കൊൽക്കത്ത: വർഗീയ ധ്രുവീകരണത്തിന് മൂർച്ച കൂട്ടുന്നതിനും ഹിന്ദു-മുസ്‌ലിം വോട്ടുകൾ തമ്മിൽ ഭിന്നിപ്പിക്കുന്നതിനുമായി ഒവൈസിയുടെ എഐഐഎമ്മിനെ ബംഗാളിൽ കൊണ്ടുവരാൻ ബി.ജെ.പി കോടികൾ ചെലവഴിച്ചുവെന്ന് മമതാ ബാനർജി. എ.ഐ.ഐ.എം.എം ബിജെപിയുടെ ബി ടീമായാണ് പ്രവർത്തിക്കുന്നതെന്നും മമത ആരോപിച്ചു.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച അഖിലേന്ത്യാ മജ്‌ലിസ് ഇ-ഇത്തിഹാദുൽ-മുസ്‌ലിമീൻ (എ.ഐ.ഐ.എം.എം) അടുത്ത വർഷം നടക്കുന്ന ബംഗാൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്തിടെ സമാപിച്ച ബിഹാർ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിന്‍റെ അതിർത്തിയില്‍ മുസ്ലീം ആധിപത്യമുള്ള സീമാഞ്ചൽ മേഖലയിൽ എ.ഐ.ഐ.എം.എം അഞ്ച് സീറ്റുകൾ നേടിയിരുന്നു. 294 അംഗ പശ്ചിമ ബംഗാൾ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത വർഷം ഏപ്രിൽ-മെയ് മാസങ്ങളിലാണ് നടക്കുന്നത്.