ടേക്കാമെന്നും ബില്ലിലുണ്ട്. എന്നാല്‍ ഈ ഉപവ്യവസ്ഥ കുറ്റവാളിയുടെ ജീവിത പങ്കാളിക്ക് ബാധകമാവില്ലെന്നും ബില്‍ വ്യക്തമാക്കുന്നു. അതേസമയം ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുന്നതിനോ അതിന്‍റെ സന്ദേശം പ്രചരിപ്പിക്കുന്നതിനോ ആയി ബോംബുകള്‍, ജൈവ വാതകങ്ങള്‍ അല്ലെങ്കില്‍ വിഷവാതകങ്ങള്‍ എന്നിവയുടെ ഉപയോഗവും തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ കൂട്ടത്തില്‍ ഇടംപിടിച്ചുവെന്നതും ശ്രദ്ധേയമാണ്.