മുംബൈ: അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. നിലവിൽ സംസ്ഥാനം ഭരിക്കുന്ന മഹാ വികാസ് അഘാഡിയിൽ വിള്ളൽ രൂക്ഷമാകുന്നതിനിടെയാണ് ഫഡ്നവിസിന്‍റെ പ്രതികരണം.
അടുത്ത തെരഞ്ഞെടുപ്പിൽ സഖ്യം ഉണ്ടാക്കുമോ എന്നത് വ്യക്തമാക്കേണ്ടത് മഹാ വികാസ് അഖാഡിയെന്നും മുൻ മുഖ്യമന്ത്രി പറഞ്ഞു. വരാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിനെ ചൊല്ലി നിലവിൽ സഖ്യത്തിൽ അഭിപ്രായ വ്യത്യാസം രൂക്ഷമാണ്.
"അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും. മഹാ വികാസ് അഘാഡിയാണ് സഖ്യത്തെ കുറിച്ച് വ്യക്തമാക്കേണ്ടത്. ആരേയാണ് പൂച്ചെണ്ട് നൽകി സ്വീകരിക്കുന്നത്, ആരെയാണ് ചെരുപ്പ് എറിഞ്ഞ് തിരസ്കരിക്കുന്നത് എന്ന് വ്യക്തമാക്കേണ്ടെത് മഹാ വികാസ് അഘാഡിയാണ്", ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
"ബിജെപി ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ജനക്ഷേമമാണ് ബിജെപിയുടെ മുഖ്യ അജണ്ട", ഫഡ്നാവിസ് കൂട്ടിച്ചേർത്തു.
നാനാ പടോലിന്‍റെ പ്രസ്താവന
മഹാ വികാസ് അഘാഡി സ്ഥിരം സംവിധാനമല്ലെന്നും എല്ലാ പാര്‍ട്ടികള്‍ക്കും സ്വന്തമായി അടിത്തറ ശക്തിപ്പെടുത്തുന്നതിനുള്ള അവകാശമുണ്ടെന്നും മഹാരാഷ്ട്ര കേൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ പറഞ്ഞിരുന്നു. സംസ്ഥാനത്ത് വരാനിരിക്കുന്ന മുംബൈ സിവിക് ബോഡി തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് നാനാ പടോലെ പറഞ്ഞിട്ടുണ്ട്. ഹൈക്കമാൻഡ് അനുവദിച്ചാല്‍ താനായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതേ തുടർന്ന് സഖ്യത്തിൽ അഭിപ്രായ വ്യത്യാസം പുകയുകയാണ്.
ഉദ്ദവിന്‍റെ മറുപടി
നാനാ പടോലെയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും എത്തിയിരുന്നു. ചിലർ അടുത്ത തെരഞ്ഞെടുപ്പുകളിൽ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് ആഹ്വാനം ചെയ്‌തിരിക്കുകയാണ്. എല്ലാവർക്കും ഒറ്റയ്‌ക്ക് മത്സരിക്കാനുള്ള അവകാശമുണ്ട്. ഞങ്ങൾക്കും അത്തരമൊരു പ്രഖ്യാപനം നടത്താൻ സാധിക്കും. ശിവസേന ആരുടെയും പല്ലക്ക് വഹിക്കില്ല. സ്വന്തം കാലിൽ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നീതിക്കായുള്ള അവകാശത്തിനുവേണ്ടിയാണ് ശിവസേന ജനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ശിവസേനയുടെ വാർഷികദിനാചരണത്തില്‍ പാർട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തായിരുന്നു താക്കറെയുടെ പ്രതികരണം.
Read More: 'ശിവസേന ആരുടെയും പല്ലക്ക് വഹിക്കില്ല' ; കോണ്‍ഗ്രസിന് മറുപടിയുമായി ഉദ്ധവ് താക്കറെ
കോണ്‍ഗ്രസ്-ശിവസേന-എന്‍.സി.പി. പാര്‍ട്ടികളാണ് മഹാ വികാസ് അഘഡിയിലുള്ളത്. ബിജെപിയുടെ ഏറ്റവും പഴയ സഖ്യകക്ഷികളിലൊന്നായ ശിവസേന, മഹാ വികാസ് അഘാടി സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി 2019 ലെ സംസ്ഥാന തെരഞ്ഞെടുപ്പിനുശേഷം എന്‍സിപിയുമായും കോണ്‍ഗ്രസുമായും സഖ്യം ഉണ്ടാക്കുകയായിരുന്നു.
മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്ന വിഷയത്തിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ബിജെപിയുമായുള്ള സഖ്യത്തില്‍ നിന്ന് സേന വേര്‍പിരിഞ്ഞത്.