ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന സർക്കാരിന്‍റെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ച് ബിജെപി. നേതാക്കളില്‍ നിന്ന് നിര്‍ദേശങ്ങള്‍ തേടാനാണ് തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന്‍റെയും കൊവിഡ് കൈകാര്യം ചെയ്യുന്നതിനെച്ചൊല്ലി ചില കോണുകളില്‍ നിന്നുയരുന്ന മുറുമുറുപ്പിന്‍റെയും പശ്ചാത്തലത്തിലാണ് തീരുമാനം.
നീക്കം തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഒഴിവാക്കാന്‍
കൊവിഡ് സാഹചര്യം കൈകാര്യം ചെയ്തതിലെ പാളിച്ച, അടുത്തിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങൾ, സർക്കാരും പാർട്ടിയും തമ്മിലുള്ള ഏകോപനം തുടങ്ങിയ വിഷയങ്ങളിലാണ് നിര്‍ദേശങ്ങള്‍ തേടുന്നത്. സംസ്ഥാന നേതാക്കളിൽ നിന്നും യോഗി ആദിത്യനാഥ് സർക്കാരിലെ മന്ത്രിമാരിൽ നിന്നും ലഭിക്കുന്ന പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ പുതിയ തന്ത്രങ്ങള്‍ രൂപപ്പെടുത്തി സംസ്ഥാന സർക്കാരിന്‍റെ പ്രതിച്ഛായ മെച്ചപ്പെടുത്താമെന്നും നിലവിലെ പ്രശ്‌നങ്ങൾങ്ങള്‍ക്ക് പരിഹാരം കാണാമെന്നുമാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.
Also read: ഉത്തര്‍പ്രദേശിലെ കൊവിഡ് കണക്കുകൾ വ്യത്യസ്തം: തെളിവുകള്‍ നിരത്തി ഇടിവി ഭാരത്
കൊവിഡിലെ വീഴ്ചകളില്‍ നേതാക്കള്‍ക്ക് അതൃപ്തി
പാർട്ടിയും സർക്കാരും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി ബിജെപി സംഘടന ദേശീയ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ് കഴിഞ്ഞ രണ്ട് ദിവസമായി ലഖ്‌നൗവില്‍ സംസ്ഥാന നേതാക്കളുമായും മന്ത്രിമാരുമായും കൂടിക്കാഴ്‌ച നടത്തിവരികയാണ്. സംസ്ഥാനത്തിന്‍റെ ചുമതലയുള്ള രാധ മോഹൻ സിങ്ങും ബി.എല്‍ സന്തോഷിനൊപ്പമുണ്ട്. കൊവിഡിനെ നേരിടുന്നതിലുണ്ടായ ഏകോപനക്കുറവ് സംബന്ധിച്ച് ചില നേതാക്കള്‍ക്കിടയില്‍ അതൃപ്‌തിയുണ്ട്. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടന തലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും നേതാക്കളുടെ പ്രതികരണങ്ങള്‍ കേന്ദ്രത്തിലെ ഉന്നത നേതൃത്വവുമായി പങ്കുവയ്ക്കുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. 2022 ലാണ് ഉത്തര്‍പ്രദേശില്‍ അടുത്ത നിയമസഭ തെരഞ്ഞെടുപ്പ്. 2017ല്‍ 384 ൽ 312 സീറ്റുകൾ നേടിയാണ് ബിജെപി അധികാരത്തിലേറിയത്.