ചെന്നൈ : രക്തപരിശോധനയിലൂടെ സ്തനാര്‍ബുദം കണ്ടെത്താനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ച് അപ്പോളോ ക്യാന്‍സര്‍ സെന്‍റര്‍. ടാറ്റര്‍ ക്യാന്‍സര്‍ ജെനറ്റിക്സുമായി ചേര്‍ന്നാണ് വിപ്ലവകരമായ കണ്ടുപിടിത്തം അപ്പോളോ നടത്തിയിരിക്കുന്നത്. ഇതോടെ ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും "ഈസിചെക്ക്" എന്ന രക്തപരിശോധനയിലൂടെ അസുഖം കണ്ടെത്തി ചികിത്സ നടത്താന്‍ കഴിയും.
അര്‍ബുദത്തെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖയായ ഓങ്കോളജിയില്‍ ഇത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് അപ്പോളോ അവകാശപ്പെട്ടു. ചെറിയ യൂണിറ്റ് രക്തം മാത്രം എടുത്ത് പരിശോധന നടത്താന്‍ കഴിയും. ജൂലൈ 22 മുതല്‍ ടെസ്റ്റ് അപ്പോളോ ക്യാന്‍സര്‍ സെന്‍ററില്‍ ലഭ്യമാണ്. പരിശോധനയിലൂടെ അര്‍ബുദത്തിന്‍റെ ആദ്യ ഘട്ടത്തിന് മുമ്പ് തന്നെ രോഗം തിരിച്ചറിയാന്‍ കഴിയുമെന്നും സെന്‍റര്‍ വ്യക്തമാക്കി.
ലോകത്ത് ക്യാന്‍സര്‍ മൂലമുള്ള അകാല മരണങ്ങള്‍ കുറയ്ക്കുന്നതിന് ഉതകുന്നതാണ് സ്ഥാപനം വികസിപ്പിച്ചെടുത്ത "ഈസിചെക്ക്" എന്ന രക്ത സാമ്പിള്‍ പരിശോധനയെന്ന് അപ്പോളോ ഹോസ്പിറ്റല്‍സ് ചെയര്‍മാന്‍ ഡോ പ്രതാപ് റെഡ്ഡി പറഞ്ഞു. വര്‍ഷങ്ങളായി അന്തര്‍ദേശീയ തലത്തില്‍ തുടരുന്ന പഠനങ്ങളുടേയും പരീക്ഷണങ്ങളുടേയും ഫലമായാണ് ഇത്തരം ഒരു പരിശോധനാരീതി വികസിപ്പിച്ച് എടുത്തതെന്ന് ഡാറ്റര്‍ ക്യാന്‍സര്‍ ജെനറ്റിക്സ് ചെയര്‍മാന്‍ രാജന്‍ ഡാറ്റര്‍ പറഞ്ഞു.
Also Read; 'നിങ്ങൾ എന്‍റെ ഹീറോയാണ്': സ്‌തനാർബുദത്തെ തോൽപ്പിച്ച് മഹിമ ചൗധരി; വീഡിയോയുമായി അനുപം ഖേർ
ആഗോളതലത്തിൽ സ്ത്രീകൾക്കിടയിൽ കാണുന്ന ഏറ്റവും സാധാരണമായ മാരകരോഗമാണ് സ്തനാർബുദം. 2020 വരെ ലോകത്ത് ഏറ്റവും കൂടുതല്‍ ഉള്ളത് ശ്വാസകോശ അര്‍ബുദമായിരുന്നെങ്കില്‍ ഇപ്പോഴത് സ്തനാര്‍ബുദമാണ്. ഏകദേശം 2.3 ദശലക്ഷം പുതിയ കേസുകളാണ് അടുത്തിടെ കണ്ടെത്തിയത്.
മൊത്തം ക്യാന്‍സര്‍ കേസുകളുടെ 11.7 ശതമാനം ആണിത്. എപ്പിഡെമിയോളജിക്കൽ പഠനങ്ങൾ കാണിക്കുന്നത് 2030-ഓടെ ആഗോളതലത്തിൽ സ്തനാർബുദ രോഗികള്‍ ഏകദേശം 2 ദശലക്ഷം കവിയുമെന്നാണ്.
രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് 50 ശതമാനം വളര്‍ച്ചയാണുള്ളത്. രാജ്യത്ത് മൊത്തം ക്യാന്‍സര്‍ രോഗികളുടെ 13.5 ശതമാനം സ്തനാര്‍ബുദമാണ്. ഇതില്‍ 10.6 ശതമാനം പേര്‍ മരിക്കുന്നു. നേരത്തെ അറിഞ്ഞാല്‍ ചികിത്സയിലൂടെ രോഗം മാറ്റാന്‍ കഴിയുമെന്നും അപ്പോളോ അറിയിച്ചു.