മുംബൈ: കൊവിഡ് പകർച്ചവ്യാധി നേരിടുന്നതിന് പകരം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ എങ്ങനെ വിജയിക്കുമെന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ശിവസേന. പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെത്തുടർന്ന് ബിജെപി നേതൃത്വം ഉത്തർപ്രദേശിലേക്ക് ശ്രദ്ധ തിരിക്കുകയാണെന്ന് ശിവസേന മുഖപത്രമായ 'സാമ്ന'യിൽ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ 'മിഷൻ ഉത്തർപ്രദേശ്' ചർച്ച ചെയ്യുന്നതിനായി യോഗം ചേർന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. രാജ്യത്തെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ച മട്ടാണ് ബിജെപിക്ക്. ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കണം. വോട്ടെടുപ്പിൽ വിജയിക്കാൻ വമ്പിച്ച റാലികളും റോഡ്ഷോകളും നടത്താനാണ് ബിജെപി ലക്ഷ്യം.
Also Read: ലോക്ക്ഡൗൺ നിയമലംഘനം; ഹൈദരാബാദില്‍ പ്രതിദിനം 7,000 കേസുകളെന്ന് പൊലീസ് കമ്മീഷണർ
പാർലമെന്‍ററി ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പ് പ്രധാനമാണെന്നതിൽ സംശയമില്ല, പക്ഷേ നിലവിലെ സാഹചര്യത്തിൽ വോട്ടെടുപ്പിന് മുൻഗണനയുണ്ടോ എന്നും സാമ്‌നയിലെ ലേഖനത്തില്‍ പറയുന്നു. യുപിയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാൻ ബിജെപിയ്‌ക്ക് സാധിച്ചില്ല. നിയമസഭ തെരഞ്ഞെടുപ്പിൽ എങ്ങനെ വിജയിക്കാം എന്നതാണ് ബിജെപിയുടെ ലക്ഷ്യം. നേരത്തെ അസം, പശ്ചിമ ബംഗാൾ, മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പശ്ചിമ ബംഗാളിൽ എട്ട് ഘട്ടങ്ങളിലായിട്ടാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇത് സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നതിന് കാരണമായെന്നും സാമ്‌നയില്‍ പറയുന്നു. കൊവിഡിനെ നേരിടാൻ സർക്കാർ വേണ്ട നടപടികൾ സ്വീകരിച്ചില്ലെങ്കിൽ യുപിയിലെ ഗംഗ നദിയിൽ ഇനിയും മൃതദേഹങ്ങൾ നിറയുമെന്നും 'സാമ്ന'യിൽ പറയുന്നു.